
പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിൽ നിന്ന് അസാധാരണമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പഞ്ചാബ് സ്റ്റേറ്റ് ലോട്ടറിയുടെ 1.5 കോടി രൂപയുടെ ലോട്ടറി അടിച്ച ദമ്പതികൾ തങ്ങൾ കൊള്ളയടിക്കപ്പെടുമെന്ന് ഭയന്ന് വീട് വിട്ടുപോയതായി റിപ്പോർട്ട്. ലോട്ടറി വിജയികളായ നസീബ് കൗറും ഭർത്താവ് രാം സിങ്ങുമാണ് തങ്ങളുടെ ഗ്രാമം ഉപേക്ഷിച്ച് ഒളിവിൽ പോയത്. ഇരുവരും സൈദേക്കെ ഗ്രാമത്തിൽ നിന്നുള്ള ദിവസ വേതനക്കാരായ കർഷക തൊഴിലാളികളാണ്.
ഒന്നാം സമ്മാനമായ 200 രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങിയതോടെ ഒറ്റരാത്രികൊണ്ട് അവരുടെ ജീവിതം മാറി. തങ്ങൾ കൊള്ളയടിക്കപ്പെടുമെന്ന ഭയം അവരെ സ്വന്തം വീടും ഗ്രാമം തന്നെയും ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. വൻ ലോട്ടറി നേടിയ വാർത്ത ഗ്രാമത്തിൽ അതിവേഗം പരന്നു. ഇതോടെ, കൊള്ളക്കാരോ മോചനദ്രവ്യം തേടുന്ന കുറ്റവാളികളോ തങ്ങളെ ലക്ഷ്യം വച്ചേക്കുമോയെന്ന ആശങ്ക ദമ്പതികൾക്ക് വർദ്ധിച്ചു. പെട്ടെന്നുള്ള ശ്രദ്ധ നേടൽ, ലോട്ടറി ലഭിച്ചത് അറിഞ്ഞ് വീട്ടിലേക്കെത്തുന്ന അപരിചിതരായ സന്ദർശകർ, ഗ്രാമത്തിൽ അനുഭവപ്പെട്ട അസാധാരണമായ തിരക്ക് ഇതെല്ലാം ദമ്പതികളിൽ ഭയം ജനിപ്പിച്ചു. പിന്നാലെയാണ് ഇവർ ഒളിവിൽ പോയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
വിവരമറിഞ്ഞ് ഫരീദ്കോട്ട് പോലീസ് ദമ്പതികളെ കണ്ടെത്തുകയും സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു. പോലീസ് ഇവരുടെ വീട്ടിൽ നേരിട്ട് എത്തി പൂർണ്ണ സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തർലോചൻ സിംഗ് പറഞ്ഞു. ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം ദമ്പതികളിൽ സംശയം വദ്ധിപ്പിച്ചു. ഇതോടെ അവർക്ക് അപരിചിതരെ കാണുമ്പോൾ ഭയം തോന്നിത്തുടങ്ങി. എന്നാല്‍ തങ്ങൾ ദമ്പതികളെ നേരിൽ കണ്ട് സംസാരിച്ചെന്നും സുരക്ഷ വാഗ്ദാനം ചെയ്തെന്നും ഇതോടെ ഇരുവരും വീട്ടിൽ തിരിച്ചെത്തിയെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.