സ്വത്തിനായി വീട്ടുജോലിക്കാർ വീട്ടുടമയേയും ഭിന്നശേഷിക്കാരിയായ മകളെയും അഞ്ച് വർഷത്തോളം മുറിയിൽ പൂട്ടിയിട്ടു. വെള്ളവും ഭക്ഷണവും നൽകിയില്ല. 70 -കാരന് ദാരുണാന്ത്യം. മകള്‍ എല്ലുംതോലുമായ നിലയില്‍. ഞെട്ടിക്കുന്ന സംഭവം ഉത്തർ പ്രദേശിൽ.

വീട്ടുടമയേയും ഭിന്നശേഷിക്കാരിയായ മകളേയും വെള്ളം പോലും നൽകാതെ പൂട്ടിയിട്ട് വീട്ടുജോലിക്കാരായ ദമ്പതികൾ. 70 -കാരനായ വീട്ടുടമയെ മരിച്ച നിലയിലും മകളെ എല്ലും തോലുമായ നിലയിലുമാണ് കണ്ടെത്തിയത്. ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. അഞ്ച് വർഷത്തോളമാണ് ജോലിക്കാർ വീട്ടുടമയോടും മകളോടുമുള്ള ഈ ക്രൂരത തുടർന്നത്. റിട്ട. റെയിൽവേ ഉദ്യോ​ഗസ്ഥനാണ് മരിച്ച 70 -കാരൻ. മകൾ 27 -കാരിയാണ്. വീട്ടുടമയുടെ മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് സംഭവത്തെ കുറിച്ച് പരാതി ഉയർത്തിയത്. മഹോബ ടൗണിലെ താമസക്കാരനാണ് മരിച്ച ഓംപ്രകാശ് സിങ് റാത്തോഡ്.

റെയിൽവേയിൽ ക്ലർക്കായി ജോലി ചെയ്ത ആളായിരുന്നു ഓം പ്രകാശ്. 2016 -ലാണ് ഓം പ്രകാശിന്റെ ഭാര്യ മരിച്ചത്. പിന്നാലെയാണ് തന്നെയും മകളേയും പരിചരിക്കാനും വീട്ടിലെ ജോലിക്കും ഒക്കെയായി ചർഖാരി സ്വദേശിയായ റാംപ്രകാശ് കുശ്വാഹ, ഭാര്യ റാംദേവി എന്നിവരെ ഓം പ്രകാശ് ജോലിക്ക് നിയമിച്ചത്. എന്നാൽ, ഇവർ അച്ഛനേയും മകളേയും ഒരു മുറിയിൽ പൂട്ടിയിട്ടു. വെള്ളം പോലും കൊടുത്തില്ല. അടച്ചിട്ട മുറിയിൽ കിടന്ന് ഇരുവരും മരിച്ചാൽ സ്വത്ത് തട്ടിയെടുക്കാം എന്ന് കരുതിയാണ് ഭാര്യയും ഭർത്താവും ചേർന്ന് ഈ കൊടും ക്രൂരത കാണിച്ചത്. ഓം പ്രകാശിന്റെ മകൾ രശ്മിക്ക് ജീവനുണ്ടായിരുന്നെങ്കിലും അസ്ഥികൂടം പോലെയായിരുന്നു അവളുണ്ടായിരുന്നത്.

വീടിന്റെ മുകൾനിലയിലാണ് ഇരുവരെയും റാംപ്രകാശും ഭാര്യയും ചേർന്ന് പൂട്ടിയിട്ടത്. താഴത്തെ നിലയിൽ ഇരുവരും താമസം തുടങ്ങുകയും ചെയ്തു. ഓംപ്രകാശിനെയും മകളെയും കാണാൻ ബന്ധുക്കൾ ഇടയ്ക്ക് വീട്ടിൽ എത്തിയിരുന്നു. എന്നാൽ, അവർക്ക് ആരേയും കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഒടുവിൽ, ഓംപ്രകാശിന്റെ മരണമറി‍ഞ്ഞ് ബന്ധുക്കളെത്തിയപ്പോഴാണ് സത്യാവസ്ഥ പുറത്ത് വന്നത്. പൊലീസിനെയും വിവരം അറിയിച്ചു. കേസന്വേഷണം നടക്കുകയാണ്. രശ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.