10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ; പൊലീസിന്റെ ശ്രദ്ധ തിരിക്കാൻ ഉപയോഗിച്ചത് ആട്ടിൻകുട്ടിയെ

Published : Apr 25, 2023, 04:08 PM IST
10 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ; പൊലീസിന്റെ ശ്രദ്ധ തിരിക്കാൻ ഉപയോഗിച്ചത് ആട്ടിൻകുട്ടിയെ

Synopsis

ഏപ്രിൽ 22 ആയിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന ബില്ലി എന്ന നായയാണ് കാറിന്റെ പിൻസീറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കൃത്യമായി കണ്ടെത്തിയത്.

പഴങ്ങളും പച്ചക്കറികളും മുതൽ പൂക്കളും പ്രാവുകളും വരെ മയക്കുമരുന്ന് കടത്തിന് മറയായി കള്ളക്കടത്തുകാർ ഉപയോഗിക്കാറുണ്ട്. ആരെയും അമ്പരപ്പിക്കുന്ന വിധത്തിലുള്ള തന്ത്രങ്ങളാണ് ഇത്തരം സംഘങ്ങൾ ഉപയോഗിക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം സ്കോട്ട്ലാൻഡിൽ മയക്കുമരുന്ന് കടത്തുന്നതിനിടയിൽ പിടിയിലായ ദമ്പതികൾ മറയാക്കിയത് ഒരു ആട്ടിൻകുട്ടിയെയാണ്. സ്‌കോട്ട്‌ലൻഡിലെ എം74 മോട്ടോർവേയിൽ നിന്നാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന എ ക്ലാസ് മയക്കുമരുന്നുമായി ദമ്പതികൾ പൊലീസിന്റെ പിടിയിലായത്. പൊലീസിൻറെ ശ്രദ്ധ തിരിക്കുന്നതിനായി കാറിൻറെ പിൻസീറ്റിൽ ഇവർ ഒരു ആട്ടിൻകുട്ടിയെയും സൂക്ഷിച്ചിരുന്നു.

പൊലീസ് തങ്ങളുടെ വാഹനം പരിശോധിച്ചാലും ശ്രദ്ധ ആട്ടിൻകുട്ടിയിലേക്ക് പോകുന്നതിനു വേണ്ടിയായിരുന്നു ദമ്പതികൾ ഇത്തരത്തിൽ ഒരു തന്ത്രം പരീക്ഷിച്ചത്. അവർ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു. കാർ പരിശോധിക്കാനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആട്ടിൻകുട്ടിയിലേക്ക് തന്നെ പോയി. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്ന നായ ആട്ടിൻകുട്ടിയെ ശ്രദ്ധിച്ചില്ലെന്നു മാത്രമല്ല കാറിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്തു.

ഏപ്രിൽ 22 ആയിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന ബില്ലി എന്ന നായയാണ് കാറിന്റെ പിൻസീറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കൃത്യമായി കണ്ടെത്തിയത്. നായ ആദ്യം തന്നെ പിൻസീറ്റിലേക്ക് ചാടി കയറിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ആദ്യം കരുതിയത് ആട്ടിൻകുട്ടിയെ ഉപദ്രവിക്കാൻ ആയിരിക്കും എന്നാണ്. അതുകൊണ്ടുതന്നെ കൂടുതൽ പരിശോധന നടത്താതെ പിൻവാങ്ങാൻ തുടങ്ങുന്നതിനിടയിലാണ് നായ വീണ്ടും വീണ്ടും പിൻസീറ്റിലേക്ക് ചാടി കയറുകയും സീറ്റ് കടിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തത്. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ സീറ്റ് കീറി പരിശോധിച്ചപ്പോഴാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് സീറ്റിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

50 വയസ് പ്രായമുള്ള ദമ്പതികളെ സംഭവസ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു.  കാർ വിശദമായി പരിശോധിച്ച ശേഷം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കൊക്കെയ്‌നും ഏഴ് ലക്ഷം രൂപ വിലയുള്ള ഹെറോയിനും പൊലീസ് കണ്ടെത്തി. ആട്ടിൻകുട്ടിയെ സമീപത്തെ ഒരു കർഷകന് പൊലീസ് കൈമാറി.
 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്