
ആഗസ്ത് 30 -ന് ഇന്ത്യയിൽ രക്ഷാബന്ധൻ ആഘോഷിക്കുകയാണ്. എന്നാൽ, തികച്ചും വ്യത്യസ്തമായ ഒരു വാർത്തയാണ് ദില്ലിയിൽ നിന്നും രക്ഷാബന്ധനുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ദില്ലിയിലെ ടാഗോർ ഗാർഡനിലെ രഘുബീർ നഗറിലെ താമസക്കാരായ ഒരു 41 -കാരനും അയാളുടെ ഭാര്യയും ചേർന്ന് ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.
എന്നാൽ, അതിന്റെ കാരണമാണ് ഏറെ വിചിത്രം. വരാനിരിക്കുന്ന രക്ഷാബന്ധൻ ദിവസം തനിക്ക് രാഖി കെട്ടാൻ ഒരു സഹോദരനെ വേണമെന്ന് ഇവരുടെ മകൾ പറഞ്ഞത്രെ, അതിനുവേണ്ടിയാണ് ഭാര്യയും ഭർത്താവും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച പുലർച്ചെ 4.34 ഓടെയാണ് കോട്‍വാലി പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വരുന്നത്. ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീയുടെ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയി എന്നായിരുന്ന പരാതി.
പരാതിക്കാരനായ ദീപക്കും ഭാര്യയും പുലർച്ചെ 3:00 മണിയോടെ ഉറക്കമുണർന്നപ്പോഴാണ് തങ്ങളുടെ ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കുന്നത്. ആരോ തങ്ങളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായിരിക്കാം എന്ന് സംശയിക്കുന്നതായി ദീപക് പൊലീസിനെ അറിയിച്ചു എന്ന് ഡെപ്യൂട്ടി കമ്മീഷണർ സാഗർ സിംഗ് കൽസി പറഞ്ഞു.
ഉടനെ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയമുള്ള ആളുകളെ നിരീക്ഷിക്കുകയും ചെയ്തു. അതിലാണ് ഒരു മോട്ടോർസൈക്കിൾ പലവട്ടം ഒരേ റൂട്ടിലൂടെ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. വണ്ടിയുടെ നമ്പർ പ്ലേറ്റ് വ്യക്തമായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ അവരെ LNJP ആശുപത്രിയിലേക്ക് നയിച്ചു.
15 പേരടങ്ങുന്ന പൊലീസ് സംഘം പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ, സംഘം ദില്ലിയിലെ ടാഗോർ ഗാർഡനിലെ രഘുബീർ നഗറിലെ ഒരു വീട്ടിലെത്തി. അവിടെ ഈ കേസിലെ പ്രതികളായ സഞ്ജയ് ഗുപ്തയും ഭാര്യ അനിത ഗുപ്തയും ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയ കുഞ്ഞും അവിടെ ഉണ്ടായിരുന്നു. അന്വേഷണത്തിൽ ദമ്പതികളുടെ 17 വയസുള്ള മകൻ കഴിഞ്ഞ വർഷം മരിച്ചതായി കണ്ടെത്തി. പിന്നാലെ, അവരുടെ 15 വയസുള്ള മകൾ രക്ഷാബന്ധൻ ദിനത്തിൽ തനിക്ക് രാഖി കെട്ടാനായി ഒരു സഹോദരനെ വേണം എന്ന് ആവശ്യപ്പെട്ടു. അതേ തുടർന്നാണ് ദമ്പതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടു വരാനും സ്വന്തം മകനായി വളർത്താനും തീരുമാനിക്കുന്നത്.
കുഞ്ഞിന്റെ അമ്മ ഭിന്നശേഷിക്കാരിയായിരുന്നു. അച്ഛൻ മാലിന്യം പെറുക്കിയായിരുന്നു കുടുംബം നോക്കിയിരുന്നത്. വീടില്ലാത്ത ഇവർ തെരുവോരത്താണ് കഴിഞ്ഞിരുന്നത്. അതിനാലാണ് പ്രതികൾക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് എളുപ്പമായിത്തീർന്നത്.