ഭാര്യ ചെയ്ത വീട്ടുജോലിക്ക് നഷ്ടപരിഹാരം കൊടുക്കണം, വിധി പുറപ്പെടുവിച്ച് ചൈനയിലെ കോടതി

By Web TeamFirst Published Feb 25, 2021, 5:54 PM IST
Highlights

"വിവാഹശേഷം ദമ്പതികളുടെ സ്വത്ത് തുല്യമായി വിഭജിക്കുന്നത് സാധാരണമാണെങ്കിലും, വീട്ടുജോലികളിൽ അത്തരമൊന്ന് ഉണ്ടാകാറില്ല. എന്നാൽ അതിനും മൂല്യമുണ്ട്” പ്രിസൈഡിംഗ് ജഡ്ജി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാപ്പകലില്ലാതെ വീട്ടുജോലികൾ ചെയ്യുന്നവരാണ് നമുക്ക് ചുറ്റിലുമുള്ള മിക്ക സ്ത്രീകളും. വളരെയേറെ അധ്വാനവും, സമയവും വേണ്ടുന്ന ഒന്നാണ് അതെങ്കിലും, ഒരിക്കലും ആരും അതൊരു ജോലിയായി കണക്കാക്കാറില്ല എന്നതാണ് വാസ്തവം. വീട്ടമ്മമാരുടെ ഈ സേവനം പലപ്പോഴും കടമയായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അവളുടെ കഷ്ടപ്പാടുകൾ ഒന്നും മറ്റുള്ളവർക്ക് ഒരു വിഷയമേ ആകാറില്ല. വീട്ടിലെ ജോലികൾ എല്ലാം തീർത്ത് ഒന്ന് നടുനിവർത്താൻ പോലും സാധിക്കാത്ത വീട്ടമ്മമാരും, വീട്ടിലെ ജോലികൾ ഒക്കെ ഒതുക്കി വെപ്രാളപ്പെട്ട് ജോലിയ്ക്ക് പോകേണ്ടി വരുന്ന സ്ത്രീകളും അക്കൂട്ടത്തിലുണ്ട്. എന്നിട്ടും, 'നിനക്കെന്താ ഇവിടെ ഇത്ര പണി' എന്ന പരിഹാസം മാത്രമായിരിക്കും ബാക്കിയുണ്ടാവുക. എന്നാൽ, അത്തരം സ്ത്രീകൾക്ക് ഒരു ആത്മവിശ്വാസം നൽകുന്ന ഒരു വിധിയാണ് കഴിഞ്ഞ ദിവസം ഒരു ചൈനീസ് കോടതി പുറപ്പെടുവിച്ചത്.  

ഒരുമിച്ച് ജീവിക്കുന്ന കാലത്ത് ഭാര്യ ചെയ്ത വീട്ടുജോലികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഒരു വിവാഹമോചന കേസിൽ ബെയ്ജിംഗ് കോടതി ഉത്തരവിട്ടു. അഞ്ചുവർഷം ശമ്പളമില്ലാതെ വീട്ടുജോലികൾ ചെയ്ത ആ സ്ത്രീയ്ക്ക് 50,000 യുവാൻ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. വീട്ടുജോലിയുടെ മൂല്യത്തെക്കുറിച്ച് ഓൺ‌ലൈനിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴി വച്ചത്. നഷ്ടപരിഹാര തുക വളരെ കുറവാണെന്ന് ചിലർ പറഞ്ഞു.

