
ദമ്പതികൾക്കിടയിലുണ്ടാകുന്ന, സ്നേഹവും പ്രണയവും കരുതലും കാണിക്കുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ, അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നത്. വളരെ ചെറിയ ചില പ്രവൃത്തികൾ എങ്ങനെയാണ് ദമ്പതികൾക്കിടയിലെ പരസ്പര സ്നേഹവും പ്രണയവും ഊട്ടിയുറപ്പിക്കുന്നത് എന്ന് തെളിയിക്കുന്നതായിരുന്നു പ്രസ്തുത വീഡിയോ.
ഒരു പോളിത്തീൻ കവറിൽ വൃത്തിയായി പായ്ക്ക് ചെയ്ത ഒരേ പോലെയുള്ള രണ്ട് കേക്ക് കഷ്ണങ്ങളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. @SatinTweety എന്ന യൂസറാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'താൻ ആവശ്യപ്പെടാതെ തന്നെ ഭർത്താവ് തനിക്ക് ഇഷ്ടപ്പെട്ട കേക്കുമായി വന്നു. യാദൃച്ഛികമായി ഞാൻ അദ്ദേഹത്തിനും രഹസ്യമായി അതേ കേക്ക് തന്നെ വാങ്ങിയിരുന്നു' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. യുവതിയും ഭർത്താവും വാങ്ങിയ ഒരുപോലെയുള്ള, ഒരേപോലെ പൊതിഞ്ഞെടുത്തിരിക്കുന്ന കേക്കുകളാണ് ചിത്രത്തിൽ കാണുന്നത്.
വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 82,000 -ത്തിലധികം വ്യൂവാണ് പോസ്റ്റിനുള്ളത്. നിരവധിപ്പേരാണ് ഇരുവരുടെയും മനപ്പൊരുത്തത്തെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഇത് യാദൃച്ഛികമല്ല, നിങ്ങൾ രണ്ടുപേരും ഒരേ കാര്യം തന്നെ ചിന്തിക്കുന്നു എന്നാണ് ഇതിന്റെ അർത്ഥം, ഇത് നിങ്ങളുടെ ദിവസേനയുള്ള സംസാരത്തെയും പരസ്പരമുള്ള കരുതലിനെയുമാണ് കാണിക്കുന്നത്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'നിങ്ങൾ രണ്ടുപേരും ഒരേ കേക്ക് തന്നെ ഇഷ്ടപ്പെടുന്നു എന്നത് വളരെ ക്യൂട്ടായിട്ടുള്ള കാര്യമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇരുവരുടെയും ജീവിതം ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് പറഞ്ഞവരുമുണ്ട്.