'ഈ യുവാക്കൾ പലതും ഓഫർ ചെയ്തു, ഐസ്ക്രീം, കൺസേർട്ട് ടിക്കറ്റ് തുടങ്ങി അങ്ങനെ എല്ലാം' എന്നാണ് വ്യാജ പ്രൊഫൈൽ തുടങ്ങിയ യുവാവ് പറയുന്നത്. എന്നാൽ, 12 മണിക്കൂർ കഴിഞ്ഞപ്പോൾ ബംബിൾ ഈ വ്യാജപ്രൊഫൈൽ തങ്ങളുടെ ആപ്പിൽ നിന്നും നീക്കം ചെയ്തു.
ബംബിൾ ഡേറ്റിംഗ് ആപ്പ് വച്ച് ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ് നടത്തിയ പരീക്ഷണമാണ് ഇപ്പോൾ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. ‘@infinozz’ എന്ന യൂസറാണ് എക്സിൽ ഈ അനുഭവം പങ്കുവച്ചിരിക്കുന്നത്. താൻ ബോറടിച്ചിരുന്നപ്പോൾ ഓപ്പൺ എഐയുടെ GPT-4o പരീക്ഷിക്കാൻ തീരുമാനിച്ചു എന്ന് യുവാവ് പറയുന്നു. അതുവഴി ശരിക്കും ഉള്ളതെന്ന് തോന്നുന്ന ഒരു യുവതിയുടെ ചിത്രം നിർമ്മിച്ചെടുക്കുകയായിരുന്നു യുവാവ്.
എന്നാൽ, പിന്നീട് അയാൾ ചെയ്തത് കുറച്ച് കൂടിയ കാര്യമാണ്. ഈ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് അയാൾ ഒരു ബംബിൾ പ്രൊഫൈലും ഉണ്ടാക്കി. എന്നാൽ, യുവാവിനെ പോലും ഞെട്ടിച്ചുകൊണ്ട് അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ 2,750 ലൈക്കും നൂറുകണക്കിന് സൂപ്പർസ്വൈപ്പും ഉണ്ടായി. മാത്രമല്ല, ഈ വ്യാജപ്രൊഫൈലിലെ സ്ത്രീയെ പുകഴ്ത്തിക്കൊണ്ടുള്ള മെസ്സേജുകളും വന്നു ധാരാളം.
'ഈ യുവാക്കൾ പലതും ഓഫർ ചെയ്തു, ഐസ്ക്രീം, കൺസേർട്ട് ടിക്കറ്റ് തുടങ്ങി അങ്ങനെ എല്ലാം' എന്നാണ് വ്യാജ പ്രൊഫൈൽ തുടങ്ങിയ യുവാവ് പറയുന്നത്. എന്നാൽ, 12 മണിക്കൂർ കഴിഞ്ഞപ്പോൾ ബംബിൾ ഈ വ്യാജപ്രൊഫൈൽ തങ്ങളുടെ ആപ്പിൽ നിന്നും നീക്കം ചെയ്തു. എന്നാൽ, അപ്പോഴേക്കും തന്റെ ഈ പരീക്ഷണത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ മനസിലാക്കി എന്നാണ് യുവാവ് പറയുന്നത്.
അതിൽ പ്രധാനമായും പറയുന്നത്, ഈ ഡേറ്റിംഗ് ആപ്പുകളിൽ കാണുന്ന ആയിരക്കണക്കിന് പുരുഷന്മാർ തനിച്ചാണ്, അവർ ഏകാന്തത അനുഭവിക്കുകയാണ് എന്നാണ്. ഒപ്പം ഇവർ വൈകാരികമായി മോശം അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നും യുവാവ് പറയുന്നു. ഇതിനെ ഒരു 'മഹാദുരന്തം' എന്നാണ് യുവാവ് വിശേഷിപ്പിക്കുന്നത്.
യുവാവിന്റെ പോസ്റ്റിന് പ്രതികരണവുമായി അനേകങ്ങളാണ് എത്തിയത്. ഇത് ശരിക്കും ഭയാനകം തന്നെ എന്ന് പറഞ്ഞവരുണ്ട്. ഡേറ്റിംഗ് ആപ്പിൽ സ്വൈപ്പ് ചെയ്യാനായി മാത്രം ബെംഗളൂരുവിൽ എത്തുന്ന യുവാക്കളുണ്ട് എന്ന് കമന്റ് നൽകിയവരും ഉണ്ട്.
