വാടകവീട്ടിലോ പേയിംഗ് ഗസ്റ്റായോ താമസിക്കുന്നവര്‍ ജോലിക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് മുംബൈയിലെ കമ്പനി. ഈ വിചിത്രമായ യോഗ്യതാ മാനദണ്ഡം അടങ്ങിയ സ്ക്രീൻഷോട്ടാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വാടകവീടുകളിലോ, പേയിംഗ് ഗസ്റ്റുകളായോ താമസിക്കുന്നവർ ജോലിക്ക് അപേക്ഷിക്കണ്ടതില്ലെന്ന് കമ്പനി. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ് കമ്പനിയുടെ ഈ നിലപാട്. മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഇത്തരത്തിലുള്ള തികച്ചും അവിശ്വസനീയമായ ഒരു നീക്കം നടത്തിയത്. കമ്പനിയുടെ ജോലി അപേക്ഷാ ഫോം പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. അഭിനവ് എന്ന യൂസറാണ് എക്സിൽ കമ്പനിയുടെ ജോലിയെ കുറിച്ച് നൽകിയിരിക്കുന്ന വിവരണത്തിന്റെ ഒരു സ്ക്രീൻഷോട്ട് ഷെയർ ചെയ്തിരിക്കുന്നത്. വലിയ ചർച്ചകളാണ് ഇതേ തുടർന്ന് വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്.
വൈറലായിരിക്കുന്ന സ്ക്രീൻഷോട്ടിൽ വിദ്യാഭ്യാസ യോഗ്യത മാത്രമല്ല ഒരു ജോലി കിട്ടാൻ വേണ്ടത്, മറിച്ച് സ്വന്തമായി താമസസ്ഥലവും കൂടി വേണ്ടതായിട്ടുണ്ട് എന്ന് കാണാം. അതും ജോലി കിട്ടാനുള്ള യോഗ്യതാ മാനദണ്ഡം തന്നെ എന്നർത്ഥം. കമ്പ്യൂട്ടർ സയൻസിലോ ഐടിയിലോ ബി.ഇ. ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ, ഉദ്യോഗാർത്ഥികൾക്ക് ആധാർ കാർഡ്, പാൻ കാർഡ് എന്നിവ നിർബന്ധമായും വേണം എന്നും ഇതിൽ പറയുന്നു. അതേസമയം, ഇതോടൊപ്പം വാടകവീട്ടിലോ, പേയിംഗ് ഗസ്റ്റായോ കഴിയുന്നവർക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല എന്ന് പറഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി തീരുകയായിരുന്നു.
'തെരുവിൽ കിടക്കുന്നവർക്ക് അപേക്ഷിക്കാമോ' എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റ് ചിലർ ചോദിച്ചത്, എന്തിനാണ് കമ്പനിക്ക് നിങ്ങളുടെ ആധാർ കാർഡും പാൻ കാർഡും എന്നാണ്. കഴിവ് അപ്പോൾ ഇവിടെ ഒരു മാനദണ്ഡമേയല്ല, സ്വന്തമായി വീടുണ്ടായാൽ മതി അല്ലേ എന്നാണ് മറ്റൊരാൾ ചോദിച്ചത്. മുംബൈയിലെ പല കമ്പനികളും സമീപത്ത് നിന്നുതന്നെയുള്ളവരെ ജോലിക്ക് എടുക്കാറുണ്ട്, അവർ കൊടുക്കുന്ന ശമ്പളം കുറവായിരിക്കും, അത് ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾക്ക് തികയണം, അതിനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.


