ബന്ധുക്കളായ യുവതികളെ കാണാതായി; ദിവസങ്ങൾ ശേഷം ഇരുവരും മടങ്ങി വന്നത് 'വിവാഹിതരായി'

Published : Aug 09, 2025, 02:16 PM IST
Lesbian couple

Synopsis

യുവതികളെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ അന്വേഷിച്ചിറങ്ങിയ പോലീസ് ഇവരെ കണ്ടെത്തി. എന്നാല്‍ പരസ്പരം വിവാഹം ചെയ്തെന്നും ഒന്നിച്ച് ജീവിക്കാനാണ് തീരുമാനമെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. 

 

ത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നുള്ള ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി. പെണ്‍കുട്ടികളെ കാണുന്നില്ലെന്ന് അറിയിച്ച് ഇവരുടെ കുടുംബങ്ങൾ പോലീസില്‍ പരാതി നല്‍കി. മിസിംഗ് കേസെടുത്ത പോലീസ് അന്വേഷിക്കാമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചു. എന്നാല്‍ ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന പെണ്‍കുട്ടികൾ പോലീസ് സ്റ്റേഷനിൽ എത്തി തങ്ങൾ പരസ്പരം വിവാഹിതരായിയെന്ന് അറിയിക്കുകയായിരുന്നു. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ടെന്നും ഇവർ പോലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നു.

പെൺകുട്ടികളിൽ ഒരാളുടെ പിതാവ് മകളെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നതായി അമർ ഉജാലയിലെ റിപ്പോർട്ട് ചെയ്തു. മുസാഫർനഗറിലെ ടിറ്റാവി ഗ്രാമത്തിൽ താമസിക്കുന്ന ഒരു ബന്ധുവിന്‍റെ മകൾ തന്‍റെ മകളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പരാതി. മകളെ ആർക്കെങ്കിലും വിറ്റോയെന്ന് താൻ സംശയിക്കുന്നതായും പിതാവ് പോലീസില്‍ നല്‍കിയ പരാതി പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയ പോലീസ് യുവതികളെ കണ്ടെത്തി. തുടർന്ന് നാട്ടിലേക്ക് തിരിച്ചുവരികയാണെങ്കിൽ സംരക്ഷണം ഉറപ്പ് നൽകാമെന്ന് പോലീസ് ഇവരെ അറിയിച്ചു. ഇതേ തുടർന്നാണ് യുവതികൾ പോലീസ് സ്റ്റേഷനിൽ ഹാജരായി തങ്ങൾ വിവാഹിതരായെന്നും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തിയത്.

പോലീസ് സ്റ്റേഷനിലെത്തിയ യുവതികളിൽ ഒരാൾ വരന്‍റെ വേഷത്തിലും മറ്റേയാൾ വധുവിന്‍റെ വേഷത്തിലുമായിരുന്നു. ഒന്നര വർഷത്തോളമായി തങ്ങൾ പരസ്പരം പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ഇവർ പോലീസിനെ അറിയിച്ചു. പോലീസ് സ്റ്റേഷനിൽ വരുന്നതിനുമുമ്പ് ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചതായും അവർ പറഞ്ഞു. പോലീസ് നിർദ്ദേശം അനുസരിച്ച് യുവതികളുടെ ബന്ധുക്കളും ഈ സമയം സ്റ്റേഷനിൽ എത്തിയിരുന്നു. തീരുമാനത്തിൽ നിന്നും പിന്മാറി തങ്ങളോടൊപ്പം മടങ്ങിവരണമെന്ന് ബന്ധുക്കൾ യുവതികളോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് വഴങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല. വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണെന്ന് നിയമം ഇപ്പോഴും നിർവചിക്കുന്നു, അതായത് നിലവിലുള്ള ചട്ടക്കൂടിന് കീഴിൽ സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാൻ കഴിയില്ല. എങ്കിലും 2018 -ൽ, സുപ്രീം കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 റദ്ദാക്കിയിരുന്നു, ഇത് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ബന്ധങ്ങൾ കുറ്റകരമല്ലാതാക്കി. എന്നാൽ ഈ ചരിത്രപരമായ വിധി സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം നൽകിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?