30 ലക്ഷത്തിന് സ്വകാര്യജെറ്റ് വാടകയ്‍ക്കെടുത്ത് ദമ്പതികള്‍, നായയെ ബാലിയിൽനിന്നും ഓസ്ട്രേലിയയിലെത്തിക്കാൻ

Published : Dec 10, 2021, 03:43 PM IST
30 ലക്ഷത്തിന് സ്വകാര്യജെറ്റ് വാടകയ്‍ക്കെടുത്ത് ദമ്പതികള്‍, നായയെ ബാലിയിൽനിന്നും ഓസ്ട്രേലിയയിലെത്തിക്കാൻ

Synopsis

കഴിഞ്ഞ അഞ്ച് മാസമായി മഞ്ച്‌കിൻ, ദമ്പതികളിൽ നിന്ന് അകന്ന് കഴിയുകയാണ്. കാത്തിരുന്ന് മടുത്ത അവർ ഇപ്പോൾ ഒരു സ്വകാര്യ ജെറ്റ് തന്നെ വാടകയ്‌ക്കെടുത്ത് അവളെ തങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. 

ക്വീൻസ്‌ലാൻഡ്(Queensland) സ്വദേശിയായ ഒരു സുന്ദരി മുപ്പതുലക്ഷം രൂപ വിലമതിക്കുന്ന ഒരു സ്വകാര്യ ജെറ്റ് വാടകയ്‌ക്കെടുക്കുന്നു. എന്തിനെന്നോ? തന്റെ വളർത്തുമൃഗത്തെ ഓസ്‌ട്രേലിയയിൽ കൊണ്ടുവരാൻ, അതിനൊപ്പം താമസിക്കാൻ. ബാലിയിൽ നിന്നുള്ള ഒരു തെരുവ് നായയാണ്(street dog from Bali) താരം. അവളുടെ പേര് മഞ്ച്‌കിൻ(Munchkin). നായയെ കഴിഞ്ഞ ആറ് വർഷമായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് യുവതി. ഒടുവിൽ മറ്റ് മാർ​ഗങ്ങൾ ഇല്ലാതായതോടെയാണ് ഈ തീരുമാനം.  

ക്വീൻസ്‌ലാൻഡിലെ സൺഷൈൻ കോസ്റ്റിലാണ് നതാഷ കോർബിൻ(Natasha Corbin) താമസിക്കുന്നത്. പങ്കാളിയായ ഡേവിഡ് ഡെയ്‌നിനൊപ്പം ബാലിയിൽ താമസിക്കുന്ന സമയത്താണ് ആ നായയെ അവൾ ആദ്യമായി കാണുന്നത്. നതാഷ ഒരു ഓൺലൈൻ മാർക്കറ്റിംഗ് ബിസിനസ് നടത്തുകയായിരുന്നു അപ്പോൾ. രണ്ടുപേർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നതിനാൽ ദമ്പതികൾ ബാലിയിൽ വന്ന് താമസമാക്കി. "ഞങ്ങൾ ബാലിയിലേക്ക് മാറാൻ തീരുമാനിച്ചപ്പോൾ, എന്റെ പങ്കാളിക്ക് ഒരൊറ്റ വ്യവസ്ഥയേ ഉണ്ടായിരുന്നുള്ളൂ. ഒരു നായയുമായും ഇടപഴകാൻ പാടില്ല. കാരണം എനിക്ക് നായകളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു" അവൾ പറഞ്ഞു. 

അതുകൊണ്ട് തന്നെ, അവൾ നായ്ക്കളെ കഴിയുന്നത്ര ശ്രദ്ധിക്കാതിരുന്നു. എന്നാൽ മഞ്ച്കിനെ മാത്രം നതാഷയ്ക്ക് അവഗണിക്കാൻ കഴിഞ്ഞില്ല. അവൾ ഒരു ചെറിയ നായ്ക്കുട്ടിയായിരുന്നു. ഒരു ദിവസം എങ്ങനെയോ അവൾ നതാഷയുടെ വില്ലയ്ക്ക് സമീപം എത്തി. അങ്ങനെ ദമ്പതികൾ അവളെ എടുത്ത് വളർത്താൻ തുടങ്ങി.

