
രക്തബന്ധമില്ലാത്ത വ്യക്തികൾ ഉൾപ്പെടുന്ന നഗരത്തിലെ ആദ്യത്തെ നിയമപരമായ രക്ഷാകർതൃത്വ (Legal guardianship) കേസിന് ഷാങ്ഹായ് കോടതി അംഗീകാരം നൽകി. മാനസിക വെല്ലുവിളി നേരിടുന്ന അയൽക്കാരനെ നാല് പതിറ്റാണ്ടുകളായി പരിചരിക്കുന്ന ഒരു കുടുംബത്തിന്‍റെ അർപ്പണബോധമാണ് ഇത്തരമൊരു ചരിത്രവിധിക്ക് വഴിയൊരുക്കിയത്.
71 -കാരനായ റെൻ ആണ് 56 -കാരനായ അയൽക്കാരൻ ഷുവിന് താങ്ങായി നിൽക്കുന്നത്. തന്‍റെ മാതാപിതാക്കളിൽ നിന്നാണ് റെൻ ഈ കാരുണ്യ പ്രവൃത്തി ഏറ്റെടുത്തതെന്ന് ഷാങ്ഹായ് ലോ ജേർണൽ റിപ്പോർട്ട് ചെയ്തു. ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന ഷു, വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് സ്വദേശിയാണ്. വിവാഹം കഴിക്കാത്ത അദ്ദേഹത്തിന് കുട്ടികളോ ജീവിച്ചിരിക്കുന്ന മറ്റ് ബന്ധുക്കളോ ഇല്ല. 1980-കളിൽ തന്‍റെ മുത്തച്ഛനോടൊപ്പം കിഴക്കൻ ചൈനയിലെ ഷാങ്ഹായിലേക്ക് താമസം മാറിയ ഷു, മുത്തച്ഛന്‍റെ മരണത്തോടെ തീർത്തും ഒറ്റപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരേ കെട്ടിടത്തിൽ താമസിച്ചിരുന്ന റെന്നിന്‍റെ മാതാപിതാക്കൾ അദ്ദേഹത്തിന് ഭക്ഷണവും മറ്റ് പരിചരണവും നൽകി സഹായിക്കാൻ തുടങ്ങിയത്.
2007 -ൽ ജോലിയിൽ നിന്ന് വിരമിച്ചതോടെ റെൻ ഈ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുത്തു. ഷുവിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ അദ്ദേഹത്തെ ഒരു കെയർ ഹോമിലേക്ക് മാറ്റി. ഷുവിന് ലഭിച്ചിരുന്ന പ്രതിമാസ സബ്‌സിഡി തുക ഫീസ് അടയ്ക്കാൻ തികയാതെ വന്നപ്പോൾ, ബാക്കി തുക റെൻ സ്വന്തം കയ്യിൽ നിന്നാണ് അടച്ചിരുന്നത്. ഇതിനുപുറമെ, ക്ഷേമ സഹായങ്ങൾക്കുള്ള അപേക്ഷകൾ, ആശുപത്രി ആവശ്യങ്ങൾ, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് പുതുക്കൽ എന്നിവയ്ക്കെല്ലാം റെൻ ഒപ്പം നിന്നു.
2021 -ൽ ഷുവിന്‍റെ പഴയ വീട് പൊളിച്ച് മാറ്റിയപ്പോൾ, അദ്ദേഹത്തിന് പകരം ഒരു ഫ്ലാറ്റും ഒരു മില്യൺ യുവാൻ (ഏകദേശം 1,50,000 യു.എസ് ഡോളർ) നഷ്ടപരിഹാരവും ലഭിച്ചു. ഈ വലിയ തുക ഷുവിന് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ റെൻ, പ്രാദേശിക അധികാരികളുടെ സഹായത്തോടെ ഷുവിന്‍റെ സമ്മതപ്രകാരം ഒരു അസറ്റ് മാനേജ്മെന്‍റ് പ്ലാൻ തയ്യാറാക്കി. ഷുവിന്‍റെ പേരിൽ ഒരു ഫ്ലാറ്റ് രജിസ്റ്റർ ചെയ്യുകയും, ദൈനംദിന ചിലവുകൾക്കായി മാറ്റിവെച്ച തുക ഇരുവരും ഒരുമിച്ച് ബാങ്കിൽ പോയാൽ മാത്രം പിൻവലിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരിക്കുകയും ചെയ്തു. ബാക്കി തുക നിക്ഷേപമാക്കി മാറ്റി.
അടുത്തിടെ, ഷുവിന്‍റെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ മൂത്ത സഹോദരി സിൻജിയാങ്ങിൽ അസുഖം ബാധിച്ച് മരിച്ചു. ഇതോടെയാണ് ഷുവിന്‍റെ കാര്യങ്ങളിൽ നിയമപരമായ അധികാരം തേടി റെൻ പ്രാദേശിക കോടതിയെ സമീപിച്ചത്. റെന്നിന്‍റെ കുടുംബത്തോട് തനിക്ക് വലിയ സ്നേഹമുണ്ടെന്നും അവരെ പൂർണ്ണമായി വിശ്വസിക്കുന്നുവെന്നും വാദം കേൾക്കുന്നതിനിടയിൽ ഷു കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി റെന്നിനെ നിയമപരമായ രക്ഷാധികാരിയായി നിയമിച്ചത്.
"ഇപ്പോൾ ഞാൻ ഷുവിന്‍റെ നിയമപരമായ രക്ഷാധികാരിയാണ്. ഇനി അവനെ നോക്കാൻ ഞാൻ പൂർണ്ണമായി എന്നെത്തന്നെ സമർപ്പിക്കും," റെൻ പ്രതികരിച്ചു. ഭാവിയിൽ തനിക്ക് ഇതിന് കഴിയാതെ വന്നാൽ തന്‍റെ മകൾ ഈ ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാർത്ത ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടി. "തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സ്നേഹമാണിത്," എന്നാണ് ആളുകൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഭൂമിയിലെ എല്ലാ ആത്മാർത്ഥമായ ബന്ധങ്ങൾക്കും നിയമത്തിന്‍റെ പരിരക്ഷ ലഭിക്കട്ടെയെന്നും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളുയർന്നു.