Latest Videos

അടുക്കളയില്‍ നിന്നും ദമ്പതിമാര്‍ കുഴിച്ചെടുത്തത് പുരാതന സ്വർണ്ണനാണയങ്ങള്‍, ലേലത്തില്‍ ലഭിച്ചത് ലക്ഷങ്ങള്‍

By Web TeamFirst Published Apr 25, 2024, 2:11 PM IST
Highlights

62.88 ലക്ഷം രൂപയ്ക്കാണ് നാണയങ്ങള്‍ ലേലത്തില്‍ പോയത്. ചാൾസ് ഒന്നാമൻ രാജാവിന്‍റെ സ്വർണ നാണയങ്ങളാണ് ഏറ്റവും കൂടുതൽ വില ലഭിച്ചത്. 5.17 ലക്ഷം രൂപ.


പഴയ വീടുകളിലാണോ നിങ്ങള്‍ താമസിക്കുന്നത്? എങ്കില്‍ ചില നിധികള്‍ കണ്ടെത്താന്‍ സാധ്യതയുണ്ട്. പറഞ്ഞ് വരുന്നത് യുകെയിലെ ഒരു ദമ്പതികള്‍ക്ക് ലഭിച്ച അത്യപൂര്‍വ നിധി ശേഖരത്തെ കുറിച്ചാണ്.  യുകെയിലെ ഡോർസെറ്റിലുള്ള ഫാം ഹൗസ് പുതുക്കിപ്പണിയുന്നതിനിടെ, ദമ്പതികളായ റോബർട്ട്, ബെറ്റി ഫ്യൂച്ച്‌സ് ദമ്പതികള്‍ക്ക് ലഭിച്ചത് പതിനേഴാം നൂറ്റാണ്ടിലെ നാണയ  ശേഖരം.

തെക്കൻ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോർസെറ്റിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പോർട്ടൺ ഫാം എന്ന 17-ാം നൂറ്റാണ്ടിലെ ഒരു കോട്ടേജിലാണ് സംഭവം. 2019 -ലാണ് ദമ്പതികൾ ഈ വീട് വാങ്ങിയത്. അടുക്കള പുതുക്കി പണിയുന്നതിനിടെ, തറയിലെ കോണ്‍ക്രീറ്റ് നീക്കം ചെയ്തപ്പോഴാണ് ഒരു പാത്രം കണ്ടെത്തിയത്. അതില്‍  400 വർഷം പഴക്കമുള്ള പുരാതനമായ 1,000 വിലയേറിയ നാണയങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരുന്നു. ദമ്പതിമാര്‍ നാണയങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രാദേശിക ഭരണാധികാരികളെ വിവരമറിയിക്കുകയും അവര്‍ നാണയങ്ങള്‍ ബ്രീട്ടീഷ് മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. 

'ഒരു ദിവസം വൈകുന്നേരം, ഭർത്താവ് അടുക്കളയുടെ തറ കുഴിക്കുകയായിരുന്നു. അദ്ദേഹം എന്തോ കണ്ടെത്തിയെന്ന് പറയാന്‍ എന്നെ വിളിച്ചു. ഞാനെത്തുമ്പോള്‍ നാണയങ്ങള്‍ അദ്ദേഹം ഒരു ബക്കറ്റിലേക്ക് മാറ്റുകയായിരുന്നു.' ബെറ്റി ഫ്യൂച്ച്‌സ് മാധ്യമങ്ങളോട് പറഞ്ഞു.  1642 ലും 1644 ലും ഇടയില്‍ ആഭ്യന്തരയുദ്ധ കാലത്ത് ബ്രിട്ടണില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണ് ഇവയെന്ന് ബ്രിട്ടീഷ് മ്യൂസിയം വിശദമാക്കിയതായി ലേലക്കാരുടെ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  

'കോഴി ഒരു വികാര ജീവി'; വികാരം വരുമ്പോള്‍ നിറം മാറുമെന്ന് പഠനം

ലഭിച്ചവയില്‍ 1029 നാണയങ്ങളും ജെയിംസ് ഒന്നാമൻ രാജാവിന്‍റെയും ചാൾസ് ഒന്നാമൻ രാജാവിന്‍റെയും കാലത്ത് പ്രചാരത്തിലുണ്ടായിരുന്നവയാണ്. എലിസബത്ത് I സിൽവർ ഷില്ലിംഗുകളും ക്വീൻ മേരി ഒന്നാമന്‍റെ കാലത്തെ നാണയങ്ങളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ദമ്പതികള്‍ നാണയങ്ങള്‍ വിറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 62.88 ലക്ഷം രൂപയ്ക്കാണ് നാണയങ്ങള്‍ ലേലത്തില്‍ പോയത്. ചാൾസ് ഒന്നാമൻ രാജാവിന്‍റെ സ്വർണ നാണയങ്ങളാണ് ഏറ്റവും കൂടുതൽ വില ലഭിച്ചത്. 5.17 ലക്ഷം രൂപയായിരുന്നു അതിന് ലഭിച്ചത്. 1621-ലെ ജെയിംസ് രാജാവിന്‍റെ ഒരു വെള്ളി നാണയത്തിന് 2.80 ലക്ഷം രൂപയും ലഭിച്ചു. 

ഓവര്‍ സ്പീഡിന് പിടിച്ചു, ട്രാഫിക് പോലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടന്ന് പാക് യുവതി; വൈറല്‍ വീഡിയോ കാണാം

click me!