രണ്ടാം താജ്‍മഹല്‍, അതിമനോഹരമായ ഷേർഷാ സൂരി ശവകുടീരം!

By Web TeamFirst Published Nov 10, 2021, 9:05 PM IST
Highlights

ഷേർഷാ സൂരിയുടെ മകനായ അസ്ലാം ഷായുടെ ശവകുടീരവും പിതാവിന്റെ അടുത്താണ്. പുറത്ത്, കല്ലറയെ ഗാർഡ് റൂമുമായി ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു നടപ്പാത കാണാം. 

തന്റെ പ്രിയ പത്നിക്കായി ഷാജഹാൻ(Shah Jahan) തീർത്ത പ്രണയസ്മാരകമാണ് താജ്മഹൽ. വെണ്ണക്കല്ലിൽ തീർത്ത അത് ലോകമഹാത്ഭുതങ്ങളിൽ ഒന്നാണ്. യഥാർത്ഥ നിർമ്മിതിയോളം വരില്ലെങ്കിലും, അതിന്റെ മാതൃകയിൽ തീർത്ത ഒരു രണ്ടാം താജ്മഹലുണ്ട് നമ്മുടെ രാജ്യത്ത്. താജ്മഹലി(Taj Mahal)ന്റെ ഈ അപരൻ ബീഹാറിലെ സസാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഷേർ ഷാ സൂരി(Sher Shah Suri)യുടെ ശവകുടീരമാണത്.    

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗത്ത് സൂരി സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു ഷേർഷാ സൂരി. 1538 -ൽ അദ്ദേഹം മുഗൾ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഷേർഷായുടെ സാമ്രാജ്യം ബംഗാൾ മുതൽ കശ്മീർ ഒഴികെ സിന്ധു വരെ വ്യാപിച്ചു. ദയാലുവായ ഭരണാധികാരിയും ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭരണാധികാരികളിൽ ഒരാളുമായിരുന്നു ഷേർഷാ. അദ്ദേഹത്തിന്റെ വിപ്ലവകരമായ സംഭാവനകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അക്കാലത്ത് വാണിജ്യം പ്രോത്സാഹിപ്പിക്കുന്നതിനും റോഡുകൾ മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അദ്ദേഹം പ്രശസ്തനാണ്. അദ്ദേഹത്തിന്റെ നയങ്ങൾ പിന്നീട് അക്ബറിനെപ്പോലുള്ള മുഗൾ ചക്രവർത്തിമാർ പിന്തുടർന്നിരുന്നു.  

ഷേർഷാ സൂരിയുടെ ശവകുടീരം അദ്ദേഹം നിർമ്മിച്ച ഗ്രാൻഡ് ട്രങ്ക് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ബീഹാറിൽ നിന്നുള്ള പത്താൻ ചക്രവർത്തിയായ ഷേർഷാ സൂരിയുടെ സ്മരണയ്ക്കായി നിർമ്മിച്ച അതിമനോഹരമായ ശവകുടീരമാണിത്. ഷേർഷാ സൂരി ഇന്ത്യയിലെ വാസ്തുവിദ്യയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മാരകങ്ങൾ അദ്ദേഹത്തിന്റെ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു.  

1545 മെയ് 22 -നാണ് ഷേര്‍ഷാ സൂരി കൊല്ലപ്പെടുന്നത്. ഷേർഷാ സൂരി ജീവിച്ചിരുന്നപ്പോൾ ആരംഭിച്ച ശവകുടീരത്തിന്റെ നിർമ്മാണം അദ്ദേഹത്തിന്റെ മകൻ അസ്ലാം ഷാ പൂർത്തിയാക്കി. അദ്ദേഹത്തിന്റെ വിയോഗം വളരെ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായതിനാൽ, അദ്ദേഹത്തിന്റെ മകന് പൂർത്തിയാകാത്ത ശവകുടീരത്തിന്റെ നിർമ്മാണം ഏറ്റെടുക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മൂന്ന് മാസത്തിന് ശേഷം നിർമ്മാണം പൂർത്തിയായി. 1540 -നും 1545 -നും ഇടയിലാണ് ഈ ശവകുടീരം നിർമ്മിച്ചതെന്ന് ഉറവിടങ്ങൾ പറയുന്നു. 1545 ആഗസ്ത് 16 -ന് പൂർത്തിയായതായി ഒരു ലിഖിതത്തിൽ പറയുന്നു.