മഞ്ച്കിന്റെ ഓസ്‌ട്രേലിയയിലേക്കുള്ള ഈ യാത്രയ്ക്ക് പിന്നിൽ ഒരുപാട് നാളത്തെ കഷ്ടപ്പാടുണ്ട്. ദമ്പതികൾ ഇടയ്ക്ക് ന്യൂസിലാൻഡിലേക്കും താമസം മാറിയിരുന്നു. അവിടെ നിന്ന് നായയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാൻ കുറേക്കാലം പരിശ്രമിച്ചു. അന്താരാഷ്ട്ര വളർത്തുമൃഗങ്ങളുടെ ക്വാറന്റൈൻ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇന്തോനേഷ്യയേക്കാൾ ന്യൂസിലാൻഡിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് നായയെ കൊണ്ടുപോകാനായിരുന്നു എളുപ്പം. ഇതിനായി അവർ രണ്ട് വർഷത്തോളം ന്യൂസിലാൻഡിൽ താമസിച്ചു.  

എന്നാൽ, നതാഷയുടെ ശസ്ത്രക്രിയയ്ക്കായി ദമ്പതികൾക്ക് അടിയന്തിരമായി ഓസ്‌ട്രേലിയയിലേക്ക് മടങ്ങേണ്ടി വന്നു. കഴിഞ്ഞ അഞ്ച് മാസമായി മഞ്ച്‌കിൻ, ദമ്പതികളിൽ നിന്ന് അകന്ന് കഴിയുകയാണ്. കാത്തിരുന്ന് മടുത്ത അവർ ഇപ്പോൾ ഒരു സ്വകാര്യ ജെറ്റ് തന്നെ വാടകയ്‌ക്കെടുത്ത് അവളെ തങ്ങളുടെ അടുത്തേയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. എന്നാൽ, അതിനുള്ള ചെലവുകൾക്കായി അതിലെ സീറ്റുകൾ യാത്രക്കാർക്ക് വിൽക്കാനും അവർ പദ്ധതിയിടുന്നു.  

ഓസ്‌ട്രേലിയൻ റെസിഡൻസിക്കായുള്ള മഞ്ച്‌കിന്റെ യാത്രയിൽ സിംഗപ്പൂരിലെ ഒരു പെന്റ്‌ഹൗസ് ഉൾപ്പെടെ നാല് വളർത്തു കേന്ദ്രങ്ങളിൽ അവൾ കഴിഞ്ഞിട്ടുണ്ട്. നായ സിംഗപ്പൂരിൽ ആയ സമയത്ത് ദമ്പതികൾ ബാലിയിലേക്ക് തിരികെ എത്തിയിരുന്നു. അവർക്ക് മാസത്തിലൊരിക്കൽ മഞ്ച്കിനെ സന്ദർശിക്കാനായിരുന്നു അത്. ഓസ്‌ട്രേലിയയിലേക്ക് കടക്കാനുള്ള ആരോഗ്യ പരിശോധനകളിൽ മഞ്ച്‌കിൻ തുടർച്ചയായി പരാജയപ്പെട്ടിരുന്നു. 

പക്ഷേ, പകർച്ചവ്യാധിയല്ലെന്ന് കണ്ട ശേഷം, രാജ്യത്തേക്ക് പ്രവേശിക്കാൻ അവൾക്ക് കഴിഞ്ഞ ആഴ്ച ഔദ്യോഗിക അനുമതി ലഭിച്ചു. ഓസ്‌ട്രേലിയയിലേക്ക് നായയെ കൊണ്ടുപോകുന്നത് വളരെ ചെലവേറിയ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ, ഇതിനായി അവർ മില്യൺ ഡോളർ മഞ്ച്‌കിൻ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളും ആരംഭിച്ചിട്ടുണ്ട്. "അവൾ ഇപ്പോൾ ഞങ്ങളുടെ കുടുംബമാണ്. ഇനി എന്ത് സംഭവിച്ചാലും അതിൽ ഒരു മാറ്റവുമില്ല. ഞാൻ അവളെ അത്രയധികം സ്നേഹിക്കുന്നു” നതാഷ പറഞ്ഞു.


 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!