
ഉത്തർപ്രദേശിലെ തലസ്ഥാന നഗരമായ ലഖ്‌നൗ(Lucknow)വിലെ മെട്രോ സ്‌റ്റേഷനുകളിലെ ഒരു സ്ഥിരം ശല്യക്കാരാണ് കുരങ്ങുകൾ. അവയെ ഓടിക്കാൻ പലതും പയറ്റി നോക്കിയ മെട്രോ അധികൃതർ ഇപ്പോൾ ഒരു പുതിയ പരീക്ഷണത്തിലാണ്. സ്റ്റേഷനുകളിൽ അലഞ്ഞുതിരിയുന്ന കുരങ്ങുകളെ ഭയപ്പെടുത്താനായി കുരങ്ങ് ശല്യമുള്ള ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ(metro stations) അധികൃതർ ഹനുമാൻ കുരങ്ങുകളുടെ(langurs) കട്ടൗട്ടുകൾ സ്ഥാപിച്ചു. ഇവയെ മറ്റ് കുരങ്ങുകൾ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ അവയുള്ളിടത്ത് കുരങ്ങുകൾ വരാൻ മടിക്കും.
ഇതിന് മുൻപ് ഹനുമാൻ കുരങ്ങുകൾ ദേഷ്യത്തോടെ ചീറുന്ന ശബ്ദം മാത്രമാണ് അധികൃതർ പ്ലേ ചെയ്തിരുന്നത്. എന്നാൽ പക്ഷേ, അത് കുരങ്ങുകളെ തുരത്താൻ പര്യാപ്തമായില്ല. അങ്ങനെയാണ് ശബ്ദത്തോടൊപ്പം ഹനുമാൻ കുരങ്ങുകളുടെ കട്ടൗട്ടുകൾ കൂടി സ്ഥാപിച്ച് ഒരു ഡബിൾ എഫക്ട് ഉണ്ടാക്കിയാലെന്തെന്ന് റെയിൽവേ ചിന്തിച്ചത്. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച സ്റ്റേഷൻ കൺട്രോളർ വിവേക് മിശ്ര പറഞ്ഞു, “ആദ്യം ഞങ്ങൾ ദേഷ്യത്തോടെ ചീറുന്ന ഇത്തരം കുരങ്ങുകളുടെ ശബ്ദം പ്ലേ ചെയ്തു നോക്കി. ഇത് കുറച്ച് കാലത്തേയ്ക്ക് കുരങ്ങുകളെ അകറ്റി നിർത്താൻ സഹായിച്ചു. എന്നാൽ, അത് വെറും ശബ്ദം മാത്രമാണ് എന്ന് മനസിലാക്കിയ കുരങ്ങുകൾ അധികം താമസിയാതെ തിരികെ വന്നു. അതുകൊണ്ടാണ് ഈ കട്ടൗട്ടുകൾ പ്രദർശിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. കട്ടൗട്ടുകളും ശബ്ദങ്ങളും കൂടിയാകുമ്പോൾ അവ ഭയന്ന് ഓടിപ്പോകുമെന്ന് ഞങ്ങൾ കരുതുന്നു. ഞങ്ങൾ കട്ടൗട്ടുകളുടെ സ്ഥാനം പതിവായി മാറ്റുകയും ചെയ്യുന്നു."
കുരങ്ങുകളെ പേടിപ്പിക്കാൻ ഹനുമാൻ കുരങ്ങുകളുടെ കട്ടൗട്ടുകൾ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം മെയ് മാസത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) 500 കിടക്കകളുള്ള ഡൽഹിയിലെ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്ററിലും ഇവയുടെ കട്ടൗട്ടുകൾ സ്ഥാപിച്ചിരുന്നു. കുരങ്ങുകളെ COVID-19 കെയർ സെന്ററിൽ നിന്ന് അകറ്റി നിർത്താൻ ഈ കട്ടൗട്ടുകൾക്ക് സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.