
ടു വീലറിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കണം എന്നത് നിയമമാണ്. അതിപ്പോൾ സ്ത്രീ ആയാലും പുരുഷൻ ആയാലും എന്ത് ജോലി ചെയ്യുന്നവരായാലും ഒക്കെ ഹെൽമറ്റ് ധരിച്ചേ തീരൂ. ഇല്ലെങ്കിൽ അത് ട്രാഫിക് നിയമങ്ങളുടെ ലംഘനമാണ്. അപ്പോൾ പിന്നെ ഹെൽമെറ്റ് ധരിക്കാതെ രണ്ട് പൊലീസുകാർ സ്കൂട്ടറിൽ പോകുന്ന ചിത്രം കണ്ടാൽ ആരും വിമർശിക്കും.
അതുപോലെ ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മുംബൈയിലാണ് സംഭവം. രണ്ട് വനിതാ പൊലീസുകാർ സ്കൂട്ടറിൽ പോവുകയാണ്. രണ്ട് പേർക്കും ഹെൽമെറ്റ് ഇല്ല. രാഹുൽ എന്നൊരാളാണ് ട്വിറ്ററിൽ ചിത്രം പങ്ക് വച്ചത്. ചിത്രത്തിനൊപ്പം ഇത് ട്രാഫിക് നിയമത്തിന്റെ ലംഘനമല്ലേ എന്ന് ചോദിച്ച രാഹുൽ ട്വീറ്റിൽ മുഖ്യമന്ത്രിയേയും മുംബൈ പൊലീസിനേയും ഒക്കെ മെൻഷൻ ചെയ്തിട്ടുണ്ട്.
അതിവേഗം തന്നെ ട്വീറ്റ് വൈറലാവുകയും ചെയ്തു. അധികം വൈകാതെ മുംബൈ പൊലീസ് ട്വീറ്റിന് മറുപടി നൽകി. എവിടെയാണ് ഇത് നടന്നത് എന്നും കൃത്യമായ ലൊക്കേഷൻ ഏതാണ് എന്നുമായിരുന്നു പൊലീസിന്റെ ചോദ്യം. ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് എന്ന് രാഹുൽ മറുപടിയും നൽകി. പിന്നാലെ, ഇതിനെതിരെ കൃത്യമായി നടപടി സ്വീകരിക്കും എന്നും പൊലീസ് മറുപടി നൽകിയിട്ടുണ്ട്.
ഏതായാലും അനേകം പേരാണ് രാഹുലിന്റെ ട്വീറ്റിന് കമന്റുകളുമായി എത്തിയത്. അനേകം പേർ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തു. പൊലീസിന് എന്തും ആകാമോ എന്നായിരുന്നു ഒരു വിഭാഗത്തിന്റെ സംശയം. ഇത് സാധാരണക്കാരനായ ഏതെങ്കിലും പൗരനാണ് ചെയ്തിരുന്നത് എങ്കിലോ എന്നായിരുന്നു മറ്റൊരു വിഭാഗം ചോദിച്ചത്.
ഹെൽമെറ്റ് ഇല്ലാതെ എങ്ങാനും സ്കൂട്ടർ ഓടിച്ചിരുന്നു എങ്കിൽ മിനിറ്റുകൾക്കകം തങ്ങൾക്ക് പിഴ ഒടുക്കേണ്ടി വന്നേനെ എന്നും പലരും പറഞ്ഞു.