
നാളെ പ്രണയികളുടെ ദിവസമാണ്. വാലന്റൈൻസ് ഡേ. മിക്കവാറും പ്രണയികൾ ഒരുമിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ദിവസം. എന്നാൽ, ദില്ലിയിൽ നിന്നുള്ള ഒരു യുവാവ് തന്റെ ദുരനുഭവമാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. യുവാവ് പറയുന്നത്, താനും തന്റെ കാമുകിയും കൈപിടിച്ചിരുന്നതിന്റെ പേരിൽ തന്റെ ഹൗസിംഗ് സൊസൈറ്റിയിലുള്ളവർ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശങ്ങൾ അയക്കുന്നു എന്നാണ്. ഗ്രൂപര്പ് ചാറ്റിലാണ് ഇവർ സന്ദേശങ്ങൾ അയക്കുന്നത്.
അവരെ പാഠം പഠിപ്പിക്കണം എന്ന് തുടങ്ങി അയൽക്കാർ അയച്ച മെസ്സേജുകളുടെ സ്ക്രീൻഷോട്ടും 20 -കാരനായ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'അവരെ ഒരു പാഠം പഠിപ്പിക്കണം, അതിനി പൊലീസിനെ കൂടി ഉൾപ്പെടുത്തിയിട്ടാണെങ്കിൽ അങ്ങനെ' തുടങ്ങിയ സന്ദേശങ്ങളാണ് അയൽക്കാർ പങ്കുവയ്ക്കുന്നത്.
ഒരാൾ അയച്ച സന്ദേശത്തിൽ പറയുന്നത്, 'ഒരു ആൺകുട്ടിയും പെൺകുട്ടിയും പാർക്കിൽ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് രാത്രിയിൽ. അവരുടെ പെരുമാറ്റം മാന്യമല്ല' എന്നാണ്. ആ ഭാഗത്തുള്ള മറ്റുള്ളവരും ഈ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും പെരുമാറ്റത്തിൽ അസ്വസ്ഥരാണ് എന്നും ഇയാൾ പറയുന്നുണ്ട്.
സന്ദേശം ഗ്രൂപ്പിലുള്ള മറ്റുള്ളവരേയും പ്രകോപിപ്പിച്ചിട്ടുണ്ട്. വേണ്ടി വന്നാൽ അവരുടെ വീഡിയോ റെക്കോർഡ് ചെയ്യണമെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. 'വീഡിയോ കണ്ടശേഷം ഇവരുടേത് മാന്യമല്ലാത്ത പെരുമാറ്റമാണോ എന്ന് തീരുമാനിക്കാം' എന്നാണ് ഇയാളുടെ നിർദ്ദേശം. 'നാണമില്ലാത്ത ഈ ചെറുപ്പക്കാരെ ശരിയാക്കണം' എന്നും ആളുകൾ സന്ദേശത്തിൽ പറയുന്നുണ്ട്.
ഒരാൾ സൊസൈറ്റിയുടെ സൂപ്പർവൈസറെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. 'അയാൾ പെൺകുട്ടിക്കും ആൺകുട്ടിക്കും വേണ്ടവിധത്തിൽ മുന്നറിയിപ്പ് നൽകാത്തതിനാലാണ് അവർ ഇത് ആവർത്തിക്കുന്നത്' എന്നാണ് ആ സന്ദേശത്തിൽ പറയുന്നത്. 'ഇനിയും അവർ ഇത് നിർത്തിയില്ലെങ്കിൽ പൊലീസിനെ തന്നെ വിവരം അറിയിക്കണം' എന്ന് പറയുന്നതും ചാറ്റിൽ കാണാം.
റെഡ്ഡിറ്റിലാണ് യുവാവ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഈ ചാറ്റിന്റെ സ്ക്രീൻഷോട്ട് കണ്ടതോടെ തങ്ങൾ ആകെ പരിഭ്രമിച്ചു എന്നും തങ്ങളുടെ രക്ഷിതാക്കളെ കുറിച്ചും അവർ മോശം അഭിപ്രായങ്ങൾ നടത്തുന്നുണ്ട് എന്നും 20 -കാരൻ പറയുന്നു. തങ്ങളെ ശരിക്കും വളർത്താത്തതിന്റെ ദോഷമാണ് എന്നാണ് പറയുന്നത്. പൊലീസിൽ അറിയിക്കും, വീഡിയോ പകർത്തി ഓൺലൈനിൽ പങ്കുവയ്ക്കും എന്നെല്ലാം പറഞ്ഞത് തങ്ങളെ പരിഭ്രാന്തരാക്കി എന്നും യുവാവ് പറയുന്നു. തങ്ങൾ മാന്യമല്ലാത്ത ഒന്നും ചെയ്തിട്ടില്ല. കൈകൾ പിടിച്ചിരുന്ന് സംസാരിക്കുക മാത്രമാണ് ചെയ്തത് എന്നും യുവാവ് പറയുന്നു.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് തികച്ചും മോറൽ പൊലീസിംഗ് ആണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 'പൊലീസ് എന്ത് ചെയ്യാനാണ്, കൈകൾ പിടിച്ചിരുന്ന് സംസാരിച്ചതിന് നിങ്ങളെ അറസ്റ്റ് ചെയ്യുമോ' എന്നാണ് മറ്റൊരാൾ ചോദിച്ചത്.