വീട് അങ്ങനെത്തന്നെ പറിച്ചുമാറ്റി, വെള്ളത്തിലൂടെ പുതിയ സ്ഥലത്തേക്കെത്തിച്ച് ദമ്പതികള്‍, കണ്ടാല്‍ അവിശ്വസനീയം!

By Web TeamFirst Published Oct 18, 2021, 11:12 AM IST
Highlights

വീട് പുതിയ തീരത്ത് എത്തിയപ്പോൾ, ജലത്തിന്റെ അരികിൽ കാത്തുനിന്ന രണ്ട് മെക്കാനിക്കൽ ജോലിക്കാര്‍ കരയിലേക്ക് വലിക്കാൻ സഹായിച്ചു. പിന്നീട് ചരിവിലൂടെ വീട് വലിച്ചു കയറ്റി. 

നമ്മള്‍ ഒരു വീട്ടില്‍(house) നിന്നും മറ്റൊരു വീട്ടിലേക്ക് താമസം മാറാറുണ്ട്. പലപ്പോഴും അതുവരെ താമസിച്ചിരുന്ന വീട് വിട്ട് പോവുക എന്നത് വലിയ വേദനയും വിഷമവും ഉണ്ടാക്കുന്ന ഒന്നാണ്. എന്നുവച്ച് വീടിനെ പറിച്ച് മറ്റൊരിടത്ത് കൊണ്ടുവയ്ക്കാനൊക്കുമോ അല്ലേ? എന്നാല്‍, ഇവിടെ ഒരു ദമ്പതികള്‍(couple) തങ്ങളുടെ വീട് അതുപോലെ തന്നെ പറിച്ച് ഒരു ദ്വീപിലേക്ക് മാറ്റിയിരിക്കുകയാണ്. അതും വെള്ളത്തിലൂടെ ഒഴുക്കിയാണ് വീട് കൊണ്ടുപോയിരിക്കുന്നത്. 

കാനഡയിലെ(Canada) ഗ്രാമീണ ന്യൂഫൗണ്ട്ലാൻഡിലാണ് ഇങ്ങനെ വീടിനെ പറിച്ചുമാറ്റി സ്ഥാപിച്ചത്. ദമ്പതികൾ തങ്ങളുടെ രണ്ട് നിലകളുള്ള വീട് ബേ ഓഫ് ദ്വീപുകളിലൂടെ തീരപ്രദേശത്തുള്ള ഒരു പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായി കുറച്ച് വേറിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

വീട്ടുടമ ഡാനിയേൽ പെന്നിയും അവളുടെ ബോയ്ഫ്രണ്ട് കിർക്ക് ലാവലും ഒക്ടോബർ 11 -ന് അര ഡസൻ ബോട്ടുകളാണ് അവരുടെ വീട് പുതിയ സ്ഥലത്തേക്ക് മാറ്റാനായി ഉപയോഗിച്ചത്. റിപ്പോർട്ടുകൾ അനുസരിച്ച്, ഉൾക്കടലിന്റെ വടക്കൻ തീരത്തേക്കുള്ള യാത്ര ഏകദേശം എട്ട് മണിക്കൂർ എടുത്തു. എന്നാൽ, ഒരു കിലോമീറ്റര്‍ വരുന്ന ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒരുതവണ വീട് വെള്ളത്തിലേക്ക് മറിഞ്ഞുവീഴാന്‍ പോയി. പിന്നെയൊരു തവണ ബോട്ടുകളിലൊന്ന് തകര്‍ന്നു. ആ സമയത്ത് മറ്റ് ബോട്ടുകള്‍ വീടിനെ താങ്ങിയത് കൊണ്ട് അപകടം ഒഴിവാകുകയായിരുന്നു. 

വീട് പുതിയ തീരത്ത് എത്തിയപ്പോൾ, ജലത്തിന്റെ അരികിൽ കാത്തുനിന്ന രണ്ട് മെക്കാനിക്കൽ ജോലിക്കാര്‍ കരയിലേക്ക് വലിക്കാൻ സഹായിച്ചു. പിന്നീട് ചരിവിലൂടെ വീട് വലിച്ചു കയറ്റി. ഡാനിയേലിന്റെ മുൻ വീടിനുള്ള സ്ഥലം സ്വന്തമായിരുന്നില്ല. ഉടമ പ്ലോട്ട് പുനർവികസനം ചെയ്യാൻ പദ്ധതിയിടുന്നതായി കേട്ടപ്പോൾ, സ്വന്തം ഭൂമിയിലേക്ക് അവളുടെ വീട് മാറ്റാൻ അവൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ, കരയിൽ വളരെയധികം തടസങ്ങൾ ഉള്ളതിനാൽ ഈ നീക്കം വെള്ളത്തിലൂടെ നടത്തേണ്ടിവന്നു.

ആ വീട് തനിക്ക് അത്രയും ഇഷ്ടമായിരുന്നു എന്നും തന്‍റെ ഹൃദയം എപ്പോഴും ആ വീട്ടിലായിരുന്നു എന്നും ഡാനിയേല്‍ പറയുന്നു. ബോട്ടുപയോഗിച്ച് കടത്തുന്നതിന് മുമ്പ് തന്നെ വീട് മെറ്റല്‍ ഫ്രെയിമുകളും മറ്റും ഉപയോഗിച്ച് നന്നായി ബന്ധിച്ചിരുന്നു. 

click me!