പുരാതന വാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണമാണ് ഷേർഷാ സൂരിയുടെ ശവകുടീരം. വലിയ തുറന്ന ഉദ്യാനങ്ങൾ, ഉയർന്ന താഴികക്കുടങ്ങൾ, തൂണുകൾ എന്നിവ ഉൾപ്പെടുന്ന ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യയുടെ ഘടകങ്ങൾ അതിൽ കാണാം. മൂന്ന് നിലകളുള്ള ഉയരമുള്ള ശവകുടീരമാണ് ഇത്. ഒരു കൃത്രിമ ചതുരാകൃതിയിലുള്ള തടാകത്തിന് നടുവിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. താജ്മഹലിനോടുള്ള സാമ്യം കാരണമാണ് പ്രാദേശികമായി ഇതിനെ "രണ്ടാം താജ്മഹൽ" എന്ന് വിളിക്കുന്നത്. ആഗ്രയിലെ താജ്മഹലിന്റെ ഉയരത്തേക്കാൾ പതിമൂന്നടി ഉയരത്തിലാണ് ഷേർഷാ സൂരിയുടെ ശവകുടീരം.  

ശവകുടീരം ഭാഗികമായി കല്ലുകൊണ്ട് തീർത്തതാണ്, കൂടുതലും ചുവന്ന മണൽക്കല്ലുകൾ കൊണ്ടാണ് അതിന്റെ നിർമ്മാണം. പ്രധാന കേന്ദ്ര ഘടന അഷ്ടഭുജാകൃതിയിലാണ്. അതിന്റെ മുകളിൽ ഇരുപത്തിരണ്ട് മീറ്റർ നീളമുള്ള ഒരു താഴികക്കുടമുണ്ട്. ചുവരുകളുടെയും താഴികക്കുടത്തിന്റെയും ഉൾവശം ഖുർആനിൽ നിന്നുള്ള ലിഖിതങ്ങൾ കൊത്തിയെടുത്തതാണ്. അവ മനോഹരമായ പുഷ്പ ഡിസൈനുകളാൽ അലങ്കരിച്ചിരിക്കുന്നു. ഭിത്തിയുടെ മുകൾ ഭാഗത്തുള്ള വലിയ ജനാലകൾ ശവകുടീരത്തിന്റെ അകത്തളങ്ങളിൽ മതിയായ വായുസഞ്ചാരവും വെളിച്ചവും നൽകുന്നു. ശവകുടീര അറകളിൽ ഇരുപത്തിയഞ്ച് ശവകുടീരങ്ങളുണ്ട്, അവയിലൊന്ന് ഷേർഷാ സൂരിയുടെതാണ്.

ഷേർഷാ സൂരിയുടെ മകനായ അസ്ലാം ഷായുടെ ശവകുടീരവും പിതാവിന്റെ അടുത്താണ്. പുറത്ത്, കല്ലറയെ ഗാർഡ് റൂമുമായി ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു നടപ്പാത കാണാം. വരാന്ത 24 ചെറിയ താഴികക്കുടങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു, ഈ താഴികക്കുടങ്ങൾ ഓരോന്നും കമാനങ്ങളാൽ പിന്തുണയ്ക്കുന്നു. മിർ മുഹമ്മദ് അലിവാൽ ഖാൻ എന്ന പ്രശസ്ത വാസ്തുശില്പിയാണ് ഇത് രൂപകൽപ്പന ചെയ്തത്. ആളുകൾ പതിവായി സന്ദർശിക്കുന്ന സസാറാമിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈ ശവകുടീരം.


 

click me!