
പലപ്പോഴും പല സ്ഥാപനങ്ങളും തങ്ങളുടെ ഷിഫ്റ്റ് സമയം കഴിഞ്ഞാലും കൂടുതൽ സമയം ജീവനക്കാരെ ജോലി ചെയ്യാൻ നിർബന്ധിക്കുകയാണ് പതിവ്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഷിഫ്റ്റ് സമയം കഴിഞ്ഞാൽ ഉടൻ ജീവനക്കാരെ വീട്ടിൽ പറഞ്ഞു വിടാൻ തിടുക്കം കൂട്ടുകയാണ് ഒരു കമ്പനി. ഇൻഡോർ ആസ്ഥാനമായുള്ള ഒരു ഐടി കമ്പനിയാണ് ജീവനക്കാരുടെ ഷിഫ്റ്റ് സമയം അവസാനിച്ചയുടൻ അവരുടെ കമ്പ്യൂട്ടർ സംവിധാനങ്ങൾ ഓഫ് ആകുന്ന ഒരു ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കിയത്. കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് സ്പെഷ്യലിസ്റ്റായ തൻവി ഖണ്ഡേൽവാൾ ആണ് ഈ നൂതനാശയത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഓഫീസ് സമയം കഴിയുമ്പോൾ ജീവനക്കാരുടെ കമ്പ്യൂട്ടറുകളിൽ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പിന്റെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ഓരോ ജീവനക്കാരുടെയും ഷിഫ്റ്റ് സമയം കഴിയുന്നതിന് 10 മിനിറ്റ് മുൻപാണ് അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ സ്ക്രീനിൽ മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുക. താങ്കളുടെ ജോലി സമയം അവസാനിക്കാറായി. 10 മിനിറ്റിനുള്ളിൽ താങ്കളുടെ സിസ്റ്റം ഓഫ് ആകും. വേഗം ജോലി അവസാനിപ്പിച്ച് വീട്ടിൽ പോകുക എന്നാണ് കമ്പ്യൂട്ടർ സ്ക്രീൻ തെളിയുന്ന സന്ദേശം. സന്ദേശം വന്ന് 10 മിനിറ്റ് കഴിഞ്ഞാൽ സിസ്റ്റം തനിയെ ഓഫ് ആവുകയും ചെയ്യും. ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരത്തിലൊരു സംവിധാനം തങ്ങളുടെ സ്ഥാപനത്തിൽ നടപ്പിലാക്കിയത് എന്നാണ് തൻവി ഖണ്ഡേൽവാൾ പറയുന്നത്. ഇത്തരത്തിൽ ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണെങ്കിൽ ജീവനക്കാർക്ക് മറ്റൊരു മോട്ടിവേഷന്റെയും ആവശ്യമില്ല എന്നാണ് ഇവർ പറയുന്നത്.
എന്നാൽ, സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്. വളരെ മികച്ച ഒരു തീരുമാനമെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചെങ്കിലും മറ്റൊരു കൂട്ടർ ഇതിനെ നിശിതമായി വിമർശിച്ചു. ഓവർടൈം ചെയ്യേണ്ട സാഹചര്യങ്ങളിൽ ഇത്തരം മണ്ടൻ ആശയങ്ങൾ നടപ്പിലാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും അത് ജീവനക്കാരിൽ കൂടുതൽ സമ്മർദ്ദം ഉണ്ടാക്കും എന്നുമാണ് ഈ ആശയത്തോട് യോജിക്കാത്തവർ ഇതിനെതിരെ പ്രതികരിച്ചത്.