പൊരുതി മരിക്കാനും തയ്യാര്‍, താലിബാന്റെ മുന്നേറ്റത്തിനിടെ ആയുധമെടുത്ത് അഫ്ഗാന്‍ സ്ത്രീകള്‍

By Web TeamFirst Published Jul 9, 2021, 12:22 PM IST
Highlights

കഴിഞ്ഞ ദിവസം നൂറുകണക്കിന് അഫ്ഗാന്‍ സ്ത്രീകള്‍ തോക്ക് ചൂണ്ടി താലിബാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവില്‍ പ്രതിഷേധിച്ചു. വടക്കന്‍, മധ്യ അഫ്ഗാനിസ്ഥാനിലാണ് നൂറുകണക്കിന് സ്ത്രീകള്‍ ആയുധമേന്തി തെരുവുകളിലിറങ്ങിയത്.

അമേരിക്കന്‍ സൈന്യത്തിന്റെ പെട്ടെന്നുള്ള പിന്‍മടക്കവും താലിബാന്റെ തിരിച്ചുവരവും സൃഷ്ടിച്ച അങ്കലാപ്പുകള്‍ക്കിടെ അഫ്ഗാന്‍ സ്ത്രീകള്‍ താലിബാന്‍ വിരുദ്ധ പോരാട്ടത്തിനായി ആയുധമെടുക്കുന്നു. കഴിഞ്ഞ ദിവസം നൂറുകണക്കിന് അഫ്ഗാന്‍ സ്ത്രീകള്‍ തോക്ക് ചൂണ്ടി താലിബാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവില്‍ പ്രതിഷേധിച്ചു. വടക്കന്‍, മധ്യ അഫ്ഗാനിസ്ഥാനിലാണ് നൂറുകണക്കിന് സ്ത്രീകള്‍ ആയുധമേന്തി തെരുവുകളിലിറങ്ങിയത്. മധ്യ ഘോര്‍ പ്രവിശ്യയിലാണ് ഇതില്‍ ഏറ്റവും വലിയ പ്രതിഷേധം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മടക്കം സൃഷ്ടിച്ച അരക്ഷിതാവസ്ഥ തരണം ചെയ്യാനാണ് താലിബാന്റെ തിരിച്ചുവരവിനെതിരെ സ്ത്രീകള്‍ ആയുധമേന്തിയതെന്ന് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകളില്‍ താലിബാന്‍ അതിവേഗം നിയന്ത്രണം ഏറ്റെടുക്കുകയാണ്. അഫ്ഗാന്‍ സൈന്യത്തിന് കടുത്ത തിരിച്ചടി നല്‍കി താലിബാന്‍ ഗ്രാമനഗരങ്ങള്‍ കൈയടക്കുന്ന സാഹചര്യത്തില്‍, രാജ്യം മറ്റൊരു പ്രതിസന്ധിയെ മുന്നില്‍ കാണുകയാണ്. വീണ്ടുമൊരു താലിബാന്‍ ഭരണം വന്നാല്‍, തങ്ങളുടെ അവസ്ഥ പരിതാപകരമാവുമന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകള്‍ അടക്കമുള്ള വിഭാഗങ്ങള്‍ ചെറുത്തുനില്‍പ്പിന് ഒരുങ്ങുന്നത്. 

 

 

പതിറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ താലിബാന്‍ വിരുദ്ധ ശക്തികേന്ദ്രമായിരുന്ന വടക്കന്‍ ബദാക്‌സാന്‍ പ്രവിശ്യ ഉള്‍പ്പെടെ നിരവധി ജില്ലകള്‍ താലിബാന്‍ ഇതിനോടകം തന്നെ കീഴടക്കി കഴിഞ്ഞു.  ഗ്രാമപ്രദേശങ്ങളില്‍ അവര്‍ അധികാരം സ്ഥാപിച്ചു മുന്നേറുകയാണ്. താലിബാന്‍ പിടിച്ചെടുത്ത മേഖലകളില്‍, ഇതിനകം തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും, സഞ്ചാര സ്വാതന്ത്ര്യത്തിനും, വസ്ത്രത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പറയുന്നു. ഒരു പ്രദേശത്ത്, സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്ന് ആവശ്യപ്പെട്ട് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 

ഘോറില്‍ നിന്നുള്ള സ്ത്രീകള്‍ തോക്കുചൂണ്ടി തെരുവിലിറങ്ങിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. താലിബാന്റെ യാഥാസ്ഥിതിക നിയമങ്ങള്‍ ഇവിടെ സ്വീകാര്യമല്ലെന്നാണ് അവര്‍ പ്രഖ്യാപിച്ചത്. ബുര്‍ഖയ്ക്ക് പകരം പരമ്പരാഗതമായി ശിരോവസ്ത്രം മാത്രം ധരിക്കുന്നവരാണ് അവിടെയുളള സ്ത്രീകള്‍. വയലുകളിലും ഗ്രാമങ്ങളിലും  പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ജോലി ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ മൃഗങ്ങളെ പരിപാലിക്കുന്നതിനോ, വയലില്‍ പണിയെടുക്കുന്നതിനോ ഒന്നും സ്ത്രീകള്‍ക്ക് അനുവാദമില്ല. പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ താലിബാന്‍ അടച്ചു. പുരുഷ രക്ഷാകര്‍ത്താവില്ലാതെ സ്ത്രീകളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഉത്തരവിട്ടു. വിവാഹത്തിന് പോലും സ്ത്രീകള്‍ ഒത്തുകൂടരുതെന്ന് വിലക്കി. പുരുഷന്മാര്‍ക്ക് മാത്രമേ അത്തരം ചടങ്ങുകളില്‍ ഇനി മുതല്‍ പങ്കെടുക്കാനുള്ള അനുവാദമുള്ളൂ. ഇതിനെതിരായി കൂടിയാണ് പ്രതിഷേധം അരങ്ങേറിയത്. 

 

 

പ്രവിശ്യാ തലസ്ഥാനമായ ഫിറോസ്‌കോയിലെ തെരുവുകളില്‍ ഇറങ്ങിയ സ്ത്രീകളില്‍ ഭൂരിഭാഗവും അടുത്തിടെ താലിബാന്‍ പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരാണ്. അവര്‍ ഇതിനകം തന്നെ താലിബാന്‍ വാഴ്ചയുടെ കെടുതികള്‍ അനുഭവിച്ചവരാണ്. പലര്‍ക്കും പുത്രന്മാരെയും സഹോദരന്മാരെയും നഷ്ടമായി. സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ മുന്‍പരിചയമില്ലാത്ത ആ സ്ത്രീകള്‍ക്ക് ആയുധപരീശിലനം നല്‍കാന്‍ തയ്യാറാണെന്ന് ഘോര്‍ പ്രവിശ്യാ  ഗവര്‍ണര്‍ അബ്ദുല്‍സാഹിര്‍ ഫൈസാദ പറഞ്ഞു. 

യാഥാസ്ഥിതിക ഗ്രാമങ്ങളിലെ സ്ത്രീകള്‍ പോലും മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ്  അടുത്തകാലത്ത് നടന്ന ഒരു സര്‍വേ പറയുന്നത്. പഠിക്കണമെന്നും, ആരെയും ഭയക്കാതെ യാത്ര ചെയ്യണമെന്നും, ജീവിതത്തില്‍ മുന്നേറണമെന്നും ആഗ്രഹിക്കുന്നവരാണ് അവരില്‍ കൂടുതലും. എന്നാല്‍ താലിബാന്‍ ഭരണം സ്ത്രീകളെ വീണ്ടും ആ പഴയ കാലഘട്ടത്തിലേയ്ക്ക് കൊണ്ടുപോയേക്കും എന്നവര്‍ ഭയക്കുന്നു. ''ഒരു സ്ത്രീയും യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ആഗ്രഹം പഠിക്കാനാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്നെയും മറ്റ് സ്ത്രീകളെയും തോക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നു,'' -വടക്കന്‍ ജൗസ്ജാനിലെ ഒരു മാധ്യമപ്രവര്‍ത്തക പറഞ്ഞു. അവരുള്‍പ്പടെ നിരവധി സ്ത്രീകള്‍ പ്രവിശ്യാ തലസ്ഥാനത്ത് നടന്ന ഒരു ദിവസത്തെ ആയുധപരിശീലനത്തില്‍ പങ്കെടുത്തു. വേണമെങ്കില്‍ യുദ്ധത്തില്‍ പങ്കെടുക്കാനും തങ്ങള്‍ തയ്യാറാണെന്നും അവര്‍ പറയുന്നു.

ഇതൊരു വലിയ പ്രതിഷേധമായി മാറുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കിലും, താലിബാന്‍ ഭരണത്തോടുള്ള സ്ത്രീകളുടെ നിലപാട് വ്യക്തമാണ്. തങ്ങള്‍ക്കും, തങ്ങളുടെ കുടുംബത്തിനും ഭീഷണിയായി തീര്‍ന്നേക്കാവുന്ന താലിബാനെ സ്ത്രീകള്‍ ഭയക്കുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ''ചില സ്ത്രീകള്‍ സുരക്ഷാ സേനയ്ക്കുളള പിന്തുണ അറിയിക്കാനാണ് തെരുവില്‍ ഇറങ്ങിയത്. അവരുടെ പ്രതിഷേധം കേവലം പ്രതീകാത്മകമായിരുന്നു. അതേസമയം കൂടുതല്‍ പേരും യുദ്ധക്കളത്തിലേക്ക് പോകാന്‍ തയ്യാറാണ്,'' ഘോറിലെ വനിതാ ഡയറക്ടറേറ്റിന്റെ മേധാവി ഹലിമ പാരസ്തിഷ് പറഞ്ഞു.  

 

........................................

20 വര്‍ഷമായി സ്ത്രീകള്‍ അഫ്ഗാനിസ്ഥാന്റെ സുരക്ഷാ സേനയുടെ ഭാഗമാണ്.

സ്ത്രീകള്‍ ആയുധമെടുത്ത സംഭവങ്ങള്‍ ഇവിടെ മുന്‍പും ഉണ്ടായിട്ടുണ്ട്. 20 വര്‍ഷമായി സ്ത്രീകള്‍ അഫ്ഗാനിസ്ഥാന്റെ സുരക്ഷാ സേനയുടെ ഭാഗമാണ്. അതേസമയം ഈ പ്രതിഷേധങ്ങളെ തള്ളിക്കളയുകയാണ് താലിബാന്‍   ചെയ്തത്. ''സ്ത്രീകള്‍ ഒരിക്കലും ഞങ്ങള്‍ക്ക് നേരെ തോക്ക് എടുക്കുകയില്ല. അവര്‍ നിസ്സഹായരാണ്.  പരാജയപ്പെട്ട സൈന്യത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവര്‍ ഈ തീരുമാനം എടുക്കുന്നത്. അവര്‍ക്ക് യുദ്ധം ചെയ്യാന്‍ കഴിയില്ല,''- താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.  

click me!