
വരുന്ന വേനൽക്കാലത്ത് ജപ്പാനിലേക്ക് യാത്ര ചെയ്യാൻ മടിച്ച് വിനോദസഞ്ചാരികൾ. അതോടെ ടൂറിസത്തിലൂടെയുള്ള വരുമാനത്തിൽ ഇടിവ് വരുമോ എന്ന ആശങ്കയിലാണ് രാജ്യം. എന്നാൽ, യാത്ര ചെയ്യാതിരിക്കാനുള്ള കാരണമാണ് അതിലും വിചിത്രം. ഒരു കോമിക് ബുക്കിൽ പ്രവചിച്ച ദുരന്തത്തെ പേടിച്ചാണത്രെ ആളുകൾ ജപ്പാനിലേക്ക് പോകാൻ മടിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ബുക്കിംഗുകൾ 50 ശതമാനം വരെ കുറഞ്ഞതായിട്ടാണ് പറയുന്നത്. അതിന് കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നതാവട്ടെ 'ദി ഫ്യൂച്ചർ ഐ സോ' എന്ന മാംഗ ഗ്രാഫിക് നോവലിനെയാണ്.
1999 -ൽ റിയോ ടാറ്റ്‌സുകി പ്രസിദ്ധീകരിച്ച പ്രസ്തുത കോമിക്കിൽ, ഒരു വലിയ ഭൂകമ്പം വരുമെന്നും അത് നിരവധി സുനാമി തിരമാലകൾക്ക് കാരണമാകുമെന്നും ജപ്പാനെ വിഴുങ്ങുമെന്നുമാണ് പറഞ്ഞിരിക്കുന്നത്. 2025 ജൂലൈയിലാണ് ഈ ദുരന്തം നടക്കുക എന്നും പുസ്തകത്തിൽ പറയുന്നു.
ഫോർവേഡ്കീസ് ഡാറ്റയുടെ ബ്ലൂംബെർഗ് ഇന്റലിജൻസ് അനാലിസിസ് പ്രകാരം, ഏപ്രിൽ മുതൽ ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള എയർലൈൻ ബുക്കിംഗുകൾ കുറഞ്ഞു എന്നാണ് പറയുന്നത്. ഹോങ്കോംഗ് വിമാന സർവീസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശരാശരി 50 ശതമാനം കുറഞ്ഞതായും പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, ഈ കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് ഉദ്യോഗസ്ഥർ വിനോദസഞ്ചാരികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മാത്രമല്ല, നിലവിലുള്ള ശാസ്ത്രീയ രീതികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭൂകമ്പങ്ങളുടെ കൃത്യമായ സമയമോ, ശക്തിയോ ഒന്നും തന്നെ പ്രവചിക്കാൻ കഴിയില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു.
അതേസമയം, ജപ്പാനിൽ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഓരോ വർഷവും എത്താറുള്ളത്. ഏപ്രിലിൽ 3.9 ദശലക്ഷം വിദേശ സഞ്ചാരികൾ എത്തി എന്നാണ് കണക്കുകൾ പറയുന്നത്. ഈ വർഷം പുസ്തകത്തിലെ പ്രവചനം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുമോ എന്ന ആശങ്കയിലാണ് രാജ്യം.