ഏഴാമത്തെ വയസ്സില്‍ തോട്ടിപ്പണി, പത്താം വയസ്സില്‍ വിവാഹം; എന്നിട്ടും ഇവരെ തേടി പത്മശ്രീയെത്തിയതിങ്ങനെ

By Web TeamFirst Published Feb 2, 2020, 3:40 PM IST
Highlights

''ഞാനൊരു ബാലവധുവായിരുന്നു.'' ഉഷ പറയുന്നു. അവളുടെ ഭര്‍ത്താവ് ഒരു ശുചീകരണത്തൊഴിലാളിയായിരുന്നു. അമ്മായിഅമ്മയും തോട്ടിപ്പണി തന്നെയാണ് ചെയ്‍തുകൊണ്ടിരുന്നത്. അതൊക്കെ കൊണ്ടുതന്നെ താന്‍ ചെയ്‍ത അതേ തൊഴില്‍ തന്നെ വിവാഹത്തിനുശേഷവും അവള്‍ തുടര്‍ന്നു. തന്‍റെ വീടേ മാറിയുള്ളൂ, തൊഴില്‍ മാറിയില്ല എന്നാണ് ഉഷ അതിനെക്കുറിച്ച് പറയുന്നത്. 

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഇന്നും തോട്ടിപ്പണി ചെയ്യുന്നവരുണ്ട്. അവിടെയെല്ലാം കടുത്ത അവഗണനയാണിവര്‍ നേരിടുന്നത്. ചായക്കടകളില്‍ പോലും അകത്തേക്ക് കയറാനനുവദിക്കാത്തതും വേറെ ഗ്ലാസുകളില്‍ ചായ കൊടുക്കുന്നതുമടക്കം നിരവധിയായ അസമത്വവും അന്യായവുമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. എന്നാല്‍, ഏഴാമത്തെ വയസ്സില്‍ തോട്ടിപ്പണിയെടുത്തു തുടങ്ങിയ ഒരു സ്ത്രീക്ക് ഇത്തവണ പത്മശ്രീ പുരസ്‍കാരം കിട്ടിയിട്ടുണ്ട്. 

ആ ജീവിതം

'ഈ ഒറ്റ ജന്മത്തില്‍ത്തന്നെ ഞാന്‍ ജീവിച്ചത് രണ്ട് ജീവിതമാണ്' പറയുന്നത് 42 -കാരിയായ ഉഷ ചൗമര്‍. 2020 -ലെ പത്മശ്രീ പുരസ്‍കാരം ലഭിച്ചവരിലൊരാളാണ് ഉഷ. മൂന്നു കുട്ടികളുടെ അമ്മയായ ഉഷയെത്തേടി ഈ പുരസ്കാരമെത്തിയതിന് കൃത്യമായ കാരണമുണ്ട്. അവരുടെ തൊഴില്‍ തോട്ടിപ്പണിയായിരുന്നു. എന്നാല്‍ ഇന്ന്, 'ഞാനീ സമൂഹത്തില്‍നിന്ന് തൊട്ടുകൂടായ്‍മ തന്നെ തുടച്ചുമാറ്റാന്‍ പ്രയത്നിക്കുന്നു'വെന്നാണ് ഉഷ പറയുന്നത്. ഇന്ത്യയിലെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ് ഇവര്‍. എല്ലാ അര്‍ത്ഥത്തിലും ഒരു സൂപ്പര്‍ ഹീറോ തന്നെ. 

ഉഷ, ബെറ്റര്‍ ഇന്ത്യയോട് സംസാരിച്ചതിന്‍റെ പ്രസക്ത ഭാഗങ്ങള്‍: 

''വളരെ നേരത്തെ തന്നെ ഞാന്‍ തോട്ടിപ്പണിക്കിറങ്ങിയിരുന്നു. എന്‍റെ ഏഴാമത്തെ വയസ്സില്‍'' ഉഷ പറയുന്നു. തന്‍റെ കുട്ടിക്കാലത്തെ കുറിച്ച് അവര്‍ക്ക് നല്ല ഓര്‍മ്മയുണ്ട്. അവളുടെ അമ്മയാണ് അവളെ ആ തൊഴിലിലേക്ക് കൈപിടിച്ചുകൂട്ടിയത്. രാജസ്ഥാനിലെ ഭരത്പൂരില്‍ ദീഗ് എന്ന ഗ്രാമത്തിലായിരുന്നു ഉഷ ജനിച്ചത്. ദളിത് കുടുംബത്തിലായിരുന്നു ജനനം. 

