കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന ഭർത്താവിന്റെ കുഞ്ഞിനെ വേണമെന്ന് യുവതി, ബീജസാമ്പിൾ ശേഖരിക്കാമെന്ന് കോടതി

By Web TeamFirst Published Jul 22, 2021, 11:46 AM IST
Highlights

എന്നാൽ, മരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗർഭം ധരിക്കണമെന്ന് ആഗ്രഹിച്ച യുവതി ഇക്കാര്യം ആശുപത്രിയെ അറിയിച്ചു. എന്നാൽ, ആശുപത്രി അധികൃതർ സാധ്യമല്ലെന്ന് പറഞ്ഞു അവരെ ഒഴിവാക്കി. 

കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന ഭർത്താവിൽ നിന്നും ഗർഭം ധരിക്കാൻ ആഗ്രഹിച്ച് ഒരു യുവതി കോടതിയെ സമീപിച്ചു. ഒടുവിൽ ഇപ്പോൾ ഗുജറാത്ത് ഹൈക്കോടതി ആശുപത്രിയോട് കൃത്രിമ ഗർഭധാരണത്തിനുള്ള ബീജ സാമ്പിളുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ്. ഗുരുതരമായി രോഗം ബാധിച്ച് വഡോദരയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ കഴിയുകയാണ് യുവാവ്. രക്ഷപ്പെടാൻ നേരിയ സാധ്യത മാത്രമേയുള്ളൂ എന്നാണ് ഡോക്ടർമാരുടെ കണക്ക് കൂട്ടൽ.
  
എന്നാൽ, മരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗർഭം ധരിക്കണമെന്ന് ആഗ്രഹിച്ച യുവതി ഇക്കാര്യം ആശുപത്രിയെ അറിയിച്ചു. എന്നാൽ, ആശുപത്രി അധികൃതർ സാധ്യമല്ലെന്ന് പറഞ്ഞു അവരെ ഒഴിവാക്കി. ഇതിന് ഭർത്താവിന്റെ സമ്മതം ആവശ്യമാണെന്നും, ഗുരുതരാവസ്ഥയിൽ, ലൈഫ് സപ്പോർട്ട് സിസ്റ്റത്തിൽ കഴിയുന്ന ഭർത്താവിന് സമ്മതം നൽകാൻ സാധിക്കാത്ത അവസ്ഥയിൽ യുവതിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്നും അധികൃതർ പറഞ്ഞു. കോടതിയുടെ ഉത്തരവ് ഉണ്ടെങ്കിൽ അത് ചെയ്യാമെന്നും അധികൃതർ പറഞ്ഞു. യുവതി ഉടനെ തന്നെ ഒരു വക്കീലിനെ കാണുകയും, മരിക്കുന്നതിന് മുൻപ് ഭർത്താവിന്റെ ബീജം ശേഖരിക്കാൻ അനുവദിക്കണമെന്ന ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകുകയും ചെയ്തു. തുടർന്ന് ഗുജറാത്ത് ഹൈക്കോടതി ഐവിഎഫ് ചികിത്സയ്ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിക്കാൻ ഉത്തരവിട്ടു.  

അസാധാരണമായ അടിയന്തര സാഹചര്യമായി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. യുവാവിന്റെ നില ഗുരുതരമായി തുടരുന്നതിനാൽ പെട്ടെന്ന് തന്നെ കോടതി വാദം കേൾക്കുകയും, ഉത്തരവ് ഇറക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ ബീജ സാമ്പിളുകൾ  ശേഖരിക്കാനും, ഐവിഎഫ് നടപടിക്രമങ്ങൾ നടത്താനും, വൈദ്യോപദേശപ്രകാരം ഉചിതമായ സ്ഥലത്ത് അത് സൂക്ഷിക്കാനും കോടതി ആശുപത്രിയോട് നിർദ്ദേശിച്ചു. കോടതിയുടെ ഉത്തരവ് ലഭിച്ച് മണിക്കൂറുകൾക്കകം രോഗിയുടെ ശുക്ലം ഡോക്ടർമാർ വിജയകരമായി വേർതിരിച്ചെടുത്തതായി യുവാവിനെ ചികിത്സിക്കുന്ന സ്റ്റെർലിംഗ് ഹോസ്പിറ്റലിലെ സോണൽ ഡയറക്ടർ അനിൽ നമ്പ്യാർ മാധ്യമങ്ങളോട് പറഞ്ഞു. 

click me!