'ആസിഡ് വീണതും തൊലി ഉരുകി, കണ്ണും വായയും തുറക്കാനായില്ല, എന്നെക്കണ്ട് ഞാന്‍തന്നെ ഭയന്നു'

By Web TeamFirst Published Oct 23, 2021, 1:01 PM IST
Highlights

26-ാം വയസ്സില്‍  ആസിഡിന്റെ തീയില്‍ കരിഞ്ഞുപോയ മുഖവുമായി പൊരുതിജീവിക്കുന്ന അവള്‍ ഇപ്പോള്‍ ആസിഡ് കരിച്ചുകളഞ്ഞ അനേകം ജീവിതങ്ങള്‍ക്ക് അത്താണി

11 വര്‍ഷം മുമ്പാണ് ദൗലത്ത് ബി ഖാനും അവളുടെ രണ്ട് സഹോദരിമാരുടെയും മുഖങ്ങള്‍ ആസിഡിന്റെ തീയില്‍ കരഞ്ഞുപോയത്.  സഹോദരിയും, ഭര്‍ത്താവുമായിരുന്നു ആ ആക്രമണത്തിന് പിന്നില്‍. സഹോദരിയുടെ ഭര്‍ത്താവ് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. മരണശേഷം അമ്മ അവളുടെ പേരില്‍ എഴുതിവച്ച വീട് സ്വന്തമാക്കാനുള്ള ഒരു വഴിയായിരുന്നു ഈ വിവാഹം. എന്നാല്‍ ദൗലത്ത് വിവാഹത്തിന് സമ്മതിച്ചില്ല. അതോടെ അവളുടെ ജീവിതം എന്നെന്നേക്കുമായി നശിപ്പിക്കണമെന്ന വാശിയായി, സഹോദരിക്കും ഭര്‍ത്താവിനും. 

ഇരുപത്താറാമത്തെ വയസ്സില്‍ അവള്‍ ആസിഡ് ആക്രമണത്തിന് വിധേയായി. ആത്മഹത്യ ചെയ്യാന്‍ പലവട്ടം മുതിര്‍ന്നു. എന്നാല്‍ അവളുടെ വിധി മറ്റൊന്നായിരുന്നു. ഇന്ന് തന്നെപ്പോലെ ദുരിതം അനുഭവിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്താനായി പ്രയത്‌നിക്കുകയാണ് അവള്‍.  

2009 -ലാണ് ദൗലത്തിന്റെ അമ്മ മരിക്കുന്നത്. അതിനുശേഷമാണ് വിവാഹാലോചനയുടെ പേരും പറഞ്ഞ് സഹോദരിയും ഭര്‍ത്താവും അവളുടെ സൈ്വര്യം കെടുത്താന്‍ തുടങ്ങിയത്. അളിയനും സഹോദരി നജ്മയും അവളെ ഇതും പറഞ്ഞ് നിരന്തരം പീഡിപ്പിച്ചു. ഒടുവില്‍ സഹികെട്ട് അവള്‍ പൊലീസില്‍ പരാതി കൊടുത്തു. പക്ഷേ കുടുംബ കോടതിയില്‍ പ്രശ്‌നം പരിഹരിക്കാനായിരുന്നു പോലീസ് അവളോട് ആവശ്യപ്പെട്ടത്. 

ഒരു ദിവസം ഭര്‍ത്താവിന് വയ്യെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ വിളിച്ച് വരുത്തിയ സഹോദരി അവളോട് ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. ഒടുവില്‍ സഹോദരി അവളെ ചവിട്ടുകയും, അളിയന്‍ അവളുടെ മേല്‍ ആസിഡ് ഒഴിക്കുകയും ചെയ്തു. 'എന്റെ മുഖത്ത് ആസിഡ് വീണപ്പോള്‍, ആദ്യം വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം, എന്റെ ചര്‍മ്മം ഉരുകാന്‍ തുടങ്ങി. എന്റെ വസ്ത്രങ്ങള്‍ എന്റെ ചര്‍മ്മത്തില്‍ പറ്റിപ്പിടിച്ചിരുന്നു. വേദന സഹിക്കാനാകാതെ ഞാന്‍ നിലവിളിച്ചു,' അവള്‍ പറഞ്ഞു. അവള്‍ക്ക് കാഴ്ച മങ്ങുന്നത് പോലെ തോന്നി. കണ്‍പോളയോ വായയോ തുറക്കാന്‍ കഴിഞ്ഞില്ല. താന്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ പോലും കഴിയില്ലെന്ന് അവള്‍ പറയുന്നു. തീക്കുള്ളില്‍ അകപ്പെട്ട അവസ്ഥയായിരുന്നു അതെന്ന് അവള്‍ കൂട്ടിച്ചേര്‍ത്തു.  

ശരീരത്തിന്റെ 46% പൊള്ളലേറ്റിട്ടും മുഖം വികൃതമായിട്ടും ഒരു ആശുപത്രിയും സൗജന്യ ചികിത്സ നല്‍കാന്‍ സമ്മതിച്ചില്ല. സഹോദരിമാരോടൊപ്പം ദൗലത്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഓരോ ദിവസം കഴിയുന്തോറും വേദന കൂടിവന്നു. ഡോക്ടര്‍മാരുടെ കാലൊച്ച കേള്‍ക്കുന്നത് പോലും ഭയമായി തീര്‍ന്നു അവള്‍ക്ക്. ചികില്‍സിക്കാനാണെങ്കില്‍ കൈയില്‍ പണവുമില്ലായിരുന്നു. അങ്ങനെ വീട്ടിലേയ്ക്ക് തിരികെ പോന്നു. ദേഹമാസകലം പഴുത്ത് വീര്‍ത്തിരുന്നു. മുഖം കണ്ട് പേടിച്ച്, ശരീരത്തില്‍ നിന്ന് വരുന്ന ദുര്‍ഗന്ധം സഹിക്കാനാകാതെ അയല്‍ക്കാര്‍ വീടിന്റെ വാതില്‍ തുറക്കാന്‍ പോലും തയ്യാറായില്ല. സ്വന്തം ജീവന് വേണ്ടി പോരാടിയ ദിനങ്ങളായിരുന്നു അത്.  

മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന ദൗലത്ത് വീണ്ടും ജോലിയ്ക്ക് കയറാന്‍ ശ്രമിച്ചു. ഇതിനായി അവള്‍ സൂപ്പര്‍വൈസറെ വിളിച്ചു. എന്നാല്‍ ആസിഡ് ആക്രമണത്തിന് വിധേയായ ഒരാള്‍ എങ്ങനെ മറ്റുള്ളവരുടെ മുഖം സുന്ദരമാക്കുമെന്ന് അയാള്‍ അവളോട് ചോദിച്ചു. അങ്ങനെ ജോലി എന്ന സ്വപ്‌നം മങ്ങി. അവള്‍ ആകെ തകര്‍ന്നുപോയി. ചികിത്സയ്ക്കായി ഒടുവില്‍ വീടും ആഭരണങ്ങളും വിറ്റു. കൈയിലുള്ള സമ്പാദ്യം മുഴുവന്‍ തീര്‍ന്നപ്പോള്‍ വീണ്ടും ഒരു ജോലി തേടാന്‍ അവള്‍ നിര്‍ബന്ധിതയായി. 

വിദ്യാഭ്യാസമോ മുന്‍ പരിചയമോ ഇല്ലാത്ത അവള്‍ക്ക് പക്ഷേ ആര് ജോലി നല്‍കും? ഒടുവില്‍ ഒരു വേലക്കാരിയായി ജോലി ചെയ്യാന്‍ ദൗലത്ത് തീരുമാനിച്ചു. അപ്പോഴുമുണ്ട് പ്രശ്നം, വികൃതമായി തീര്‍ന്ന അവളുടെ മുഖം കാണാന്‍ ആരും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ ആരും അവളെ സ്വീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെ ആ വഴിയും അടഞ്ഞു. ഒടുവില്‍ മറ്റ് മാര്‍ഗമില്ലാതെ, മുംബൈ ബാന്ദ്രയിലെ ഒരു പള്ളിക്കുപുറത്ത് ഭിക്ഷ യാചിക്കാന്‍ ആരംഭിച്ചു അവള്‍.  
 
സഹായത്തിനായി ദൗലത്ത് നിരവധി എന്‍ജിഒകളെ സമീപിച്ചു. പക്ഷേ അവര്‍ അവളുടെ ഫോട്ടോഷൂട്ട് നടത്തുകയും, സംഘടനകളുടെ പരസ്യത്തിനായി അവളുടെ മുഖം ഉപയോഗിക്കുകയുമാണ് ചെയ്തത്. അവിടെയും അവള്‍ക്ക് സഹായം നിഷേധിക്കപ്പെട്ടു. ഇങ്ങനെ വര്‍ഷങ്ങളോളം പോരാടിയ ശേഷം, അവള്‍ സ്വന്തമായി ഒരു സന്നദ്ധ സംഘടന തുടങ്ങാന്‍ തീരുമാനിച്ചു. ഇതിലൂടെ, തന്നെപ്പോലുള്ളവരെ സഹായിക്കാനും ശാക്തീകരിക്കാനും അവള്‍ ആഗ്രഹിച്ചു. 

അങ്ങനെ 2016 നവംബറില്‍, ദൗലത്ത് ആസിഡ് സര്‍വൈവേഴ്‌സ് സഹാസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സം്ഘടന ആരംഭിച്ചു. ആസിഡ് ആക്രമണത്തിന് ഇരയായ 42 പേര്‍ക്ക് പുതിയ ജീവിതം നല്കാന്‍ അവള്‍ക്ക് സാധിച്ചു. മുംബൈ നഗരത്തിലുടനീളമുള്ള നിരവധി സ്വകാര്യ ആശുപത്രികളില്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് സൗജന്യ ചികിത്സ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തു. സൗജന്യ ഭക്ഷണവും മരുന്നും കൂടാതെ അതിജീവിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസവും ഈ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്യുന്നു. 

അതിനിടെ, 2015 -ല്‍ അവള്‍ക്കും  സഹോദരിമാര്‍ക്കും എതിരെ ആസിഡ് ആക്രമണം നടത്തിയ മൂത്ത സഹോദരിയെയും, ഭര്‍ത്താവിനെയും, മകനെയും മുംബൈ സെഷന്‍സ് കോടതി കൊലപാതകശ്രമത്തിന് 10 വര്‍ഷത്തേയ്ക്ക് കഠിന തടവിന് വിധിച്ചു. കൂടാതെ, 50,000 രൂപ വീതം ഇരകള്‍ക്ക് നല്‍കാനും വിധിയായി. 

ദൗലത്തിനെയും അവരുടെ സംഘടനയെയും കുറിച്ച് കൂടുതല്‍ അറിയാനും സഹായിക്കാനും ഇവിടെ ക്ലിക്ക് ചെയ്യാം
 

 

click me!