ചൂതാട്ട കമ്പനിയുടെ 'പരസ്യതന്ത്രം', യുഎസ് നടന്‍റെ 'കിഡ്നി സ്റ്റോൺ' ലേലത്തിൽ പോയത് 75,000 ഡോളറിന്!

Published : Oct 14, 2026, 08:32 AM IST
william shatner

Synopsis

ഹോളിവുഡ് നടൻ വില്യം ഷാറ്റ്നർ തന്‍റെ വൃക്കയിലെ കല്ല് 75,000 ഡോളറിന് ലേലത്തിൽ വിറ്റതിന്‍റെ വിവരങ്ങൾ അടുത്തിടെ വെളിപ്പെടുത്തി. ഈ തുകയും സഹപ്രവർത്തകരുടെ സംഭാവനയും ചേർത്ത് അദ്ദേഹം ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകി. ഒരു കനേഡിയൻ ചൂതാട്ട കമ്പനിയാണ് പരസ്യ തന്ത്രത്തിന്‍റെ ഭാഗമായി ഇത് വാങ്ങിയത്.

ഹോളിവുഡ് നടൻ വില്യം ഷാറ്റ്നറുടെ വൃക്കയിൽനിന്ന് നീക്കം ചെയ്ത ഒരു കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്. 2006 -ലാണ് സംഭവം നടന്നത്. (അന്നത്തെ വിനിമയനിരക്കനുസരിച്ച് ഏകദേശം 30–35 ലക്ഷം രൂപയിലധികം). കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, ഈ വിചിത്രമായ വിൽപ്പനയ്ക്ക് പിന്നിൽ കാരുണ്യത്തിന്‍റെ വലിയൊരു കഥയുണ്ട്. ലേലത്തിലൂടെ ലഭിച്ച തുകയത്രയും പിന്നെ സഹപ്രവർത്തകരുടെ സംഭാവനയും ചേർത്ത് 1 ലക്ഷം ഡോളർ സമാഹരിക്കുകയും ആ പണം ഉപയോഗിച്ച് അമേരിക്കയിലെ ലൂസിയാനയിൽ അഞ്ചംഗ കുടുംബത്തിന് വീടുകൾ വയ്ക്കാൻ സഹായിക്കുകയും ചെയ്തു.

പത്ത് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ

‘സ്റ്റാർ ട്രെക്ക്’ പരമ്പരയിലെ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക് എന്ന കഥാപാത്രത്തിലൂടെ ലോകപ്രശസ്തനായ ഷാറ്റ്നർ, അടുത്തിടെ ‘Dropping Names with Brent and Jonny’ എന്ന യൂട്യൂബ് പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് 2006 -ലെ ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അക്കാലത്ത് അദ്ദേഹം ‘ബോസ്റ്റൺ ലീഗൽ’ എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയായിരുന്നു. സംഭവം നടന്ന് പത്ത് വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന്‍റെ തുറന്ന് പറച്ചിൽ.

ചൂതാട്ട കമ്പനിയുടെ 'പരസ്യ തന്ത്രം'

കിഡ്നി സ്റ്റോൺ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിന് ഏകദേശം ഒരാഴ്ചയ്ക്കുശേഷം ഒരു കനേഡിയൻ ചൂതാട്ട കമ്പനി ഷാറ്റ്നറെ ബന്ധപ്പെട്ടു. പരസ്യം ചെയ്യുന്നതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ, വ്യത്യസ്തമായ മാർഗത്തിലൂടെ ശ്രദ്ധ നേടാനായിരുന്നു കമ്പനിയുടെ ശ്രമമെന്നാണ് അദ്ദേഹം ഷോയിൽ വിശദീകരിച്ചത്. അതിനായി അവർ ഷാറ്റ്നറിന്‍റെ കിഡ്നി സ്റ്റോൺ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചു. എന്നാൽ അതിനകം അത് ഉപേക്ഷിക്കപ്പെട്ടിരിക്കാമെന്ന് കരുതിയ ഷാറ്റ്നർ ഡോക്ടറെ കണ്ടു. ഡോക്ടറിൽനിന്ന് അദ്ദേഹം നീക്കം ചെയ്ത കല്ല് തിരികെ വാങ്ങി കമ്പനിക്ക് കൈമാറിയതോടെ അത് ലേലത്തിലെത്തി. ഒടുവിൽ 75,000 ഡോളറിന് ഷാറ്റ്നറിന്‍റെ കിഡ്മിയിൽ നിന്നും നീക്കം ചെയ്ത കല്ല് ലേലത്തിൽ പോയി.

