
കോളേജ് ടോപ്പറായിട്ടും അനുയോജ്യമായ ഇന്റേൺഷിപ്പ് കണ്ടെത്താൻ കഴിയാത്തതിലുള്ള നിരാശ പങ്കുവെച്ച് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിനി. വിദ്യാർത്ഥിനിയുടെ തുറന്നുപറച്ചിൽ ഓൺലൈനിൽ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ബിസ്മ ഫരീദ് എന്ന വിദ്യാർത്ഥിനിയാണ് തനിക്ക് 50 -ലധികം സർട്ടിഫിക്കറ്റുകളും 10-ലധികം മെഡലുകളും 10 -ലധികം ട്രോഫികളും സ്വന്തമായി ഉണ്ടെങ്കിലും തനിക്ക് അനുയോജ്യമായ ഇന്റേൺഷിപ്പ് കണ്ടെത്താൻ സാധിക്കുന്നില്ല എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെച്ചത്. ഡൽഹിയിലെ ഹൻസ്രാജ് കോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ബിസ്മ.
ബിസ്മയുടെ പോസ്റ്റിൽ അവൾ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്; ഞാൻ ഒരു ടോപ്പറാണ്, എനിക്ക് ഇന്റേൺഷിപ്പ് അവസരം ലഭിക്കുന്നില്ല, മാർക്കുകളേക്കാൾ പ്രധാനമാണ് കഴിവുകൾ. എൻറെ എല്ലാ അധ്യാപകരും ബന്ധുക്കളും പറഞ്ഞത് നീ പഠനത്തിൽ മാത്രം ശ്രദ്ധിക്കുക എന്നാണ്. എന്നാൽ, ജോലി തേടുമ്പോൾ കമ്പനികൾക്ക് ആവശ്യം മാർക്കുള്ളവരെ അല്ല. ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്യമായി ചെയ്യാൻ കഴിവുള്ളവരെയാണ്. എല്ലാം മനപ്പാഠമാക്കുന്നതിൽ അല്ല കാര്യമെന്നും മാന്യമായ മാർക്കോടെ ഭാവിയിലേക്ക് ആവശ്യമായ മറ്റു കഴിവുകൾ കൂടി വളർത്തിയെടുക്കുകയാണ് വേണ്ടതെന്നും തിരിച്ചറിയാൻ വൈകിപ്പോയി.
അങ്ങനെയുള്ളവരെയാണ് കമ്പനികൾ ജോലിക്കായി തിരഞ്ഞെടുക്കുന്നത്. നിങ്ങളുടെ പുസ്തകങ്ങൾ വലിച്ചെറിയണമെന്നോ കത്തിച്ചു കളയണമെന്നോ അല്ല ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്. മറിച്ച് നിങ്ങളുടെ കഴിവുകളെയും വളർത്തണം. എനിക്ക് 50 -ലധികം സർട്ടിഫിക്കറ്റുകളും 10 -ലധികം മെഡലുകളും 10 -ലധികം ട്രോഫികളും സ്വന്തമായി ഉണ്ട് പക്ഷേ അവയിൽ ഒന്നുപോലും ഇന്റേൺഷിപ്പ് അഭിമുഖങ്ങളിൽ എന്നെ സഹായിച്ചില്ല."
വളരെ വേഗത്തിലാണ് ബിസ്മയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേർ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചു. പഠനകാലത്ത് കുട്ടികളെ സിലബസിൽ മാത്രം തളച്ചിടാതെ ഭാവിയിലേക്ക് ജീവിക്കാൻ ആവശ്യമുള്ളത് പഠിപ്പിക്കണമെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു.