സുഹൃത്തിന്റെ വീട്ടിലെ ചിമ്പാൻസി കടിച്ചുകീറി, ഇന്ന് കഴിയുന്നത് കെയർഹോമിലെ ഒരു മുറിയിൽ തനിച്ച്

Published : Apr 25, 2023, 02:59 PM IST
സുഹൃത്തിന്റെ വീട്ടിലെ ചിമ്പാൻസി കടിച്ചുകീറി, ഇന്ന് കഴിയുന്നത് കെയർഹോമിലെ ഒരു മുറിയിൽ തനിച്ച്

Synopsis

അങ്ങനെയിരിക്കെയാണ് ഒരു ദിവസം സാൻഡ്രയുടെ സുഹൃത്തായ ചർല നാഷ് സാൻഡ്രയെ കാണാൻ എത്തിയത്. ആ സമയം ട്രേവിസും അവിടെ ഉണ്ടായിരുന്നു. ട്രേവിസിന് ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടവുമെടുത്ത് അവിടെ നിന്നും പോകാൻ തുനിഞ്ഞ നാഷിനെ ട്രേവിസ് ക്രൂരമായി അക്രമിക്കുകയായിരുന്നു.

പെറ്റ് ആയി വളർത്തുന്ന നായകൾ മനുഷ്യരെ ഉപദ്രവിക്കുന്ന പല വാർത്തകളും നാം കണ്ടിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ചില മൃ​ഗങ്ങൾ ഏത് നേരത്താണ് മനുഷ്യരെ ഉപദ്രവിക്കുക എന്നത് നമുക്ക് പറയാനാവില്ല. അതുപോലെ, ഇവിടെ പെറ്റായി ഒരു ദമ്പതികൾ വളർത്തിയ ചിമ്പാൻസി അവരുടെ കുടുംബസുഹൃത്തിനെ കടിച്ചു കീറി. 

അവിചാരിതമായിട്ടാണ് സാൻഡ്രയ്ക്കും ഭർത്താവ് ജെറോം ഹെറോൾഡിനും ആ കുഞ്ഞ് ചിമ്പാൻസിയെ കിട്ടുന്നത്. അതിന്റെ അമ്മ മിസൗറി ചിമ്പാൻസി സങ്കേതത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ വെടിയേറ്റ് ചാവുകയായിരുന്നു. അങ്ങനെ അനാഥനായി മാറിയ മൂന്ന് വയസ് മാത്രം പ്രായമുള്ള ചിമ്പാൻസിയെ സാൻഡ്രയും ജെറോമും ദത്തെടുത്തു. ഒരു പെറ്റ് എന്നതിലും ഉപരി ആ വീട്ടിലെ അം​ഗത്തെ പോലെ, ദമ്പതികളുടെ കുഞ്ഞിനെ പോലെ തന്നെയാണ് ചിമ്പാൻസിയും അവിടെ കഴിഞ്ഞത്. 

അവന്റെ പേര് ട്രേവിസ് എന്നായിരുന്നു. ദമ്പതികൾ ജോലിക്ക് പോകുമ്പോഴും ഷോപ്പിം​ഗിന് പോകുമ്പോഴും തുടങ്ങി എങ്ങോട്ട് പോവുകയാണെങ്കിലും ട്രേവിസും അവർക്കൊപ്പമുണ്ടാകും. ദമ്പതികളെ അറിയുന്നവർക്കെല്ലാം ട്രേവിസും പരിചിതനായിരുന്നു. അവനെല്ലാ കാര്യങ്ങളും സ്വയം നോക്കി. വാതിൽ അടയ്ക്കാനും, ഭക്ഷണം വിളമ്പാനും, ഡ്രസ് ധരിക്കാനും, ഇഷ്ടപ്പെട്ട ചാനൽ തെരഞ്ഞെടുത്ത് ടിവി കാണാനും, ചെടികൾ നനയ്ക്കാനും എല്ലാം ട്രേവിസിന് അറിയാമായിരുന്നു. 

അതിനിടയിൽ ജെറോമിന്റെ അകാലമരണത്തോടെ ട്രേവിസ് സാൻഡ്രയോട് ഒന്നുകൂടി അടുത്തു. ദമ്പതികളുടെ മകനും പിന്നാലെ മരണപ്പെട്ടതോടെ സാൻഡ്രയ്ക്ക് മകനെ പോലെ തന്നെയായി ട്രേവിസ്. അങ്ങനെയിരിക്കെയാണ് ഒരു ദിവസം സാൻഡ്രയുടെ സുഹൃത്തായ ചർല നാഷ് സാൻഡ്രയെ കാണാൻ എത്തിയത്. ആ സമയം ട്രേവിസും അവിടെ ഉണ്ടായിരുന്നു. ട്രേവിസിന് ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടവുമെടുത്ത് അവിടെ നിന്നും പോകാൻ തുനിഞ്ഞ നാഷിനെ ട്രേവിസ് ക്രൂരമായി അക്രമിക്കുകയായിരുന്നു. എങ്ങനെയും അവന്റെ പിടിയിൽ നിന്നും നാഷിനെ മോചിപ്പിക്കാൻ സാൻഡ്ര ശ്രമിച്ചുവെങ്കിലും അവൾക്കും അതിന് സാധിച്ചില്ല. അവർ ഉടനെ തന്നെ എമർജൻസി നമ്പറിൽ വിളിച്ചു. 

പിന്നീട്, ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തുകയും ട്രേവിസിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ട്രേവിസ് അവിടെ വച്ച് തന്നെ മരിച്ചു. നാഷാണെങ്കിൽ മരണത്തോട് മല്ലിടുകയായിരുന്നു. വായും മൂക്കും ചുണ്ടും കണ്ണുകളും എല്ലാം ചിമ്പാൻസി കടിച്ചെടുത്തിരുന്നു. അവരെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് ഏഴ് മണിക്കൂർ നേരത്തെ ശസ്ത്രക്രിയയാണ്. പിന്നീട് നാഷിനെ ഒരു കെയർഹോമിൽ പ്രവേശിപ്പിച്ചു. അവളെ കാണുന്നവർ ഭയന്നുപോകും എന്നുള്ളത് കൊണ്ട് അവളെ തനിയെയാണ് പാർപ്പിച്ചിരുന്നത്. 

ഒരു കാര്യത്തിനും ഒരാളെയും ആശ്രയിക്കാതെ കഴിഞ്ഞിരുന്ന ആളാണ് താൻ. ഇന്ന് തനിക്ക് ഭക്ഷണം കഴിക്കണമെങ്കിൽ പോലും മറ്റൊരാളുടെ സഹായം വേണം എന്ന് നാഷ് പറയുന്നു. എന്നെങ്കിലും ഒരിക്കൽ ഈ കെയർഹോമിൽ നിന്നും തന്റെ വീട്ടിലേക്ക് തിരികെ പോകാനാവുമെന്നും തന്റെ കാര്യങ്ങളെല്ലാം തനിച്ച് തന്നെ ചെയ്യാൻ സാധിക്കുമെന്നും ഉള്ള പ്രതീക്ഷയിലാണ് നാഷ് ഇപ്പോഴും കഴിയുന്നത്. 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!