പണം ചാരിറ്റിക്ക്

അതേസമയം കമ്പനി 25,000 ഡോളറിന് ഷാറ്റ്നറിൽ നിന്നും കിഡ്നി സ്റ്റോൺ വാങ്ങിയ ശേഷം ലേലത്തിൽ വയ്ക്കുകയും അവിടെ വച്ച് അത് 75,000 ഡോളറിന് ലേലം കൊള്ളുകയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഒരു കിഡ്നി സ്റ്റോൺ ഇത്രയേറെ വിലയ്ക്ക് ലേലം കൊണ്ടത് വലിയ വാർത്തയായി. ചൂതാട്ട കമ്പനിയുടെ പേര് വാർത്തകളിൽ നിറഞ്ഞു നിന്നു. പക്ഷേ ഷാറ്റനറിന് പദ്ധതി മറ്റൊന്നായിരുന്നു. ആ പണം അദ്ദേഹം വീടില്ലാത്തവർക്കൊരു വീടൊരുക്കാൻ ഉപയോഗിക്കാൻ തീരുമാനിച്ചു. ഷാറ്റനറിന്‍റെ ആഗ്രഹം അറിഞ്ഞ ‘ബോസ്റ്റൺ ലീഗൽ’ താരങ്ങൾ 25,000 ഡോളർ കൂടി സംഭാവന ചെയ്തു. അങ്ങനെ ലഭിച്ച ഒരു ലക്ഷം ഡോളർ ഷാറ്റനർ, ‘ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി’ എന്ന ചാരിറ്റിക്ക് കൈമാറി. ഭവനരഹിതർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വീടുകൾ ഒരുക്കുന്ന സന്നദ്ധസംഘടനയാണിത്. നിലവിൽ ആ പണം ഉപയോഗിച്ച് ലൂസിയാനയിൽ നിർമ്മിച്ച അഞ്ച് വീടുകൾ ഭവനരഹിതർക്ക് വിതരണം ചെയ്തെന്നും ഷാറ്റ്നർ ഷോയിൽ പറഞ്ഞു.

‘ബോസ്റ്റൺ ലീഗൽ’ എന്ന സീരീസ് 2004 മുതൽ 2008 വരെയാണ് സംപ്രേഷണം ചെയ്തത്. ജെയിംസ് സ്പേഡർ, ലേക്ക് ബെൽ, ജൂലി ബോവൻ തുടങ്ങിയവരും പരമ്പരയിൽ അഭിനയിച്ചിരുന്നു. 95-കാരനായ ഷാറ്റ്നറുടെ പുതിയ ഓർമക്കുറിപ്പായ ‘William Shatner… And You’ ഓഗസ്റ്റ് 31 -ന് പുറത്തിറങ്ങിയിരുന്നു. ആരാധകരുമായുള്ള ബന്ധവും അവരുടെ അനുഭവങ്ങളുമാണ് പുസ്തകത്തിലെ പ്രധാന പ്രമേയങ്ങളിലൊന്ന്.

PREV
Read more Articles on
click me!

Recommended Stories

വിമാനത്തിൽ മൂട്ട ശല്യം; ഓസ്ട്രേലിയയിൽ നിന്നുള്ള ക്വാണ്ടാസ് സർവീസ് റദ്ദാക്കി
എന്തുകൊണ്ട് ​ദുർ​ഗാ പൂജ സ്പെഷ്യലാണ്, നേരിട്ടറിഞ്ഞ് യു എസ് അംബാസഡർ