ദ്വീപിന്റെ തീരത്ത് ചത്ത നിലയിൽ 14 എണ്ണത്തിമിം​ഗലങ്ങൾ, കാരണമറിയാതെ അധികൃതർ

By Web TeamFirst Published Sep 21, 2022, 1:50 PM IST
Highlights

പ്രദേശത്ത് പരിശോധന നടത്താനും ഇനിയും ഏതെങ്കിലും തിമിം​ഗലങ്ങൾ ഇങ്ങനെ ചത്തിട്ടുണ്ടോ എന്ന് കണ്ടെത്താനും സംഘം പദ്ധതിയിടുന്നുണ്ട്.

ഓസ്ട്രേലിയയിലെ ഒരു ദ്വീപിന്റെ തീരത്ത് ചത്ത നിലയിൽ 14 എണ്ണത്തിമിം​ഗലങ്ങൾ. എന്താണ് ഇവയുടെ മരണകാരണം എന്ന് അറിയാതെ നിൽക്കുകയാണ് അധികൃതർ. തെക്കുകിഴക്കൻ തീരത്തെ ഒരു ദ്വീപിലെ കടൽത്തീരത്താണ് ഇവയെ കണ്ടെത്തിയത്. ഇപ്പോൾ ‌ഓസ്ട്രേലിയയിലെ വന്യജീവി അധികൃതർ ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ് എന്ന് ചൊവ്വാഴ്ച അധികൃതർ പറഞ്ഞു. 

മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ ഭാഗമായ കിംഗ് ഐലൻഡിലാണ് എണ്ണത്തിമിം​ഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവയെ കണ്ടെത്തിയത് എന്ന് സംസ്ഥാന പ്രകൃതിവിഭവ, ​​പരിസ്ഥിതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. 

ഒരു ഗവൺമെന്റ് മറൈൻ കൺസർവേഷൻ പ്രോഗ്രാം ടീം സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനും സ്ഥലം പരിശോധിക്കുന്നതിനും മറ്റുമായി ചൊവ്വാഴ്ച ദ്വീപിലേക്ക് പോയിട്ടുണ്ട്. സംഘം തിമിം​ഗലങ്ങളുടെ മരണകാരണം കണ്ടെത്തുന്നതിന് വേണ്ടി ശവശരീരം പരിശോധിക്കും. ഡിപ്പാർട്മെന്റ് ഏതായാലും സംഭവത്തിന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിൽ, ദ്വീപിന്റെ പാറ നിറഞ്ഞ തീരത്ത് ആഴം കുറഞ്ഞ വെള്ളത്തിൽ വശങ്ങളിലായി തിമിംഗലങ്ങൾ ചത്ത നിലയിൽ കിടക്കുന്നത് കാണാം. 

പ്രദേശത്ത് പരിശോധന നടത്താനും ഇനിയും ഏതെങ്കിലും തിമിം​ഗലങ്ങൾ ഇങ്ങനെ ചത്തിട്ടുണ്ടോ എന്ന് കണ്ടെത്താനും സംഘം പദ്ധതിയിടുന്നുണ്ട്. അവയെ ചത്ത നിലയിൽ കണ്ടെത്തിയ പ്രദേശത്ത് സാധാരണ നിലയിൽ എണ്ണത്തിമിംഗലങ്ങളെ അധികം കാണാറില്ലാത്തതാണ്. എങ്ങനെ അവിടെ അവ എത്തിയെന്നും എങ്ങനെയാണ് അവ ചത്തതെന്നും പരിശോധിക്കും എന്നും സംഘം പറഞ്ഞു. 

അതിനിടെ, തിമിംഗലങ്ങളുടെ ശവശരീരങ്ങൾ സ്രാവുകളെ ഇവിടുത്തെ വെള്ളത്തിലേക്ക് ആകർഷിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സർഫർമാർക്കും നീന്തുന്നവർക്കും സമീപ പ്രദേശം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 

click me!