
ഡൊണാൾഡ് ട്രംപ് വിസാ നിയന്ത്രണങ്ങൾക്ക് പുതിയൊരു പരിശോധന കൂടി ഏർപ്പെടുത്താനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഡിസംബർ 15 മുതല്‍ എല്ലാ H-1B, H-4 വിസ അപേക്ഷകരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകൾ കൂടി പരിശോധിക്കണമെന്നാണ് യുഎസ് സർക്കാറിന്‍റെ പുതിയ ഉത്തരവ്. സ്ക്രീനിംഗ് പ്രക്രിയയെ സഹായിക്കുന്നതിന് അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ "പൊതു" ക്രമീകരണത്തിലേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു.
എച്ച്-1ബി വിസ അപേക്ഷകർക്കും അവരുടെ എച്ച്-4 ആശ്രിതർക്കും വേണ്ടിയുള്ള വെറ്റിംഗ് പ്രക്രിയയ്ക്കുള്ള നടപടികൾ കർശനമാക്കിയാണ് പുതിയ ഉത്തരവ്. എല്ലാത്തരം വിസാ അപേക്ഷകരുടെയും സമൂഹ മാധ്യമ അക്കൗണ്ടുകൾ നിർബന്ധിതയും സ്ക്രീനിംഗിന് വിധേയമാക്കണമെന്ന് യുഎസ് സർക്കാർ ആവശ്യപ്പെടുന്നു. യുഎസ് വിസ "ഒരു അവകാശമല്ല, ഒരു പദവിയാണ്" എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുതിയ ഉത്തരവിലും ഊന്നിപ്പറഞ്ഞു.
ഓരോ വിസ വിധിനിർണ്ണയവും ഒരു ദേശീയ സുരക്ഷാ തീരുമാനമാണെന്നും പ്രവേശനക്ഷമതയും സാധ്യതയുള്ള അപകട സാധ്യതകളും കണ്ടെത്താൻ ഉദ്യോഗസ്ഥർ ലഭ്യമായ എല്ലാ വിവരങ്ങളെയും ആശ്രയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിസ ലഭിച്ച് എത്തുന്നവർ അമേരിക്കക്കാരെ ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണിതെന്നും ഉത്തരവിൽ പറയുന്നു. യുഎസിനോ വെള്ളക്കാര്‍ക്കോ എതിരെയുള്ള സമൂഹ മാധ്യമ പരാമർശങ്ങൾ ഇനി വിസ നഷ്ടപ്പെടാൻ കാരണമായേക്കാം. പുതിയ ഉത്തരവ് യുഎസിലെ ഏറ്റവും കൂടുതൽ എച്ച് 1ബി വിസ ഉടമകളുള്ള ഇന്ത്യൻ പ്രവസികളെ ആശങ്കപ്പെടുത്തി. അതേസമയം യുഎസ് വിസ അപേക്ഷകരുടെ സൂക്ഷ്മപരിശോധന ആതിഥേയ രാജ്യത്തിന്‍റെ പ്രത്യേകാവകാശം ആണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്‍റിൽ പറഞ്ഞത്.