
കണ്ണെത്താത ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയിൽ വഴിതെറ്റിയാൽ തീർന്നത് തന്നെ. ഓരോ വർഷവും നിരവധി പേരാണ് ഇതുപോലെ മരുഭൂമിയിൽ വഴിതെറ്റി അപകടത്തിലാകുന്നത്. ലിബിയൻ മരുഭൂമിയിൽ വഴിതെറ്റുകയും, പട്ടിണി കിടന്ന് മരിക്കുകയും ചെയ്ത ഒരു സുഡാനീസ് കുടുംബത്തിലെ എട്ട് അംഗങ്ങളെ കഴിഞ്ഞ ആഴ്ച പൊലീസ് കണ്ടെത്തുകയുണ്ടായി. സോഷ്യൽ മീഡിയയിൽ പുറത്ത് വന്ന ഞെട്ടിക്കുന്ന ചിത്രത്തിൽ കാറിനു ചുറ്റും ചിതറി കിടക്കുന്ന മൃതദേഹങ്ങൾ കാണാം.
ലിബിയൻ നഗരമായ കുഫ്രയിൽ നിന്ന് 400 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടാണ് സംഭവം. അധികൃതർ അപകടസ്ഥലത്ത് എത്തിയപ്പോൾ നിരവധി മൃതദേഹങ്ങൾ, വസ്ത്രങ്ങൾ, ബാഗുകൾ എന്നിവ അടങ്ങിയ ഒരു മോട്ടോർ വാഹനം കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഹനത്തിനുള്ളിൽനിന്ന് മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരു വെളുത്ത Toyota Sequoia -യായിരുന്നു വാഹനം. അതിൽ കുട്ടികളടക്കം ഇരുപത്തിയൊന്നോളം പേർ യാത്ര ചെയ്തിരുന്നുവെന്ന് അനുമാനിക്കുന്നു. സംഭവസ്ഥലത്ത് നിന്ന് മൂന്ന് സ്ത്രീകളുടെയും അഞ്ച് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പകുതി അഴുകിയ നിലയിലാണ് അവ കിടന്നിരുന്നത്. അവയിൽ ചിലത് ഭാഗികമായി മണലിൽ പൂഴ്ന്നു കിടന്നിരുന്നു. എങ്ങോട്ട് പോകണമെന്ന് അറിയാതെ കുടുങ്ങി പോയവർ പട്ടിണി കിടന്ന് മരിക്കുകയായിരുന്നുവെന്നാണ് അനുമാനിക്കുന്നത്. ശേഷിക്കുന്ന 13 പേരുടെ നില അജ്ഞാതമായി തുടരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കുടുംബം സുഡാനിലെ എൽ ഫാഷറിൽ നിന്ന് ലിബിയയിലെ കുഫ്ര നഗരത്തിലേക്ക് യാത്ര തിരിച്ചതെന്ന് ലിബിയൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടന്ന് ആറുമാസത്തിനുശേഷം ഈ ആഴ്ച ആദ്യത്തോടെയാണ് കാർ കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് രണ്ട് വ്യക്തിഗത സ്റ്റാറ്റസ് കാർഡുകളും, കൈപ്പടയിൽ എഴുതിയ ഒരു കത്തും പൊലീസ് കണ്ടെത്തിയിരുന്നു. "ഈ പേപ്പർ കണ്ടെത്തുന്നത് ആരായിരുന്നാലും, ഇത് എന്റെ സഹോദരന്റെ നമ്പറാണ്. ഞാൻ നിങ്ങളെ ദൈവത്തെ ഏല്പിക്കുന്നു. എന്റെ അമ്മയെ നിങ്ങളുടെ അടുക്കൽ കൊണ്ടുവന്നതിൽ ക്ഷമിക്കുക" എന്നായിരുന്നു അതിലെ ഉള്ളടക്കം. ദാരുണമായ സംഭവം എങ്ങനെയാണ് നടന്നതെന്ന് അറിയാൻ അധികൃതർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.