അവരുടെ കുടുംബത്തിലെ എല്ലാവരും ചെയ്‍തിരുന്നത് ഈ തൊഴില്‍ തന്നെയായിരുന്നു. അതില്‍നിന്ന് പുറത്തുകടക്കാന്‍ അവര്‍ക്കാര്‍ക്കും സാധിച്ചിരുന്നില്ല. എങ്ങനെ പുറത്തുകടക്കുമെന്ന് അറിയുകയുമില്ലായിരുന്നു. ഓരോ നിമിഷം അതില്‍നിന്ന് പുറത്തുകടക്കണമെന്ന് കരുതുമ്പോഴും നിങ്ങളുടെ സ്ഥാനം ഇവിടെയൊക്കെത്തന്നെയാണ് എന്നും പറഞ്ഞ് സമൂഹം അവരെ അതേ ജോലിയില്‍ത്തന്നെ തളച്ചിട്ടു. 

അമ്മയെക്കുറിച്ചുള്ള അവളുടെ ആദ്യത്തെ ഓര്‍മ്മ തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്, അവര്‍ വളരെ വെളുപ്പിനുതന്നെ ഉറക്കമുണരുന്നു. ബാസ്ക്കറ്റ്, ബക്കറ്റ്, ചൂല് എന്നിവയെല്ലാമായി ഓരോ വീട്ടിലേക്കും തോട്ടിപ്പണിക്കായി കയറിയിറങ്ങുന്നു. ഉഷ വളര്‍ന്നു തുടങ്ങിയപ്പോള്‍ അവളോടും അമ്മയുടെ പാത പിന്തുടരാന്‍ അവര്‍ ആവശ്യപ്പെട്ടു. എത്രനേരത്തെയാണോ അത്ര നേരത്തെ അവളും ആ തൊഴിലിലേക്ക് തന്നെ തിരിയണമെന്ന് അവര്‍ കരുതിയിരുന്നു. 

''ഞങ്ങള്‍ക്ക് മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഞങ്ങളെപ്പോലുള്ളവര്‍ ആ നരകക്കുഴിയില്‍ത്തന്നെ ജീവിതം തീര്‍ക്കുകയായിരുന്നു'' ഉഷ പറയുന്നു. അങ്ങനെ ഏഴ് വയസ്സായപ്പോള്‍ത്തന്നെ, അവളുടെ ഗ്രാമത്തിലെ കുട്ടികളെല്ലാം സ്‍കൂളില്‍ പോയിത്തുടങ്ങിയപ്പോള്‍ അവള്‍ തോട്ടിപ്പണിയിലേക്കിറങ്ങി. തീര്‍ന്നില്ല, പത്താമത്തെ വയസ്സില്‍ അവളുടെ വിവാഹവും കഴിഞ്ഞു. 

''ഞാനൊരു ബാലവധുവായിരുന്നു.'' ഉഷ പറയുന്നു. അവളുടെ ഭര്‍ത്താവ് ഒരു ശുചീകരണത്തൊഴിലാളിയായിരുന്നു. അമ്മായിഅമ്മയും തോട്ടിപ്പണി തന്നെയാണ് ചെയ്‍തുകൊണ്ടിരുന്നത്. അതൊക്കെ കൊണ്ടുതന്നെ താന്‍ ചെയ്‍ത അതേ തൊഴില്‍ തന്നെ വിവാഹത്തിനുശേഷവും അവള്‍ തുടര്‍ന്നു. തന്‍റെ വീടേ മാറിയുള്ളൂ, തൊഴില്‍ മാറിയില്ല എന്നാണ് ഉഷ അതിനെക്കുറിച്ച് പറയുന്നത്. 

അവളുടെ അമ്മയും അമ്മായിഅമ്മയും അവളുമെല്ലാം അന്യന്‍റെ മാലിന്യം നീക്കം ചെയ്‍തു. എന്നിട്ടുപോലും പിറ്റന്നത്തേക്കുള്ള അന്നത്തിന്‍റെ കാര്യത്തില്‍ അവര്‍ക്കുറപ്പില്ലായിരുന്നു. പത്തോ ഇരുപതോ രൂപയാണ് ഓരോ ദിവസവും പണി കഴിയുമ്പോള്‍ അവരുടെ കയ്യില്‍ കിട്ടിയിരുന്നത്. അവരുടെ മാസവരുമാനം മിക്കപ്പോഴും 200-300 രൂപയായിരുന്നു. ''ചില വീട്ടുകാര്‍ അവിടെ ഉപേക്ഷിച്ച ഭക്ഷണം നമുക്ക് തരുമായിരുന്നു. വസ്ത്രങ്ങള്‍ വാങ്ങാന്‍ നമുക്ക് പണമില്ലായിരുന്നു. അവരുടെ കീറിപ്പറിഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്ത്രങ്ങളാണ് ഞങ്ങള്‍ ധരിച്ചിരുന്നത്'' -ഉഷ പറയുന്നു. 

