സ്വന്തം സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ലീവ് തന്നില്ല, 4 വർഷമായി ജോലി ചെയ്യുന്ന കമ്പനി, ഇറങ്ങിപ്പോവുകയല്ലാതെ മാര്‍ഗമില്ല, പോസ്റ്റ്

Published : Sep 06, 2025, 06:05 PM IST
woman disappointed

Synopsis

സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കണോ, അതോ ജോലിയാണോ വേണ്ടത് എന്ന ചോദ്യം വന്നപ്പോൾ താൻ അവിടെ നിന്നും ഇറങ്ങാനാണ് തീരുമാനിച്ചത്. ആ തീരുമാനത്തിൽ തെറ്റുണ്ടോ എന്നുമാണ് യുവതിയുടെ ചോദ്യം.

ജോലിസ്ഥലത്തുണ്ടാകുന്ന പല മോശപ്പെട്ട അനുഭവങ്ങളെ കുറിച്ചും തൊഴിൽ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചുമൊക്കെ ആളുകൾ സോഷ്യൽ‌ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ അനുഭവങ്ങൾ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. സ്വന്തം സഹോദരന്റെ വിവാഹത്തിന് പങ്കെടുക്കാൻ‌ ലീവ് ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാരിക്ക് ജോലി രാജി വയ്ക്കേണ്ടുന്ന അവസ്ഥ വരികയായിരുന്നു.

@Chuckythedolll എന്ന റെഡ്ഡിറ്റ് യൂസറാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. നാല് വർഷമായി താൻ ആ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്, അധികജോലി ചെയ്തിട്ടുണ്ട്, ട്രെയിനികളെ പരിശീലിപ്പിച്ചിട്ടുണ്ട്, കമ്പനിയുടെ മോശം സമയങ്ങളിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്തിട്ടുണ്ട് എന്നും പോസ്റ്റിൽ പറയുന്നു. എന്നാൽ, സഹോദരന്റെ വിവാഹം വന്നപ്പോൾ അവൾ 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചു. യുഎസ്സിലായിരുന്നു വിവാഹം. മൂന്നാഴ്ച മുമ്പേ അവധിയെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ, സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാതിരിക്കാം അല്ലെങ്കിൽ രാജി വയ്ക്കാം ഏതാണ് വേണ്ടത് എന്ന് തീരുമാനിക്കാനാണ് കമ്പനി പറഞ്ഞത്.

 

 

സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കണോ, അതോ ജോലിയാണോ വേണ്ടത് എന്ന ചോദ്യം വന്നപ്പോൾ താൻ അവിടെ നിന്നും ഇറങ്ങാനാണ് തീരുമാനിച്ചത്. ആ തീരുമാനത്തിൽ തെറ്റുണ്ടോ എന്നുമാണ് യുവതിയുടെ ചോദ്യം. താൻ കമ്പനിക്കുവേണ്ടി എല്ലാം നൽകി. കമ്പനിക്ക് തന്നെ മനസിലാകുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. രാജിയെ കുറിച്ച് ചിന്തിക്കുകയല്ലാതെ തനിക്ക് മറ്റൊരു വഴിയില്ല എന്നും പോസ്റ്റിൽ പറയുന്നു.

തന്റെ സഹപ്രവർത്തകരും പഴയ ബോസും കമ്പനി ലീവ് തരാത്തതിനെ വിമർശിച്ചതായും യുവതിയുടെ പോസ്റ്റിൽ പറയുന്നു. അനേകങ്ങളാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത്തരം കമ്പനികളേക്കാൾ പ്രാധാന്യം കുടുംബത്തിനാണ് എന്നും രാജി വയ്ക്കുന്നത് തന്നെയാണ് നല്ലത് എന്നുമാണ് പലരും അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

ഔദ്ധ്യോഗിക വസതിയിൽ എസ്എച്ച്ഒ വെടിയേറ്റ് മരിച്ചു, പിന്നാലെ വനിത കോൺസ്റ്റബിൾ കൊലപാതക കുറ്റത്തിന് അറസ്റ്റിൽ; സംഭവം യുപിയിൽ
വസ്ത്രത്തിന് പകരം കൈമാറിയത് മകന്‍റെ തലച്ചോർ; ഇന്ത്യൻ വംശജയായ ശ്മശാന ഡയറക്ടർക്കെതിരെ കേസ്