
ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴി കാണുന്ന യുവതികൾ പറ്റിച്ചു എന്നുള്ള അനേകം പരാതികൾ ഇപ്പോൾ ഉയർന്നു കേൾക്കാറുണ്ട്. തനിക്കും അത്തരം ഒരു അനുഭവമുണ്ടായി എന്നാണ് ദില്ലി സ്വദേശിയായ ഒരു യുവാവ് പറയുന്നത്. അതുവഴി തന്റെ 16,000 രൂപ നഷ്ടപ്പെട്ടു എന്നാണ് യുവാവിന്റെ പരാതി.
റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചത്. യുവാവ് പറയുന്നത്, താൻ ഡേറ്റിംഗ് ആപ്പിൽ മാച്ചായ യുവതി നേരിൽ കാണാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ്. ബഗീര കഫേയ്ക്ക് പുറത്തുള്ള ഹഡ്‌സൺ ലെയ്ൻ ലൊക്കേഷനാണ് കാണാനായി അവൾ നിർദ്ദേശിച്ചത്. കഫേയ്ക്ക് പുറത്തുവച്ചാണ് യുവതിയെ കണ്ടത്. എന്നാൽ, അവൾ കഫേയ്ക്ക് അകത്ത് കയറാൻ തന്നെ നിർബന്ധിച്ചു. അങ്ങനെ അകത്ത് കയറി. എന്നാൽ, അകത്ത് കയറിയപ്പോൾ തന്നെ തനിക്ക് വല്ലാത്തതുപോലെ തോന്നിയിരുന്നു.
വെയിറ്റർ മെനുവുമായി വന്നു. കിംഗ് സൈസ് ഹുക്കയാണ് യുവതി ആവശ്യപ്പെട്ടത്. താൻ പുകവലിക്കാത്തതിനാൽ വേണ്ട എന്ന് പറയുകയായിരുന്നു. പിന്നെയും എന്തൊക്കെയോ ഓർഡർ ചെയ്തു. അതിൽ വോഡ്ക ഷോട്ട്സും ഹുക്കയുമല്ലാതെ മറ്റൊന്നും അവൾ തൊട്ടില്ല. പിന്നീട്, വോഡ്ക എന്നുപറഞ്ഞ് കൊണ്ടുവച്ചത് വെള്ളം മാത്രമായിരുന്നു എന്നും കണ്ടെത്തി.
പിന്നീട്, വീട്ടിൽ നിന്നും ഫോൺ വരുന്നു എന്നും തലവേദനിക്കുന്നു എന്നും പറഞ്ഞ ശേഷം യുവതി അവിടെ നിന്നും പോവുകയും ചെയ്തു. ഉടനെ തന്നെ ബില്ല് എത്തി. 17,170 രൂപയായിരുന്നു. 16000 അടക്കേണ്ടി വന്നു എന്നും യുവാവ് പറയുന്നു. ഇത് ഒരു വലിയ തട്ടിപ്പിന്റെ ഭാഗമാണ് എന്ന് തനിക്ക് പിന്നീടാണ് മനസിലായത് എന്നും യുവാവ് പറഞ്ഞു.
പിന്നീട് താനും സുഹൃത്തും കഫേയിൽ വീണ്ടും ചെന്നു. അപ്പോൾ യുവതി മറ്റൊരു ടേബിളിൽ ഇരിക്കുന്നത് കണ്ടു. അകത്ത് കടക്കാൻ സെക്യൂരിറ്റി സമ്മതിച്ചില്ല. പൊലീസ് അടക്കം അറിഞ്ഞുള്ള തട്ടിപ്പാണിത് എന്നും യുവാവ് ആരോപിക്കുന്നു.
പല റെസ്റ്റോറന്റുകളും ഇതുപോലെ യുവതികളെ വച്ചുകൊണ്ട് ആളുകളെ പറ്റിക്കുന്ന കാര്യം നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇത്തരം തട്ടിപ്പുകളെ കുറിച്ച് പലരും മുന്നറിയിപ്പും നൽകാറുണ്ട്. പലരും യുവാവിനോട് ഇത്തരം തട്ടിപ്പുകൾ നേരത്തെ തന്നെ പുറത്തറിഞ്ഞതാണല്ലോ ശ്രദ്ധിക്കണ്ടേ എന്നാണ് ചോദിച്ചത്.
(ചിത്രം പ്രതീകാത്മകം)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം