അർബുദബാധിതനായ നായയുമായി അവന്റെ പ്രിയപ്പെട്ട മലമുകളിലേക്ക് യാത്ര, അപൂര്‍വ സ്നേഹത്തിന്‍റെ കഥ...

By Web TeamFirst Published Jul 8, 2021, 3:39 PM IST
Highlights

ഇനി അവന് അധികദിവസം ബാക്കിയില്ലെന്ന് തിരിച്ചറിഞ്ഞ കാർലോസ് അവനെയും കൊണ്ട് പർവതമുകളിലേക്ക് യാത്ര പുറപ്പെട്ടു. എന്നാൽ അത് എളുപ്പമായിരുന്നില്ല. ചെങ്കുത്തായ വഴികളിലൂടെ ഉന്തുവണ്ടിയിൽ അവനെ താങ്ങിക്കൊണ്ടുപോവുക എന്നത് പ്രയാസകരമായിരുന്നു.

ലണ്ടനിൽ സ്വന്തമായി ഒരു ഹോട്ടൽ നടത്തുകയാണ് 57 -കാരനായ കാർലോസ് ഫ്രെസ്കോ. അദ്ദേഹം തന്റെ പ്രിയപ്പെട്ട നായ മോണ്ടിയുമായി നടത്തിയ ഒരു യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. അത് വെറുമൊരു യാത്രയല്ല, മറിച്ച് അതിന് പിന്നിൽ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്. അവർക്കിരുവർക്കും പ്രിയപ്പെട്ട വെയിൽസിലെ പർവതനിരകളിലേക്കാണ് അവർ പോയത്. എന്നാൽ എപ്പോഴത്തെയും പോലെ അദ്ദേഹത്തിനൊപ്പം ഓടിക്കയറിയിരുന്ന മോണ്ടി അന്ന് പക്ഷേ ഉന്തുവണ്ടിയിലായിരുന്നു. അവന് തീരെ നടക്കാൻ വയ്യായിരുന്നു. കാരണം അവന് കാൻസറായിരുന്നു. ദിവസങ്ങൾ മാത്രമേ അവന്റെ ജീവിതത്തിൽ ബാക്കിയുണ്ടായിരുന്നുള്ളൂ. അങ്ങനെയാണ് അവന് പ്രിയപ്പെട്ട ആ പർവ്വതത്തിലേയ്ക്ക് അവനെയും കൊണ്ട് ഒരിക്കൽ കൂടി യാത്ര പോകാൻ കാർലോസ് തീരുമാനിച്ചതും. ഒരുപക്ഷേ തങ്ങളുടെ ഒരുമിച്ചുള്ള അവസാന യാത്രയാകാമിതെന്ന ധാരണയിൽ അദ്ദേഹം അവനെയും കൊണ്ട് ആ കുത്തനെയുള്ള ചരുവുകളും, കല്ല് നിറഞ്ഞ വഴികളും അല്പം ബുദ്ധിമുട്ടിയാണെങ്കിലും താണ്ടി.  

കുഞ്ഞായിരിക്കുമ്പോഴാണ് മോണ്ടി കാർലോസിന്റെ അടുത്ത് എത്തുന്നത്. അപ്പോൾ മുതൽ അവന്റെ അവസാനം വരെ അവന് എല്ലാം അദ്ദേഹമായിരുന്നു. യുകെയ്ക്ക് ചുറ്റുമുള്ള നീണ്ട കുന്നിൻചരുവുകൾ അവർ ഒരുമിച്ച് നടന്ന് കയറുമായിരുന്നു. കാർലോസ് പോകുന്നിടത്തെല്ലാം അവനും കൂടെക്കാണും. എന്നാൽ 18 മാസം മുമ്പാണ് അവന് ആദ്യമായി കാൻസർ ബാധിച്ചത്. അവന് ചികിത്സ നൽകിയെങ്കിലും, കാര്യമായ ഫലമോന്നുമുണ്ടായില്ല. “ആദ്യമൊക്കെ  മോണ്ടി കീമോതെറാപ്പിയോട് നന്നായി പ്രതികരിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്കുമുമ്പ് അവന്റെ രക്താർബുദം കടുത്തു. അവൻ വേഗത്തിൽ രോഗിയാകാൻ തുടങ്ങി” 57 -കാരൻ പറഞ്ഞു.

ഇനി അവന് അധികദിവസം ബാക്കിയില്ലെന്ന് തിരിച്ചറിഞ്ഞ കാർലോസ് അവനെയും കൊണ്ട് പർവതമുകളിലേക്ക് യാത്ര പുറപ്പെട്ടു. എന്നാൽ അത് എളുപ്പമായിരുന്നില്ല. ചെങ്കുത്തായ വഴികളിലൂടെ ഉന്തുവണ്ടിയിൽ അവനെ താങ്ങിക്കൊണ്ടുപോവുക എന്നത് പ്രയാസകരമായിരുന്നു. പലപ്പോഴും വഴിയിൽ പരിചയപ്പെട്ട ആളുകളോട് അദ്ദേഹം സഹായം തേടുമായിരുന്നു. പലരും അവരുടെ കഥ കേട്ട് കണ്ണീരണിഞ്ഞു. മോണ്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. ആളുകൾ അവനെ സ്നേഹിക്കുന്നതും, കൊഞ്ചിക്കുന്നതുമെല്ലാം അവന് വളരെ ഇഷ്ടമാണ്. എന്നാൽ പക്ഷേ അന്ന് അവരെ ദയനീയമായി ഒന്ന് നോക്കുക മാത്രമാണ് അവൻ ചെയ്തത്. എന്നിരുന്നാലും മുകളിൽ എത്തിയപ്പോൾ അവന് അല്പം സന്തോഷമൊക്കെ തോന്നി. യജമാനന്റെ അടുത്ത് അവൻ ഒന്നും മിണ്ടാതെ കുറെനേരം ആകാശം നോക്കി ഇരുന്നു. പിന്നീട് അവർ ഇരുവരും മടങ്ങി.    

"ആളുകൾ ഞങ്ങളോട് കാണിച്ച ദയ കണ്ട് എനിക്ക് അത്ഭുതം തോന്നി. അപരിചിതർ പരിചയപ്പെടാൻ പോലും താല്പര്യം കാണിക്കാത്ത ഈ കാലത്ത്, അവനെ മുകളിൽ എത്തിക്കാൻ അവരെല്ലാം കാണിച്ച സന്മനസ്സ് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു," അദ്ദേഹം പറഞ്ഞു. തിരികെ എത്തിയ അവർ ഇരുവരും ഒരു സുഹൃത്തിന്റെ വീട്ടിൽ തങ്ങി. എന്നാൽ ദിവസങ്ങൾക്കുള്ളിൽ മോണ്ടിയുടെ ആരോഗ്യം വഷളായി. ജൂൺ 21 ന് യജമാനന്റെ കട്ടിലിന്റെ കാൽക്കൽ തലവച്ച് അവന് എന്നെന്നേക്കുമായി വിട പറഞ്ഞു. മരിക്കുമ്പോൾ അവന് പത്ത് വയസ്സായിരുന്നു. അവന്റെ ശരീരം അദ്ദേഹം വീട്ടിലെ പൂന്തോട്ടത്തിൽ അടക്കം ചെയ്‌തു. 'അവൻ എന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. എന്റെ കുഞ്ഞായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ, ഗുഡ്നൈറ്റ് ലിറ്റിൽ ഫെല്ലോ,' അദ്ദേഹം പറഞ്ഞു. 


 

click me!