
ഏഴുമാസം ഗർഭിണിയായിരിക്കെ 145 കിലോ ഉയർത്തി വെങ്കലം നേടി ഡെൽഹി പൊലീസ് കോൺസ്റ്റബിൾ. പൊലീസ് കോൺസ്റ്റബിളായ സോനിക യാദവാണ് ആന്ധ്രാപ്രദേശിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് വെയ്റ്റ്‌ലിഫ്റ്റിംഗ് ക്ലസ്റ്റർ 2025–26 -ൽ വെങ്കല മെഡൽ നേടിയത്. 84+ കിലോഗ്രാം വിഭാഗത്തിലാണ് സോനിക പങ്കെടുത്തത്. ഉദരത്തിൽ ഒരു കുഞ്ഞിനെ വഹിച്ചുകൊണ്ട്, അവർ 125 കിലോഗ്രാം സ്ക്വാട്ടിലും, 80 കിലോഗ്രാം ബെഞ്ച് പ്രസ്സിലും, കൂടാതെ 145 കിലോഗ്രാം ഭാരം ഡെഡ്‌ലിഫ്റ്റിലും ഉൾപ്പെടെ ആകെ 350 കിലോഗ്രാം ഭാരം ഉയർത്തി.
പൊലീസിലെ കമ്മ്യൂണിറ്റി പൊലീസിംഗ് സെല്ലിൽ നിന്ന് പവർലിഫ്റ്റിംഗിലേക്ക് അവർ തിരിയുന്നത് 2023 -ലാണ്. അതിനുമുമ്പ് മജ്‌നു കാ ടിലയിലെ ബീറ്റ് ഓഫീസറായി സോനിക സേവനമനുഷ്ഠിച്ചിരുന്നു. 2023 -ൽ സംസ്ഥാന ചാമ്പ്യൻഷിപ്പ് നേടിയ ശേഷം, ജോലിയും കർശനമായ പരിശീലനവും അവർ ഒരുമിച്ച് കൊണ്ടുപോയി. 2025 മെയ് മാസത്തിൽ ഗർഭിണിയായെങ്കിലും യാദവിന്റെ തയ്യാറെടുപ്പിന് അതൊരു തടസ്സമായില്ല. സ്ഥിരമായ മെഡിക്കൽ പരിശോധനകളോടെ അവർ പരിശീലനം തുടർന്നു. "ഗർഭധാരണത്തെ ഒരു പ്രശ്നമായിട്ടോ അല്ലെങ്കിൽ സ്ത്രീകൾ എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് തടയുന്ന ഒന്നായിട്ടോ കണക്കാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" എന്നാണ് സോനിക വ്യക്തമാക്കുന്നത്.
എന്നാൽ, ഇത്തരം പരിശീലനങ്ങൾ കർശനമായ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ പിന്തുടരാൻ പാടുള്ളൂ എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗർഭിണികൾക്ക് മിതമായ വ്യായാമം പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, ഭാരം ഉയർത്തുന്നത് പോലെയുള്ള കാര്യങ്ങൾ അപകടസാധ്യതകൾ നിറഞ്ഞതാണ്. പൂർണ്ണമായ മേൽനോട്ടത്തിൽ മാത്രമേ ഇത് ചെയ്യാവൂ.