എന്തൊരു ക്രൂരത; കാൻസർ ചികിത്സയ്ക്കുപോലും അവധിയില്ല, ലക്ഷങ്ങളുടെ ജോലി ഉപേക്ഷിച്ച് യുവാവ്

Published : Jan 30, 2026, 03:14 PM IST
man, tired

Synopsis

മസ്തിഷ്കാർബുദത്തിന് ചികിത്സ തേടിയ അമേരിക്കൻ യുവാവിന് കമ്പനി അവധി നിഷേധിച്ചു. പ്രതിഷേധിച്ച് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി രാജിവെച്ച് യുവാവ്. ടൈലർ വെൽസ് എന്ന യുവാവാണ് തന്‍റെ അനുഭവം എക്സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കുന്നത്. 

മാരകമായ രോഗാവസ്ഥയിൽ ചികിത്സ തേടുന്ന ജീവനക്കാരനോട് തൊഴിലുടമ കാട്ടിയ കടുത്ത അവഗണനയെത്തുടർന്ന് അമേരിക്കൻ യുവാവ് തന്റെ ഉയർന്ന ശമ്പളമുള്ള ജോലി രാജിവെച്ചു. മസ്തിഷ്കാർബുദത്തിന് ചികിത്സയിലായിരുന്ന ടൈലർ വെൽസ് എന്ന യുവാവാണ്, മാനുഷിക പരിഗണന നൽകാത്ത കമ്പനിയുടെ നിലപാടിൽ പ്രതിഷേധിച്ച് ആറക്ക ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ചത്.

2024 -ലാണ് ടൈലർ വെൽസിന് അർബുദം സ്ഥിരീകരിക്കുന്നത്. തുടർന്ന് കീമോതെറാപ്പി ചികിത്സയ്ക്കായി അദ്ദേഹം തന്റെ കമ്പനിയോട് മാസത്തിൽ രണ്ടു മുതൽ മൂന്ന് ദിവസം വരെ അവധി ആവശ്യപ്പെട്ടു. കമ്പനിയിൽ 'അൺലിമിറ്റഡ് പി.ടി.ഒ' എന്ന പേരിൽ നിയന്ത്രണങ്ങളില്ലാത്ത അവധി നയം നിലവിലുണ്ടായിട്ടും അദ്ദേഹത്തിന് അവധി നിഷേധിക്കപ്പെടുകയായിരുന്നു.

ചികിത്സയ്ക്കായി ഇത്തരത്തിൽ അവധി ചോദിക്കുന്നത് കമ്പനിയുടെ നയത്തിന്റെ ദുരുപയോഗമാണെന്ന് അധികൃതർ ആരോപിച്ചു. ശമ്പളത്തോടു കൂടിയ അവധിക്ക് പകരം, ശമ്പളമില്ലാത്ത അവധി എടുക്കാനാണ് കമ്പനി നിർദ്ദേശിച്ചത്. ഇതോടെ ചികിത്സാ ഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയിലായി അദ്ദേഹം. രോഗാവസ്ഥ കണക്കിലെടുത്ത് ജോലിഭാരത്തിൽ ചെറിയ ഇളവ് നൽകണമെന്ന ഡോക്ടർമാരുടെ ശുപാർശയും കമ്പനി തള്ളിക്കളഞ്ഞു. തങ്ങൾ നിങ്ങളെ സഹായിക്കാൻ ബാധ്യസ്ഥരല്ല എന്ന ക്രൂരമായ മറുപടിയാണ് എച്ച്ആ‍ർ വിഭാഗത്തിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചത്.

ജോലി രാജിവെച്ച ശേഷം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ച ടൈലർ, രോഗികളായ ജീവനക്കാരെ സംരക്ഷിക്കാൻ മുന്നോട്ട് വെച്ച മൂന്ന് പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്, അസുഖ ബാധിതരായ ജീവനക്കാരോട് കമ്പനികൾ പുലർത്തുന്ന നയങ്ങൾ അടിയന്തരമായി പരിഷ്കരിക്കണം, കാൻസർ ചികിത്സയിലിരിക്കുന്നവർക്ക് പൂർണ്ണ ശമ്പളത്തോടു കൂടിയ അവധി ഉറപ്പാക്കുന്ന കർശന നിയമങ്ങൾ നിർമ്മിക്കണം, ഉൽപ്പാദനക്ഷമതയ്ക്കും ജോലിക്കും അമിത പ്രാധാന്യം നൽകുന്ന കോർപ്പറേറ്റ് സംസ്കാരം മാറി, മനുഷ്യത്വത്തിന് മുൻഗണന നൽകണം.

രോഗബാധിതരായ ആളുകൾ ഇതിനകം തന്നെ ഒരുപാട് ആശങ്കകളിലൂടെയാണ് കടന്നുപോകുന്നതെന്നും അവരെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കരുതെന്നും ടൈലർ കുറിച്ചു. ടൈലറുടെ തുറന്നുപറച്ചിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. കീമോതെറാപ്പി സമയത്ത് കമ്പനിയിൽ നിന്നും സഹായം ലഭിക്കാത്തതിനാൽ താൻ തെരുവിലായ സാഹചര്യം വരെ ഉണ്ടായതായി ഒരാൾ കമന്റ് ചെയ്തു. ഇത്തരം കമ്പനികളുടെ പേര് പരസ്യമായി വെളിപ്പെടുത്തണമെന്നും, ആകർഷകമായ ലീവ് പോളിസികൾ പലപ്പോഴും വെറും തട്ടിപ്പാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.

 

 

നിലവിൽ ഫ്രീലാൻസ് മേഖലയിലേക്ക് തിരിഞ്ഞ ടൈലർ വെൽസ്, തന്നെപ്പോലെയുള്ള രോഗബാധിതരായ ജീവനക്കാരുടെ അവകാശങ്ങൾക്കായി പോരാടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രണ്ടാൾക്കും വരുമാനമുണ്ട്, പക്ഷേ കുഞ്ഞുങ്ങൾ വേണ്ട എന്നാണ് തീരുമാനം, അത് സ്വാതന്ത്ര്യം തരുന്നു; ചർച്ചയായി പോസ്റ്റ്
അവിശ്വസനീയം; 55 ദിവസമായി കോമയിലായ കുട്ടി, കൂട്ടുകാരുടെയും അധ്യാപകരുടെയും ശബ്ദം കേട്ട് കണ്ണ് തുറന്നു