ദളിത് പെൺകുട്ടിയെ കാണാതായപ്പോൾ ഗുജറാത്ത് പൊലീസ് പറഞ്ഞു, 'അവൾ സേഫാണ്', ഒടുവിൽ കണ്ടെത്തിയത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ

By Web TeamFirst Published Jan 11, 2020, 10:16 AM IST
Highlights

ഇൻസ്‌പെക്ടർ  പറഞ്ഞത്, " നിങ്ങളുടെ മകൾ സുരക്ഷിതയാണ്, അവൾ സ്വന്തം സമുദായത്തിൽ തന്നെയുള്ള ഒരു യുവാവുമൊത്ത് ഒളിച്ചോടി വിവാഹം കഴിച്ചിരിക്കുകയാണ്. അവളെ എത്രയും പെട്ടെന്ന് തിരിച്ച് വീടുവരെ കൊണ്ടുവിട്ടേക്കാം " എന്നാണ്. 

ഗുജറാത്തിലെ അരാവലി ജില്ല. അവിടെ മൊഡാസ എന്നുപേരേയൊരു പ്രദേശമുണ്ട്. മൊഡാസയിലെ ഒരു ഗ്രാമത്തിൽ നിന്ന് പത്തൊമ്പതുവയസ്സു പ്രായമുള്ള ഒരു പെൺകുട്ടിയെ കാണാതാകുന്നു. ദിവസങ്ങൾക്കുശേഷം പിന്നീടവളെ കണ്ടെത്തിയത് ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹമായിട്ടാണ്. മൊഡാസയിൽ ആകെ കോളിളക്കം സൃഷ്ടിച്ച ഒരു കേസായി അത് മാറി. പെൺകുട്ടിയുടെ വീട്ടുകാർ നാല് ചെറുപ്പക്കാർക്ക് മേൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ആരോപിച്ചിട്ടുണ്ട്. പൊലീസ് നാലുപേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിലും, ഇതുവരെ അറസ്റ്റുകൾ ഒന്നുംതന്നെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ നിന്ന് തൂങ്ങിയാടുന്ന നിലയിൽ കണ്ടെത്തിയ ഉടനെ പൊലീസ് രജിസ്റ്റർ ചെയ്തത് 'അപകടമരണം' (Accidental Death ) എന്നാണ്. അത് ഗ്രാമീണരിൽ നിന്ന് വൻതോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായി. സോഷ്യൽ മീഡിയയിലും, പെൺകുട്ടിക്ക് നീതികിട്ടണം എന്നുള്ള പ്രചാരണങ്ങൾ സജീവമായി. 

എന്താണ് ശരിക്കും നടന്നത്?

ഗുജറാത്തിൽ നിന്ന് വരുന്ന മീഡിയ റിപ്പോർട്ടുകൾ പ്രകാരം, ആ പെൺകുട്ടിയെ കാണാതാകുന്നത് ജനുവരി ഒന്നാം തീയതിയാണ്. അന്നേദിവസം തന്റെ സഹോദരിയോടൊപ്പം മോഡാസാ ടൗണിലേക്ക് പോയ പെൺകുട്ടി പക്ഷേ, പിന്നീട് തിരിച്ചുവന്നില്ല. തനിയെ തിരികെ വന്ന സഹോദരിയോട്‌ വീട്ടുകാർ തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവർ ഒന്നും പറഞ്ഞില്ല. രണ്ടാമത്തെ ദിവസമാണ് സഹോദരി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. വിമൽ ഭർവാഡ് എന്നുപേരായ ഒരു യുവാവ് ആ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുകയാണ്. അയാൾ തന്റെ കാറിൽ കയറ്റിയാണ് അവളെ തട്ടിക്കൊണ്ടു പോയത്. പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റുന്നതിനിടെ വിമൽ ഭർവാഡെ  ആരോടെങ്കിലും അതേപ്പറ്റി മിണ്ടുകയോ തന്റെ പേര് പറയുകയോ ചെയ്താൽ  കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതുകൊണ്ടാണ് സഹോദരി വീട്ടിലെത്തിയിട്ടും ഒന്നും വെളിപ്പെടുത്താൻ തയ്യാറാവാതിരുന്നത്. 

