അമ്മയ്ക്ക് അസുഖം, ജീവനക്കാരിക്ക് 1 മാസത്തെ ശമ്പളത്തോട് കൂടിയ അവധി നൽകി കമ്പനി, സ്ഥാപകന്റെ പോസ്റ്റ് വൈറൽ

Published : Jan 17, 2026, 12:54 PM IST
Divye Agarwal

Synopsis

അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ പരിചരിക്കാനായി ജീവനക്കാരിക്ക് ഒരുമാസത്തെ ശമ്പളത്തോട് കൂടിയ അവധി നല്‍കിയതായി സ്ഥാപകന്‍റെ പോസ്റ്റ്. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ അവര്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ ജോലി ചെയ്തെന്നും പോസ്റ്റില്‍ പറയുന്നു.

ലോകത്ത് പല ഭാ​ഗങ്ങളിലും കമ്പനികൾ തൊഴിലാളി വിരുദ്ധ നടപടികൾ സ്വീകരിക്കുന്നതിനിടയിൽ ഒരു സ്ഥാപകൻ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമ്മയുടെ അസുഖത്തെ തുടർന്ന് ഒരു ജീവനക്കാരിക്ക് ഒരുമാസത്തെ ശമ്പളത്തോടു കൂടിയ ലീവ് അനുവദിച്ചതിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഒരുമാസം കഴിഞ്ഞപ്പോൾ അവർ കൂടുതൽ ഊർജ്ജത്തോടെ ജോലിക്ക് വന്നതായിട്ടും പോസ്റ്റിൽ പറയുന്നു. സോഷ്യൽ മീഡിയ ​ഗ്രോത്ത് കമ്പനിയായ Bingelabs -ന്റെ സഹസ്ഥാപകനായ ദിവ്യേ അഗർവാളാണ് ഈ കുറിപ്പ് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്. ‘കഴിഞ്ഞ വർഷം ടീമിലെ ഒരാൾക്ക് ഒരു മാസത്തെ അവധി ആവശ്യമായി വന്നു. അവരുടെ അമ്മയ്ക്ക് അസുഖമായിരുന്നു. അമ്മയെ മുഴുവൻ സമയവും പരിചരിക്കേണ്ടതുണ്ടായിരുന്നു’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

താൻ വൈകുന്നേരം ജോലി ചെയ്യാമെന്നും ജോലി ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകൾ കൈകാര്യം ചെയ്യാമെന്നും അവർ അറിയിക്കുകയും ചെയ്തുവത്രെ. എന്നാൽ, മാനേജ്മെന്റ് അവരോട് പറഞ്ഞത്, ഒരുമാസം ലീവ് എടുത്തോളൂ എന്നാണ്. മാത്രമല്ല, ആ മുഴുവൻ മാസത്തെ ശമ്പളം നൽകുമെന്നും അറിയിച്ചു. അത് കേട്ടതോടെ ജീവനക്കാരി ആകെ അമ്പരന്നുപോയി. ഈ തീരുമാനം കാരണം അവരുടെ രണ്ട് പ്രോജക്ടുകൾ വൈകിയതായി ദിവ്യേ അ​ഗർവാൾ പറയുന്നു. എന്നാൽ, ജീവനക്കാരി ജോലിക്ക് ഒരുമാസത്തിന് ശേഷം തിരികെ വന്നപ്പോൾ, കമ്പനി ഈ വർഷം ചെയ്തവയിൽ തന്നെ ഏറ്റവും മികച്ച വർക്കുകളിൽ ചിലത് ആ ജീവനക്കാരി ചെയ്തിരുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. അത് എന്തെങ്കിലും കടപ്പാട് കാരണമല്ല അവർ ചെയ്തത്, പകരം തങ്ങൾ അവരെ പിന്തുണക്കുന്നുവെന്ന് വെറുതെ പറഞ്ഞതല്ല എന്ന് മനസിലായപ്പോഴാണ് എന്നും പോസ്റ്റിൽ പറയുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ദിവ്യേ അ​ഗർവാളിനെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും. ഇന്ത്യൻ കമ്പനികളിൽ പലതിനും എന്താണ് വർക്ക് ലൈഫ് ബാലൻസ് എന്ന് അറിയാത്ത അവസ്ഥയാണ്. ജീവനക്കാർക്ക് അസുഖം വന്നാൽ പോലും അവധി നൽകാത്ത സ്ഥാപനങ്ങളുണ്ട്. മനുഷ്യത്വരഹിതമായ നടപടികൾ മാത്രം പിന്തുടരുന്ന കമ്പനികളുമുണ്ട്. അതിനിടയിൽ വേറിട്ട് നിൽക്കുന്ന അനുഭവം പറയുന്ന പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ ഈ വീട് വിട്ട് പോവുകയാണ്, അവ വന്നാൽ ദയയോടെ പെരുമാറണം'; പഴയ വാടകക്കാരൻ പുതിയ വാടകക്കാരനെഴുതിയ കത്ത്
130 വർഷം പഴക്കമുള്ള വീട് വാങ്ങി, വീട്ടിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി ഒരു കത്ത്, ഞെട്ടിപ്പോയി!