27 വർഷമായി കഴിയുന്ന കാടിനുള്ളിലെ വീട്ടിൽ നിന്നും വൃദ്ധനെ ഇറക്കി വിട്ടു, ക്രൂരതയെന്ന് ഒരുവിഭാ​ഗം, പെറ്റീഷനും

By Web TeamFirst Published Aug 5, 2021, 3:52 PM IST
Highlights

നേരത്തെ ഉണ്ടായിരുന്ന ഉടമയാണ് തന്നോട് അവിടെ താമസിച്ചോ എന്ന് പറഞ്ഞിരുന്നത് എന്നും ലിഡ്സ്റ്റൺ പറയുന്നുണ്ട്. എന്നാൽ, കാണിക്കാൻ തെളിവുകളൊന്നുമുണ്ടായിരുന്നില്ല. ഏതായാലും കോടതിയും അധികാരികളും പറയുന്നത് നിയമം നോക്കിയേ പ്രവർത്തിക്കാൻ കഴിയൂ എന്നാണ്. 

27 വര്‍ഷമായി ഈ വൃദ്ധന്‍ താമസിക്കുന്നത് മെറിമാക്ക് നദിയുടെ തീരത്തുള്ള ഒരു ചെറിയ കാബിനിലാണ്. മരക്കൂട്ടത്തിനിടയില്‍ സോളാര്‍ പാനലുള്ള വീട്. ഡേവിഡ് ലിഡ്സ്റ്റോണ്‍ എന്ന ഈ 81 -കാരന്‍ തനിക്ക് ആവശ്യമുള്ള ഭക്ഷണത്തിനുള്ളത് സ്വയം ഉണ്ടാക്കുകയാണ്. വിറകുകള്‍ കണ്ടെത്തുന്നതും അങ്ങനെ തന്നെ. കൂടെയുള്ളത് കുറച്ച് വളര്‍ത്തുമൃഗങ്ങളും കോഴികളും. എന്നാൽ, സ്ഥലത്തിന്റെ ഉടമ അദ്ദേഹത്തിനെതിരെ കേസു കൊടുക്കുകയും അദ്ദേഹത്തെ അവിടെ നിന്നും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. തീർന്നില്ല, അദ്ദേഹത്തിന്റെ കാബിൻ തകർക്കാൻ ശ്രമിച്ചു. ഒടുവിൽ കാബിന് തീപ്പിടിക്കുകയും ചെയ്തു.

സ്ഥലം ഉടമ കോടതിയെ സമീപിക്കുകയും ഇദ്ദേഹം അനധികൃതമായിട്ടാണ് ഇവിടെ താമസിക്കുന്നത് എന്ന് അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കാബിന്‍ പ്രാദേശിക അധികാരികള്‍ അന്വേഷിച്ചിരുന്നു. ജൂലൈ 15 -ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിട്ടയക്കണമെങ്കില്‍ കാബിനൊഴിയുമെന്ന് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ 27 വര്‍ഷമായി ലിഡ്സ്റ്റണ്‍ ഇവിടെ അന്യായമായി താമസിക്കുകയാണ് എന്നാണ് വാദം. ഈ കാബിനില്‍ ഒരു ചെറിയ അടുക്കള, കുറച്ച് പാത്രങ്ങള്‍, ജനാലവിരി, മരത്തിന്‍റെ അടുപ്പ്, മരത്തിന്‍റെ സ്റ്റൂള്‍ എന്നിവയൊക്കെയാണ് ഉണ്ടായിരുന്നത്. അടുത്തായി ഒരു പച്ചക്കറിത്തോട്ടവും ഉണ്ട്. സമീപത്തെ അരുവിയില്‍ നിന്നുമായിരുന്നു വെള്ളം എടുത്തുകൊണ്ടിരുന്നത്. 

കോടതിയിൽ, മെറിമാക്ക് കൗണ്ടി സുപ്പീരിയർ കോടതി ജഡ്ജി ആൻഡ്രൂ ഷൂൾമാൻ പറഞ്ഞത് ലിഡ്സ്റ്റൺ ആരെയും ഉപദ്രവിക്കുന്നില്ലെന്ന് സമ്മതിച്ചു, പക്ഷേ നിയമം ഭൂവുടമയുടെ ഭാഗത്താണ് എന്നാണ്. എന്നാല്‍, ലിഡ്സ്റ്റണിനോട് അനുഭാവമുള്ള ജോഡി ഗെഡോണ്‍ എന്ന കയാക്കര്‍ ഒരു പെറ്റീഷന്‍ തുടങ്ങിയിട്ടുണ്ട് അദ്ദേഹത്തെ സഹായിക്കാന്‍. അദ്ദേഹം ആരെയും ഉപദ്രവിക്കുന്നില്ലെന്നും അത്തരമൊരു ജീവിതത്തോടും കാടിനോടും സ്നേഹവും കരുണയുമൊക്കെ ഉള്ളതുകൊണ്ട് അങ്ങനെയൊരു ജീവിതം തെരഞ്ഞെടുത്ത ആളാണ് എന്നും അവര്‍ പറയുന്നു. വീട് കത്തിയ വാര്‍ത്തയറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയി എന്നാണ് അവര്‍ പറഞ്ഞത്. 

തീപിടിക്കുന്നതിന് മുമ്പ് തന്നെ സ്ഥലമുടമ കാബിന്‍ പൊളിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, തീപിടിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. അത് അന്വേഷിക്കാന്‍ ഉത്തരവായിട്ടുണ്ട്. അമേരിക്കൻ വ്യോമസേനാ വിമുക്തഭടനും, മരപ്പണിക്കാരനും നാല് കുട്ടികളുടെ പിതാവുമായ ലിഡ്‌സ്റ്റൺ, കയാക്കിം​ഗിനെത്തുന്നവരെയും ബോട്ടുകാരെയും തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും കാട്ടിലെ ജീവിതത്തെക്കുറിച്ചുള്ള കഥകൾ പങ്കിടുകയും ചെയ്തു. തന്‍റേത് ഒരു വീടല്ലെന്നും മറിച്ച് ക്യാമ്പിങ്ങിനെത്തുന്നവര്‍ക്കുള്ള ഒരു സഹായ ഇടം മാത്രമാണ് എന്നും ലിഡ്സ്റ്റണ്‍ പറയുന്നു. അതായിരുന്നു അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ട ജീവിതം എന്ന് അദ്ദേഹത്തിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. 

നേരത്തെ ഉണ്ടായിരുന്ന ഉടമയാണ് തന്നോട് അവിടെ താമസിച്ചോ എന്ന് പറഞ്ഞിരുന്നത് എന്നും ലിഡ്സ്റ്റൺ പറയുന്നുണ്ട്. എന്നാൽ, കാണിക്കാൻ തെളിവുകളൊന്നുമുണ്ടായിരുന്നില്ല. ഏതായാലും കോടതിയും അധികാരികളും പറയുന്നത് നിയമം നോക്കിയേ പ്രവർത്തിക്കാൻ കഴിയൂ എന്നാണ്. എന്നാൽ, ആ വൃദ്ധനെ ഈ അവസാനകാലത്ത് ഇറക്കി വിടരുത് എന്നും ആ കാടാണ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സ്ഥലം അവിടെ കഴിയാൻ അനുവദിക്കണം എന്നും പറഞ്ഞുകൊണ്ട് നിരവധി പേർ രം​ഗത്തെത്തി. 
 

click me!