മാറ്റം ഇവിടെനിന്ന്

ജനിച്ചപ്പോള്‍ തൊട്ടെന്ന പോലെ കൂടെയുള്ള ഈ ജോലിയില്‍നിന്നും തനിക്കൊരിക്കലും ഒരു മോചനമുണ്ടാകില്ല എന്ന് തന്നെയാണ് ഉഷ എപ്പോഴും കരുതിയിരുന്നത്. 2003 -ലാണ്, അപ്പോഴേക്കും അവളൊരമ്മയായിരുന്നു. വീടിന്‍റെ ചെലവ് നോക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടിത്തുടങ്ങിയ കാലം. ആ സമയത്താണ് അവളുടെ ജീവിതത്തിലൊരു മാറ്റം സംഭവിക്കുന്നത്. 

''സുലഭ് ഇന്‍റര്‍നാഷണലില്‍ നിന്നുള്ള ഡോ. ബിന്ദേശ്വര്‍ പതക് ഞങ്ങളുടെ ഗ്രാമത്തിലെത്തി. ഞങ്ങള്‍ ഈ തൊഴില്‍ ചെയ്യുന്നവരോടെല്ലാം സംസാരിച്ചു. എന്‍റെ ഭര്‍ത്താവിനോടല്ലാതെ മറ്റൊരു പുരുഷനോട് ഞാന്‍ അതുവരെ സംസാരിച്ചിരുന്നില്ല. പക്ഷേ, ഇപ്പോഴും നിങ്ങളെന്തുകൊണ്ടാണ് ഈ തൊഴില്‍ തുടരുന്നത് എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ അതിനെനിക്ക് മറുപടി പറയേണ്ടതുണ്ടായിരുന്നു'' ഉഷ പറയുന്നു. അവര്‍ അദ്ദേഹത്തോട് എല്ലാം തുറന്നു പറഞ്ഞു. ഈ തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ ആരും മറ്റ് തൊഴിലിനെടുക്കുന്നില്ല. അവര്‍ക്ക് കിട്ടുന്ന തുച്ഛമായ കൂലിയെക്കുറിച്ചും അവര്‍ അദ്ദേഹത്തോട് സൂചിപ്പിച്ചു. ആ കൂലിയെ കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തുണ്ടായ ഞെട്ടലിനെക്കുറിച്ച് ഇപ്പോഴും അവര്‍ ഓര്‍മ്മിക്കുന്നു. 

അവരെ കേട്ടതിനുശേഷം ഡോ. പതക് അവര്‍ക്ക് മറ്റൊരു ജോലിയെക്കുറിച്ചുള്ള ചിന്ത പകര്‍ന്നു നല്‍കി. അവര്‍ക്ക് അത് കഴിയുമോ എന്ന് അപ്പോഴും സംശയമായിരുന്നു. സമൂഹം അവരെ എപ്പോഴും മറ്റ് ജോലികളില്‍നിന്നും അകറ്റി നിര്‍ത്തിയിരുന്നു. മറ്റൊരു ജോലിക്കും അവര്‍ പറ്റില്ലെന്ന് തന്നെ സമൂഹം വിധിച്ചിരുന്നു. ആ സ്ത്രീകളെ എപ്പോഴുമവര്‍ തങ്ങളില്‍നിന്നും അകറ്റിനിര്‍ത്തി.

ഉഷ ആ സ്ത്രീകളെയെല്ലാം കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് എന്ത് ജോലിയാണ് ചെയ്യാനാവുക എന്ന് ആലോചിച്ചു. അപ്പോഴും കൂട്ടത്തിലോരോരുത്തര്‍ക്കും സംശയമുണ്ടായിരുന്നു. 'നമ്മള്‍ തയ്‍ച്ചാല്‍ ആരാണ് ആ വസ്ത്രങ്ങളിടാന്‍ തയ്യാറാവുക?' , 'നമ്മള്‍ പച്ചക്കറി വില്‍ക്കാനിറങ്ങിയാല്‍ ആരാണ് അവ തിന്നുക?' തുടങ്ങി പല ചിന്തകളും ഉഷയുടെ ഉള്ളിലുയര്‍ന്നു. സുലഭിന്‍റെ സ്ഥാപകനായിരുന്നു ഡോ. പതക്. അദ്ദേഹം അവര്‍ക്ക് ആത്മവിശ്വാസം നല്‍കി. അദ്ദേഹവും സുലഭും ചേര്‍ന്ന് അവരുടെ ഉത്പ്പന്നങ്ങള്‍ വാങ്ങുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഓരോ മാസവും 1500 രൂപ നല്‍കുമെന്നും ഉറപ്പുനല്‍കി. 

