ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകും, മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത്, ജീവനക്കാരനെ പിരിച്ചുവിട്ടു, തെറ്റില്ലെന്ന് കോടതിയും

Published : Dec 15, 2025, 04:13 PM IST
 bathroom

Synopsis

മണിക്കൂറുകൾ നീണ്ട ബാത്ത്റൂം ഇടവേളകളുടെ പേരിൽ കിഴക്കൻ ചൈനയിലെ ഒരു എഞ്ചിനീയർക്ക് ജോലി നഷ്ടമായി. പൈൽസ് ആണ് കാരണമെന്ന് ജീവനക്കാരൻ വാദിച്ചെങ്കിലും, കമ്പനിയുടെ പിരിച്ചുവിടൽ നടപടി ശരിവെച്ച് കോടതിയും.

ഇടയ്ക്കിടെ ബാത്ത്റൂമിൽ‌ പോകും, പോയിക്കഴിഞ്ഞ് കുറേ നേരം കഴിഞ്ഞാണ് വരുന്നത്. ഇതിന്റെ പേരിൽ കിഴക്കൻ ചൈനയിലെ ഒരു എഞ്ചിനീയർക്ക് തന്റെ ജോലി നഷ്ടപ്പെട്ടു. മണിക്കൂറുകളോളം നീണ്ടുനിന്ന ബാത്ത്റൂം ഇടവേളകൾ വരെ ഇയാൾ എടുത്തിട്ടുണ്ട് എന്നാണ് കമ്പനി ആരോപിക്കുന്നത്. എന്നാൽ, ജീവനക്കാരൻ തനിക്ക് പൈൽസ് ഉണ്ട്, അതാണ് ഇങ്ങനെ ബാത്ത്റൂമിൽ പോകുന്നതിന് കാരണം എന്ന് വിശദീകരിച്ചെങ്കിലും ഇയാളെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ, കോടതിയും കമ്പനിക്കൊപ്പം നിൽക്കുകയും ജീവനക്കാരനെ പിരിച്ചുവിട്ടതിൽ തെറ്റില്ല എന്ന് പറയുകയും ചെയ്തു.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ലി എന്ന യുവാവ് ജിയാങ്‌സു പ്രവിശ്യയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 2024 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ ഒരു മാസത്തിനുള്ളിൽ 14 തവണ ലി ബാത്ത്റൂം ബ്രേക്ക് എടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. അതിലെ ഏറ്റവും ദൈർഘ്യമേറിയ ബ്രേക്ക് നാല് മണിക്കൂർ നീണ്ടുനിന്നതായി റിപ്പോർട്ടുകൾ പറയുന്നു. തന്റെ തൊഴിൽ കരാർ നിയമവിരുദ്ധമായി അവസാനിപ്പിച്ചു എന്ന് കാണിച്ച് പിന്നാലെ ലി കമ്പനിക്കെതിരെ കോടതിയെ സമീപിച്ചു, അതോടെയാണ് കേസ് ജനശ്രദ്ധ നേടുന്നത്.

2010 -ലാണ് ലി ഈ കമ്പനിയിൽ ജോലിക്ക് ചേർന്നത്. 2014 -ൽ കരാർ പുതുക്കുകയും ചെയ്തു. എപ്പോൾ അന്വേഷിച്ചാലും ജോലിയിലുണ്ടായിരിക്കുകയും ജോലിസംബന്ധമായ കാര്യങ്ങളിൽ ഉടനടി പ്രതികരിക്കുകയും ചെയ്യേണ്ടുന്ന റോളായിരുന്നു ലിയുടേത് എന്ന് കമ്പനി പറയുന്നു. കോടതിയിൽ കമ്പനി ലിയുടെ ബാത്ത്റൂം ബ്രേക്കുകൾ തെളിയിക്കുന്ന സിസിടിവി ഫൂട്ടേജുകൾ സമർപ്പിച്ചു. ലി ആണെങ്കിൽ തന്റെ രോ​ഗത്തെ കുറിച്ചുള്ള രേഖകളും. എന്നാൽ, അതിന് വേണ്ടതിൽ കൂടുതൽ നേരം ലി ബാത്ത്റൂമിൽ ചെലവഴിച്ചു, നേരത്തെ അസുഖത്തെ കുറിച്ച് കമ്പനിയെ അറിയിക്കുകയോ മെഡിക്കൽ ലീവ് എടുക്കുകയോ ചെയ്തില്ല എന്ന് കാണിച്ച് കമ്പനിക്കൊപ്പമാണ് കോടതി നിന്നത്.

അനാവശ്യമായി പിരിച്ചുവിട്ടു, 320,000 യുവാൻ (40 ലക്ഷം) നഷ്ടപരിഹാരം വേണമെന്ന ലിയുടെ ആവശ്യം കോടതി തള്ളി. പകരം നിലവിൽ ജോലിയില്ലാത്തതും കമ്പനിക്ക് നൽകിയ സംഭാവനയും എല്ലാം കണക്കിലെടുത്ത് 30,000 യുവാൻ (ഏകദേശം 3.81 ലക്ഷം) രൂപ ലിക്ക് നൽകാനാണ് കോടതി പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം', യുവാവിന്റെ പോസ്റ്റ്
ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോ, പക്ഷേ...; സിറിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദിനും വെടിയേറ്റു രണ്ട് തവണ!