അന്നുതന്നെ പൊലീസിൽ പരാതിപ്പെട്ടിട്ടും, എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെടാൻ ഒരാഴ്ചയോളം  വൈകി. അതിൽ, അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന നാലു യുവാക്കൾ ചേർന്ന് മകളെ തട്ടിക്കൊണ്ടുപോയിരിക്കുകയാണ് എന്ന മാതാപിതാക്കളുടെ പരാതി രേഖപ്പെടുത്തപ്പെട്ടിരുന്നു. 

എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത് മറ്റെന്തൊക്കെ?

ജനുവരി ഒന്നാം തീയതി സഹോദരിയോടൊപ്പം മോഡാസയിൽ പോയ പെൺകുട്ടി തിരിച്ചു വന്നില്ല. അടുത്ത ദിവസം, അതായത് ജനുവരി രണ്ടാം തീയതി, സഹോദരി വിവരം വെളിപ്പെടുത്തിയ ഉടനെ തന്നെ അവരുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോകൽ നടന്നു എന്ന് സഹോദരി പറഞ്ഞ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു എന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്  ചെയ്തിരുന്നു. ആ ഫൂട്ടേജ് പരിശോധിച്ച വീട്ടുകാർ തട്ടിക്കൊണ്ടുപോകാൻ യുവാക്കൾ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ളേറ്റ് അടക്കമുള്ള വിശദാംശങ്ങൾ വെച്ചാണ് പൊലീസിൽ പരാതിപ്പെട്ടത്. അഹമ്മദാബാദ് മിറർ നടത്തിയ അന്വേഷണത്തിൽ ആ കാർ വിമൽ ഭർവാഡിന്റെ അച്ഛൻ ഭരത് ഭർവാഡിന്റെ  പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ് എന്നും തെളിഞ്ഞിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഭരത് ഭർവാഡുമായോ ബന്ധപ്പെട്ടപ്പോൾ കാർ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് മകൻ വിമൽ ആണെന്ന മറുപടിയാണ് കിട്ടിയത്. വിമലിനോട് അന്വേഷിച്ചപ്പോഴാകട്ടെ, അയാൾ പറഞ്ഞത് കാർ ഇപ്പോൾ കൂട്ടുകാരായ ദർശൻ, സതീഷ്, ജിഗർ എന്നിവർ ചേർന്ന് കൊണ്ടുപോയിരിക്കുകയാണ്‌ എന്നായിരുന്നു. 

ഇത്രയുമായതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് ബോധ്യപ്പെട്ട പെൺകുട്ടിയുടെ രക്ഷിതാക്കൾ മോഡാസ പൊലീസ് സ്റ്റേഷനിൽ ചെന്ന് ഇൻസ്‌പെക്ടർ എൻ കെ റാബ്രിയെ കണ്ടു പരാതിപറഞ്ഞു. അപ്പോൾ ഇൻസ്‌പെക്ടർ റാബ്രി അവരോട് പറഞ്ഞത്, "നിങ്ങളുടെ മകൾ സുരക്ഷിതയാണ്, അവൾ സ്വന്തം സമുദായത്തിൽ തന്നെയുള്ള ഒരു യുവാവുമൊത്ത് ഒളിച്ചോടി വിവാഹം കഴിച്ചിരിക്കുകയാണ്. അവളെ വിവാഹ സർട്ടിഫിക്കറ്റോടു കൂടിത്തന്നെ എത്രയും പെട്ടെന്ന് തിരിച്ച് വീടുവരെ കൊണ്ടുവിട്ടേക്കാം" എന്നാണ്. മകൾ തിരികെ വരാഞ്ഞപ്പോൾ, അടുത്ത ദിവസം വീണ്ടും ആ അച്ഛനുമമ്മയും ഇൻസ്‌പെക്ടർ റാബ്രിയുടെ അടുക്കൽ ആവലാതിയുമായെത്തി. അപ്പോഴും അയാൾ തലേന്ന് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു. അന്നയാൾ ഒരു കാര്യം കൂടി പറഞ്ഞു. ഇത് തന്റെ അധികാര പരിധിയിലുള്ള കേസല്ല, പോവേണ്ടത് സബൽപൂർ പൊലീസ് സ്റ്റേഷനിലേക്കാണ് എന്ന്. അവർ അതിൻപ്രകാരം സബൽപൂർ പൊലീസ് സ്റ്റേഷനിലും ചെന്ന് ഒരു പരാതി എഴുതി നൽകി. 