ഉള്ളിലെ ഭയവും അരക്ഷിതാവസ്ഥയുമെല്ലാം മാറ്റിവെച്ച് അദ്ദേഹം പറഞ്ഞ പ്രകാരം നീങ്ങിനോക്കാന്‍ തന്നെ ഉഷ തീരുമാനിച്ചു. മറ്റ് സ്ത്രീകളും അവര്‍ക്കൊപ്പം ചേര്‍ന്നു. സുലഭിന്‍റെ കീഴില്‍ അവരുടെ 'നയ് ദിശ' എന്ന എന്‍ജിഒയും രൂപമെടുത്തു. അവര്‍ക്കായി വിവിധ പരിശീലനങ്ങളും നല്‍കി. 

ആ ജോലിയില്‍നിന്നും മാറ്റം

അതൊരു പുതിയ ചുവടുവെപ്പായിരുന്നു. ഉഷയ്ക്കും കൂടെയുള്ളവര്‍ക്കും. പിന്നീട് ഉഷ മറ്റ് മനുഷ്യരുടെ മാലിന്യം വൃത്തിയാക്കുന്ന ജോലി ചെയ്തില്ല. ഇന്നവരുടെ ജീവിതം തുടങ്ങുന്നത് നല്ലൊരു കുളിയിലൂടെയാണ്, നല്ലൊരു വസ്ത്രം ധരിച്ചുകൊണ്ടാണ്... ആ സ്ത്രീകള്‍ ബാഗ് നിര്‍മ്മിക്കാന്‍, ജാമും അച്ചാറും പപ്പടവുമുണ്ടാക്കാന്‍ ഒക്കെ പഠിച്ചു. ''എനിക്ക് പുതിയൊരു മനുഷ്യനായ പോലെ തോന്നി. ആത്മവിശ്വാസമുണ്ടായി, വൃത്തി തോന്നിത്തുടങ്ങി. ഞങ്ങളെല്ലാവരും ദിവസം മുഴുവന്‍ സന്തോഷമായിരിക്കുന്നു'' ഉഷ പറയുന്നു. 

 

''എന്‍.ജി.ഒ നമ്മളെ ദില്ലിയിലേക്ക് കൊണ്ടുപോയത് ഞാനിന്നും ഓര്‍ക്കുന്നു. ആദ്യമായിട്ടാണ് എന്‍റെ ഗ്രാമത്തിന് പുറത്തേക്ക് ഞാനൊരു ചുവടുവെക്കുന്നത്. മറ്റേതൊരാളെയും പോലെ ഞങ്ങള്‍ വാഹനങ്ങളില്‍ കയറി, ഹോട്ടലില്‍ കയറി നല്ല ഭക്ഷണം കഴിച്ചു. അവിടെ സ്‍കൂള്‍കുട്ടികള്‍ മാലയും ഷാളുമിട്ടു ഞങ്ങളെ സ്വീകരിച്ചപ്പോള്‍ എനിക്ക് രോമാഞ്ചമുണ്ടായി. എനിക്കൊരിക്കലും അങ്ങനെയൊരു ബഹുമാനമോ ആദരവോ എവിടെനിന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല.'' ഉഷ ആ അനുഭവം ഓര്‍ത്തെടുക്കുന്നു. 

ദില്ലിയില്‍നിന്നു തിരികെ വന്നയുടനെ ഉഷ തോട്ടിപ്പണി ചെയ്യുന്ന മറ്റു തൊഴിലാളികളെയും കണ്ട് സംസാരിച്ചു. അതിലവളുടെ അമ്മായിഅമ്മയും ഉണ്ടായിരുന്നു. ചിലപ്പോള്‍ ഓരോ സ്ത്രീകള്‍ അവളുടെ പുതിയ ജോലിയില്‍നിന്നും പിന്നോട്ട് പോയിരുന്നു. അപ്പോഴൊക്കെ പുതിയൊരാള്‍ അതിലേക്ക് ചേര്‍ന്നു. 