കോടതി രേഖകൾ പ്രകാരം, 2015 -ൽ വിവാഹിതനായ ചെൻ എന്നയാൾ ഭാര്യ വാങിൽ നിന്ന് വിവാഹമോചനം നേടാൻ അപേക്ഷ നൽകിയിരുന്നു. ആദ്യം വിവാഹമോചനത്തിന് ഭാര്യ സമ്മതിച്ചില്ലെങ്കിലും, പിന്നീട് സാമ്പത്തിക നഷ്ടപരിഹാരം വേണമെന്ന് അവർ ആവശ്യപ്പെട്ടു. മകനെ നോക്കി വളർത്തുന്നതിലും, വീട്ടുജോലികളിലും ചെൻ തന്നെ സഹായിച്ചിട്ടില്ലെന്ന് വാങ് കോടതിയിൽ വാദിച്ചു. ബെയ്ജിംഗിലെ ഫങ്‌ഷാൻ ഡിസ്ട്രിക്റ്റ് കോടതി അവർക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. പ്രതിമാസം 2,000 യുവാൻ ജീവനാംശം നൽകാനും അവൾ ചെയ്ത വീട്ടുജോലികൾക്കായി ഒറ്റത്തവണ വ്യവസ്ഥയിൽ 50,000 യുവാൻ (ഏകദേശം ആറ് ലക്ഷത്തിനടുത്ത് രൂപ) നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

"വിവാഹശേഷം ദമ്പതികളുടെ സ്വത്ത് തുല്യമായി വിഭജിക്കുന്നത് സാധാരണമാണെങ്കിലും, വീട്ടുജോലികളിൽ അത്തരമൊന്ന് ഉണ്ടാകാറില്ല. എന്നാൽ അതിനും മൂല്യമുണ്ട്” പ്രിസൈഡിംഗ് ജഡ്ജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വർഷം പ്രാബല്യത്തിൽ വന്ന രാജ്യത്തെ പുതിയ സിവിൽ കോഡ് അനുസരിച്ചാണ് വിധി. പുതിയ നിയമപ്രകാരം, കുട്ടികളെ വളർത്തുന്നതിലും, പ്രായമായ വീട്ടുകാരെ പരിപാലിക്കുന്നതിലും, പങ്കാളികളെ അവരുടെ ജോലിയിൽ സഹായിക്കുന്നതിലും കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്ന ഭാര്യമാർക്ക് വിവാഹമോചനത്തിൽ നഷ്ടപരിഹാരം തേടാനുള്ള അവകാശമുണ്ട്.  

സോഷ്യൽ മീഡിയയിൽ, ഈ കേസ് ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു. അഞ്ച് വർഷത്തെ വീട്ടുജോലിക്കായി 50,000 യുവാൻ വളരെ കുറവാണെന്ന് സോഷ്യൽ മീഡിയയിലെ ചിലർ ചൂണ്ടിക്കാട്ടി. “ഒരു മുഴുവൻ സമയ വീട്ടമ്മയുടെ ജോലിയെ കുറച്ചുകാണുകയാണ് ഇവിടെ. ബെയ്ജിംഗിൽ ഒരു വർഷത്തേക്ക് ഒരു ആയയെ വയ്ക്കാൻ 50,000 യുവാനിൽ കൂടുതൽ ചെലവാകും” ഒരാൾ പറഞ്ഞു. അതേസമയം ആണുങ്ങൾ വീട്ടുജോലികൾ ഏറ്റെടുക്കണമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. വിവാഹശേഷം തങ്ങളുടെ ജോലി ഉപേക്ഷിക്കരുതെന്നും ചിലർ സ്ത്രീകളോട് ആവശ്യപ്പെട്ടു. "എല്ലായ്പ്പോഴും സ്വതന്ത്രരായിരിക്കാൻ സ്ത്രീകൾ ഓർമ്മിക്കുക. വിവാഹശേഷം ജോലി ഉപേക്ഷിക്കരുത്, നിങ്ങളുടെ വഴി സ്വയം  കണ്ടെത്തുക," ഒരാൾ എഴുതി. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ (ഒഇസിഡി) കണക്കനുസരിച്ച്, ചൈനയിൽ സ്ത്രീകൾ ദിവസത്തിൽ നാലുമണിക്കൂറോളം ശമ്പളമില്ലാത്ത വീട്ടുജോലികൾക്കായി ചെലവഴിക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. ഇത് പുരുഷന്മാരേക്കാൾ 2.5 ഇരട്ടിയാണ്. 

(ചിത്രം പ്രതീകാത്മകം)

click me!