പിന്നെ കാര്യങ്ങളിൽ ഒരു വഴിത്തിരിവുണ്ടായത് ജനുവരി അഞ്ചാം തീയതിയാണ്. അന്നാണ് പെൺകുട്ടിയുടെ വീട്ടുകാരെത്തേടി ആ ദുരന്തവാർത്തയെത്തിയത്. വിളിച്ചത് അടുത്തുള്ള ഗ്രാമത്തിലെ ഒരു പൂജാരിയായിരുന്നു. ഒരു പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ  തൂങ്ങിക്കിടക്കുന്നുണ്ട് അത് നിങ്ങളുടെ കാണാതായ പെൺകുട്ടിയാണോ എന്നൊന്ന് വന്നു നോക്കൂ എന്നയാൾ പറഞ്ഞു. അത് തങ്ങളുടെ മകളാവരുതേ എന്ന പ്രാർത്ഥനയോടെ ആ ഹതഭാഗ്യരായ മാതാപിതാക്കൾ അവിടേക്കു പാഞ്ഞുചെന്നു. അവരുടെ പ്രാർത്ഥനകൾ വിഫലമായി. അത് അവരുടെ മകളുടെ മൃതദേഹം തന്നെയായിരുന്നു. 

മൃതദേഹം കണ്ടെടുത്തതോടെ ആകെ ബഹളമായി. പെൺകുട്ടി ദളിത് സമുദായാംഗമായിരുന്നതിനാൽ ഗ്രാമത്തിലെ ദളിതർ സംഘടിച്ച് പ്രകടനം നടത്തി. ഒന്നാം തീയതി കാണാതായി, മൂന്നാം തീയതി തന്നെ അപഹർത്താക്കൾ ഉപയോഗിച്ച കാറിന്റെ നമ്പർ സഹിതം പരാതിപ്പെട്ടിട്ടും, ആറാം തീയതി വരെ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ല എന്നത്  ചൂണ്ടിക്കാട്ടി ഊർജിതമായ അന്വേഷണത്തിന് പൊലീസിൻമേൽ സമ്മർദ്ദമുണ്ടായി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തീരുമാനമായെങ്കിലും, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് അവർ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചു. നാലു പ്രതികളെയും അറസ്റ്റുചെയ്യുകയും, ഇൻസ്‌പെക്ടർ റാബ്രിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്നതുവരെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ല എന്ന് അവർ പറഞ്ഞു. 

പ്രൊവിഷണൽ പോസ്റ്റ് മോർട്ടത്തിൽ പറയുന്നത് ശ്വാസംമുട്ടിയാണ് മരണമെന്നാണ്. കൂടുതൽ വിവരങ്ങൾക്ക് വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരും വരെ കാത്തിരിക്കേണ്ടിവരും. നാലു പേരെയും പ്രതിചേർത്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. നാലുപേരും ഒളിവിൽ പോയതിനാൽ ഇതുവരെ ആരെയും അറസ്റ്റു ചെയ്യാനായിട്ടില്ല.  

click me!