പരിസ്ഥിതിയെ വേദനിപ്പിക്കരുത്, ഷിപ്പിങ്ങ് കണ്ടെയിനറുകളുപയോഗിച്ച് വീട് പണിത് സഹോദരങ്ങള്‍; വീട് പണിയുമ്പോള്‍ ചിലത് ശ്രദ്ധിക്കാം

Published : Jul 02, 2019, 04:08 PM IST
പരിസ്ഥിതിയെ വേദനിപ്പിക്കരുത്, ഷിപ്പിങ്ങ് കണ്ടെയിനറുകളുപയോഗിച്ച് വീട് പണിത് സഹോദരങ്ങള്‍; വീട് പണിയുമ്പോള്‍ ചിലത് ശ്രദ്ധിക്കാം

Synopsis

അങ്ങനെയാണ് അവരൊരു വെക്കേഷന്‍ ഹൗസ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. പരിസ്ഥിതിയെ വേദനിപ്പിക്കാത്ത തരത്തിലൊന്നാവണം അതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നഗരത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ അലിബാഗില്‍ അങ്ങനെയാണ് അവരീ വീട് നിര്‍മ്മിക്കുന്നത്. 

ഓരോ വീടുപണിക്കും എങ്ങനെയൊക്കെയാണ് നമ്മള്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അല്ലേ? പലപ്പോഴും ഒന്നോ രണ്ടോ പേരാണ് വീട്ടില്‍ താമസത്തിനുണ്ടാവുകയെങ്കിലും വലിയ വീട് പണിയും. അതിനായി മരം, കല്ല്, മണല്... ഇങ്ങനെ എന്തിനെയൊക്കെയാണ് ചൂഷണം ചെയ്യുന്നത്. എന്നാല്‍, മുംബൈയിലുള്ള ഈ സഹോദരങ്ങള്‍ ഷിപ്പിങ്ങ് കണ്ടെയിനറുകള്‍ പുനരുപയോഗിച്ചാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഷിപ്പിങ്ങ് കണ്ടെയിനറുകള്‍ കേരളത്തിലെത്രമാത്രം സാധ്യമാണ് എന്നത് സംശയമാണെങ്കിലും ഓരോ വീടുകള്‍ പണിയുമ്പോഴും ആവശ്യമുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിക്കുകയും പ്രകൃതിയോട് കരുണ കാണിക്കുകയും ചെയ്യാവുന്നതാണ്. 

വെക്കേഷന്‍ ഹൗസ്... 
സ്വപ്നങ്ങളുടെ നഗരമെന്ന് വിളിക്കപ്പെടുന്ന മുംബൈ... പക്ഷെ, ഇന്ന് അന്തരീക്ഷ മലിനീകരണവും, തിരക്കും, ചൂടുമെല്ലാം പലപ്പോഴായി ഈ നഗരത്തേയും വലക്കാറുണ്ട്. മിഷാലിന്‍റെയും വിശാലിന്‍റെയും കുടുംബവും ഇതില്‍ നിന്നൊന്നും വിട്ടുനില്‍ക്കാന്‍ കഴിയുന്നവരായിരുന്നില്ല. മുംബൈയിലെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന നഗരത്തില്‍ തന്നെയാണ് ഇവരുടേയും താമസം. നല്ല വായുവും, വെള്ളവും, ഭക്ഷണവും കിട്ടുന്നയിടത്ത് താമസിക്കണമെന്ന് തന്നെയായിരുന്നു പക്ഷെ ഇവരുടേയും ആഗ്രഹം. 

അങ്ങനെയാണ് അവരൊരു വെക്കേഷന്‍ ഹൗസ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. പരിസ്ഥിതിയെ വേദനിപ്പിക്കാത്ത തരത്തിലൊന്നാവണം അതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. നഗരത്തില്‍ നിന്നും 90 കിലോമീറ്റര്‍ അകലെ അലിബാഗില്‍ അങ്ങനെയാണ് അവരീ വീട് നിര്‍മ്മിക്കുന്നത്. 

