പഠിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി

By Web TeamFirst Published Oct 22, 2021, 6:24 PM IST
Highlights

അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി. അധ്യാപക സമരം കാരണം രണ്ടാഴ്ചയായി ഇവിടെ അധ്യയനം നടക്കുന്നില്ല. 

അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി. കോംഗോയിലാണ് രണ്ടാഴ്ചയായി തുടരുന്ന അധ്യാപക സമരം ഒത്തുതീര്‍ക്കണം എന്നാവശ്യപ്പെട്ട് നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക കയറിച്ചെന്നത്. അധ്യാപക സമരം കാരണം രണ്ടാഴ്ചയായി ഇവിടെ അധ്യയനം നടക്കുന്നില്ല. 

ശമ്പളം, പെന്‍ഷന്‍ പ്രായം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ഒക്‌ടോബര്‍ മുതലാണ് ഇവിടത്തെ അധ്യാപകര്‍ സമരം ആരംഭിച്ചത്. ഇതിനെ തുടര്‍ന്ന് ക്ലാസുകള്‍ പൂര്‍ണ്ണമായി നിലച്ചു. തുടര്‍ന്നാണ് കുട്ടികള്‍ സംഘം ചേര്‍ന്ന് പാര്‍ലമെന്റ് കെട്ടിടം സ്ഥിതി ചെയ്യുന്ന കിന്‍ഷാസയിലേക്ക് മാര്‍ച്ച് ചെയ്തത്. പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയ യൂനിഫോമിട്ട വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്ക് പഠിക്കണം എന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ വീഡിയോയില്‍ പ്രചരിക്കുന്നുണ്ട്. 

ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് ജീന്‍ മാര്‍ക് കാബുന്ദ് കുട്ടികളുമായി ചര്‍ച്ച നടത്തി. അധ്യാപക സമരം എത്രയും വേഗം തീര്‍ക്കുന്നതിന് അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം കുട്ടികള്‍ക്ക് ഉറപ്പു നല്‍കി. അധ്യാപകരുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതായി വിദ്യാഭ്യാസ മന്ത്രിയും കുട്ടികളെ അറിയിച്ചു. 

2019 സെപ്തംബറില്‍ രാജ്യത്തെ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന് പ്രസിഡന്റ് ഫെലിക്‌സ് ഷിസേകേദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അധ്യാപകരുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും സര്‍ക്കാര്‍ പരിഗണിച്ചില്ല. തുടര്‍ന്നാണ് അധ്യാപകര്‍ സമരം പ്രഖ്യാപിച്ചത്.

 ഈ മാസം നാലിനാണ് ഇവിടെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്. ഇതോടെ, ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി അധ്യാപകര്‍ രാജ്യവ്യാപകമായി പ്രക്ഷോഭമാരംഭിച്ചു. ഇതിനെ തുടര്‍ന്നാണ് ക്ലാസുകള്‍ മുടങ്ങിയത്. സമരം ഒത്തുതീര്‍ക്കുന്നതിനു പകരം സമരം ചെയ്യുന്ന അധ്യാപകരെ പിരിച്ചുവിടുമെന്നായിരുന്നു സര്‍ക്കാറിന്റെ ഭീഷണി. ഇതു വകവെക്കാതെയാണ് അധ്യാപകര്‍ സമരം ചെയ്യുന്നത്. 

click me!