ആ തൊഴിലില്‍നിന്നും പുറത്തുകടക്കാനാവാത്തതിന് വേറെയും കാരണങ്ങളുണ്ടായിരുന്നു. അവിടെ ആവശ്യത്തിനുള്ള ശുചീകരണ സംവിധാനങ്ങളില്ലായിരുന്നു. ശുചിമുറികളെല്ലാം വൃത്തിയാക്കേണ്ടതുണ്ടായിരുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരും മറ്റും അത് സ്വയം ചെയ്യാനും തയ്യാറായിരുന്നില്ല. മാത്രവുമല്ല, ഇത്തരം ജോലി ചെയ്യിക്കുന്നതിലൂടെ ദളിതരെ എന്നേക്കുമായി അകറ്റിനിര്‍ത്താമെന്നും അവിടെയുള്ളവര്‍ കരുതിപ്പോന്നു. സുലഭ് ഗ്രാമത്തിലെല്ലാ വീട്ടിലും ശുചിമുറികളുണ്ടാക്കാനും അവ സ്വയമേവ വൃത്തിയാക്കാനും ഉഷ ഗ്രാമത്തിലുള്ളവരോട് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. 

ഉഷ ആ തൊഴില്‍ ചെയ്യുന്നത് അവസാനിപ്പിക്കുന്നത് 2003 -ലാണ്. എന്‍ജിഒ -യോട് ചേര്‍ന്നുള്ള അവരുടെ കഠിനാധ്വാനം അവരെ വളരെ പെട്ടെന്ന് തന്നെ ഒരു നേതാവാക്കി മാറ്റി. അവള്‍ പ്രസിഡണ്ടാവുകയും അവര്‍ക്കുപിന്നില്‍ നിരവധി സ്ത്രീകള്‍ അണിനിരക്കുകയും ചെയ്‍തു. 

ആല്‍വാറിലെ Manual Scavenger Rehabilitation program -കോര്‍ഡിനേറ്റര്‍ ഡോ. സുമത്തിന്‍റെ നേതൃത്വത്തില്‍ ഉഷയെ എഴുത്തും വായനയും പഠിപ്പിച്ചു. അവളെ മുഖ്യധാരയിലെത്തിച്ചു. സുലഭിന്‍റെ പിന്തുണയോടെ അവള്‍ യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ചെന്നു. ആളുകളെ അഭിസംബോധന ചെയ്‍തു സംസാരിച്ചു. തന്‍റെ കഥ പറഞ്ഞു. പല പുരസ്‍കാരങ്ങളും അവരെത്തേടിയെത്തി. 

 

ഇന്നും പലസ്ത്രീകളും കാലഹരണപ്പെട്ടുപോയ തോട്ടിപ്പണി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. അവരോടെല്ലാം ഉഷ എങ്ങനെയാണ് ഈ പണിയില്‍നിന്നും രക്ഷ നേടാനാവുക എന്ന് സംസാരിച്ചു. ഇന്ന് നൂറുകണക്കിന് സ്ത്രീകളാണ് ഉഷയില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് തോട്ടിപ്പണിയുപേക്ഷിച്ച് പുതിയ തൊഴിലുകളിലേക്ക് ചേക്കേറുന്നത്. 

'ആരും ഇഷ്ടത്തോടെ ഈ ജോലി ചെയ്യാനാഗ്രഹിക്കുന്നില്ല. അതിനവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ആര്‍ക്കും ആ ജോലി ചെയ്യേണ്ടി വരരുതെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. ഞങ്ങളെന്തിനാണ് നിങ്ങളുടെ അഴുക്ക് വൃത്തിയാക്കുന്നത്? അത് നിങ്ങള്‍ തന്നെ വൃത്തിയാക്കൂ' എന്നും അവര്‍ പറയുന്നു. 

ഉഷയ്ക്ക് രണ്ട് ആണ്‍മക്കളാണ്. ഇരുവരും വിവാഹിതരാണ്. സ്വന്തം ബിസിനസ് നടത്തി ജീവിക്കുന്നു. ഒരു മകള്‍ അവസാനവര്‍ഷ ബി എ വിദ്യാര്‍ത്ഥിനിയാണ്. അവള്‍തന്നെ സ്വന്തമായി നല്ലൊരു ജോലി കണ്ടെത്തുന്നതുവരെ അവളുടെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതുപോലുമില്ലെന്ന് ഉഷ പറയുന്നു. 

ഉഷയുടെ പോരാട്ടം തീര്‍ന്നിട്ടില്ല. അവസാനത്തെ മനുഷ്യനെയും ഈ ജോലിയില്‍നിന്നും മോചിപ്പിക്കണമെന്നും അവരെ വേറെ ഏതെങ്കിലും നല്ല ജോലിയിലേക്ക് തിരിച്ചുവിടണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ഒപ്പം ഇവിടെ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയും അസമത്വവും എന്നേക്കുമായി ഇല്ലാതാക്കണമെന്നും. അതിനായുള്ള പോരാട്ടത്തിലാണവര്‍. 

click me!