മിഷാല്‍ പര്‍ദിവാലയും മിഖേല്‍ പര്‍ദ്ദിവാലയും വീട് നിര്‍മ്മിക്കുന്നതിനെ കുറിച്ചോര്‍ത്തപ്പോള്‍ എത്തിയത് കണ്ടെയിനറുകളുപയോഗിച്ച് കൊണ്ട് ഒരു വീടെന്ന ചിന്തയിലാണ്. അവര്‍ തന്നെ ആ പ്രൊജക്ട്  ഏറ്റെടുത്തു. പരിസ്ഥിതിയെ ഏറെ ബഹുമാനിച്ചിരുന്ന അവര്‍ രണ്ടുപേരും 2006 -ല്‍ ഉണ്ടായിരുന്ന ജോലി രാജിവെച്ച് പരിസ്ഥിതി സൗഹാര്‍ദ്ദ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന 'ട്രീവെയര്‍' എന്ന കമ്പനി തുടങ്ങിയിരുന്നു. കമ്പനി തുടങ്ങിയ ആദ്യനാളുകള്‍ മുതല്‍ തന്നെ അലിബാഗില്‍ ഇങ്ങനെയൊരു വീടുണ്ടാക്കണമെന്ന മോഹം ഇരുവരുടേയും മനസിലുണ്ടായിരുന്നു. പക്ഷെ, 2018 മുതലാണ് വീടിന്‍റെ പണികളാരംഭിക്കുന്നത്. 

ഷിപ്പിങ് കണ്ടെയിനറുകളുപയോഗിച്ച് വീടുകളുണ്ടാക്കാം എന്ന് തീരുമാനിച്ചതിന്‍റെ കാരണത്തെ കുറിച്ച് സഹോദരങ്ങള്‍ പറയുന്നത്, അത് ഉറപ്പുള്ളതും കുറേക്കാലം നിലനില്‍ക്കുന്നതും ആണ് എന്നതാണ്. മാത്രവുമല്ല പുനരുപയോഗിക്കാന്‍ കഴിയുന്നതാണ് കണ്ടെയിനറുകള്‍. കണ്ടെയിനറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ കല്ലുകളോ, സിമന്‍റോ ഒന്നും തന്നെ വീട് നിര്‍മ്മിക്കുന്നതിന് ആവശ്യവുമില്ല. 

വീട് നിര്‍മ്മിക്കാനുള്ള വസ്തുക്കളെ കുറിച്ച് ധാരണയായപ്പോള്‍ ഇരുവരും ചേര്‍ന്ന് ഒരു ആര്‍ക്കിടെക്ടിനെ കണ്ടു. ആര്‍ക്കിടെക്ടിന്‍റെ നിര്‍ദ്ദേശപ്രകാരം പനവേലില്‍ നിന്ന് കണ്ടെയിനറുകള്‍ എത്തിച്ചു. അങ്ങനെ വീട് പണി പൂര്‍ത്തിയായി. 1500 സ്ക്വയര്‍ഫീറ്റില്‍ ടെറസ്സോട് കൂടിയതാണ് കണ്ടെയിനര്‍ വീട്. മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

'വീടിരിക്കുന്നത് ഒരു വരണ്ട നിലത്തിലാണ്. അതുകൊണ്ട്, കാത്തിരുന്നു പെയ്തുകിട്ടുന്ന മഴയെ ഞങ്ങൾ മുറ്റത്ത് കുഴിച്ചിരിക്കുന്ന കുളത്തിൽ ശേഖരിക്കും. ഭൂമിക്കടിയിലെ  വെള്ളം പാടേ വറ്റിപ്പോവാതിരിക്കാൻ, അതിൽ നിന്നും കുറച്ച്, അടുത്തുള്ള കുഴൽക്കിണറിലേക്കും ഒഴുക്കിവിടും...' മിഷാല്‍ പറയുന്നു. 

മാസങ്ങളോളം ഈ വീട്ടില്‍ താമസിച്ച വിശാല്‍ പറയുന്നത്, ഇന്‍റീരിയര്‍, എക്സ്റ്റീരിയര്‍ കാരണം ഏത് കാലാവസ്ഥയിലും വളരെ സുഖകരമായിരുന്നു അവിടെ ജീവിതം എന്നാണ്. ഈ വീട്ടില്‍ ആഴ്ചാവസാനങ്ങളില്‍ യോഗ, പ്ലാന്‍റേഷന്‍ തുടങ്ങി വിവിധ തരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കാനും ഇവര്‍ ആലോചിക്കുന്നുണ്ട്. പ്രകൃതിയെ ഉപദ്രവിക്കാതെ എങ്ങനെ ഒരു വീട് പണിയാം എന്നതിന്‍റെ ഉത്തരമാണ് ഈ വീട് എന്നും മനുഷ്യരെപ്പോഴും പ്രകൃതിയുമായി സ്നേഹത്തില്‍ കഴിയണമെന്നും ഈ സഹോദരങ്ങള്‍ പറയുന്നു. 
 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം