മരിച്ചുപോയ മകന് നീതി കിട്ടണം, വക്കീൽ കുപ്പായമണിഞ്ഞ് പൊലീസുകാരൻ, ഇത് സിനിമാക്കഥയല്ല

Published : Jan 31, 2024, 05:27 PM IST
മരിച്ചുപോയ മകന് നീതി കിട്ടണം, വക്കീൽ കുപ്പായമണിഞ്ഞ് പൊലീസുകാരൻ, ഇത് സിനിമാക്കഥയല്ല

Synopsis

ആൺകുട്ടിയുടെ മരണത്തിന് രണ്ട് മാസത്തിന് ശേഷം അദ്ധ്യാപക ജോലി നഷ്ടപ്പെട്ട സൂ പക്ഷേ, 2023 ഓഗസ്റ്റിലെ ആദ്യ വിചാരണയിൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. 

മകൻറെ മരണത്തിന് ഉത്തരവാദികളായവരുടെ ശിക്ഷ ഉറപ്പാക്കാൻ പൊലീസുകാരൻ ആയിരുന്ന അച്ഛൻ വക്കീൽ കുപ്പായം അണിഞ്ഞു. ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിൽ നിന്നുള്ള ഷാങ് ഡിംഗ്‌ജിയും ഭാര്യ വാങ് ബെയ്‌ലിയും ആണ് കഴിഞ്ഞ രണ്ടുവർഷമായി അവരുടെ മകൻ ഷാങ് കുവാന് വേണ്ടി നീതി തേടുന്നത്. 2021 നവംബർ 9 -ന്, തൻ്റെ പ്രൈമറി സ്‌കൂളിന് സമീപത്തുള്ള 24 നില കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടിയാണ് 11 വയസ്സുകാരൻ സ്വന്തം ജീവിതം അവസാനിപ്പിച്ചത്. 

അധ്യാപകന്റെ പരസ്യമായ പരിഹാസവും അതിരു കടന്ന ശാസനയും സഹിക്കാതെ വന്നതോടെയാണ് 11 -കാരൻ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനു മുൻപ് ഇത് വ്യക്തമാക്കുന്ന ഒരു കുറിപ്പ് കുട്ടി എഴുതിയിരുന്നു. അതിൽ തൻറെ മരണത്തിന് മാതാപിതാക്കളുമായോ സമൂഹവുമായോ രാജ്യവുമായോ ഒരു ബന്ധവുമില്ലെന്നും ക്ലാസ് ടീച്ചർ ആയ സു ഷാങ് ആണ് കാരണക്കാരൻ എന്നും എഴുതിയിരുന്നു.

കൂടാതെ കുട്ടിയുടെ മരണശേഷം ക്ലാസ് മുറിയിലെ ക്യാമറകൾ പരിശോധിച്ചപ്പോൾ അധ്യാപകൻ കുട്ടിയോട് മോശമായി പെരുമാറുന്നതും പരിഹസിക്കുന്നതും മാതാപിതാക്കൾ കണ്ടെത്തി. കുട്ടിയെ നുണയൻ എന്ന് വിളിച്ചു പരിഹസിക്കുന്നതും ബുക്കിലെ പേപ്പറുകൾ കീറിയതിന് ബുക്ക് വാങ്ങാൻ പണം ഇല്ലെങ്കിൽ പോയി ചാകാൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ആൺകുട്ടിയുടെ മരണത്തിന് രണ്ട് മാസത്തിന് ശേഷം അദ്ധ്യാപക ജോലി നഷ്ടപ്പെട്ട സൂ പക്ഷേ, 2023 ഓഗസ്റ്റിലെ ആദ്യ വിചാരണയിൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുകയായിരുന്നു. 

ഇതോടെയാണ് തൻറെ മകന് നീതി തേടി മുൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന  ഷാങ് ഡിംഗ്ജി വക്കീൽ കുപ്പായം അണിഞ്ഞത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്  മകൻ്റെ കേസ് വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന അദ്ദേഹം കുറ്റക്കാരനായ അധ്യാപകന് ഏറ്റവും കഠിനമായ ശിക്ഷയാണ് ലക്ഷ്യമിടുന്നത്.

വക്കീൽ ആയതിനുശേഷം കഴിഞ്ഞ നവംബറിൽ ഇദ്ദേഹം വീണ്ടും കോടതിയുടെ പരിഗണനയിൽ തൻറെ കേസ് എത്തിക്കുകയായിരുന്നു. ഇപ്പോൾ വിധിക്കായി കാത്തിരിക്കുകയാണ്.  അഭിഭാഷകനായതിനുശേഷം, സമാനമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്ന മറ്റ് മാതാപിതാക്കൾക്കും ഇദ്ദേഹം നിയമസഹായം നൽകുന്നുണ്ട്, സൈക്കോളജിക്കൽ കൗൺസിലറായ അദ്ദേഹത്തിൻ്റെ ഭാര്യ സമാനമായ വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്ക് സൗജന്യ സേവനം നൽകി വരികയാണ് ഇപ്പോൾ.

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്