കോഴിയിറച്ചിയുടെ രുചി; കൊഴുപ്പ് കുറവ്, വിലയും തുച്ഛം, പന്നിയിറച്ചി കിട്ടാതായതോടെ മുതലയിറച്ചിക്ക് ഡിമാന്‍ഡ്!

By Web TeamFirst Published Jan 19, 2022, 7:06 AM IST
Highlights

മുതലയിറച്ചിക്ക് പിന്നാലെയാണ് ഇപ്പോള്‍ തായ് ജനത. പ്രിയപ്പെട്ട പന്നിയിറച്ചി കിട്ടാതായതോടെയാണ് അവര്‍ മുതലയിറച്ചിക്കു പിന്നാലെ ഓട്ടമാരംഭിച്ചത്. പന്നിയിറച്ചിക്ക് ഇപ്പോള്‍ മുതലയിറച്ചിയുടെ ഇരട്ടിയാണ് വില. 

തായ്‌ലാന്റിലെ മുതലക്കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ഡിമാന്‍ഡാണ്. അത്ര വലിയ തിരക്കൊന്നുമില്ലാതിരുന്ന മുതല ഫാമുകളിലിപ്പോള്‍ നല്ല തിരക്ക്. ഈ വര്‍ഷം ഡിമാന്‍ഡ് ഇരട്ടിയായതായാണ് കര്‍ഷകര്‍ പറയുന്നത്. 

എന്തിനാണ്, ഈ ഡിമാന്‍ഡ് എന്നോ? 

ഇറച്ചിക്ക്!

മുതലയിറച്ചിക്ക് പിന്നാലെയാണ് ഇപ്പോള്‍ തായ് ജനത. പ്രിയപ്പെട്ട പന്നിയിറച്ചി കിട്ടാതായതോടെയാണ് അവര്‍ മുതലയിറച്ചിക്കു പിന്നാലെ ഓട്ടമാരംഭിച്ചത്. പന്നിയിറച്ചിക്ക് ഇപ്പോള്‍ മുതലയിറച്ചിയുടെ ഇരട്ടിയാണ് വില. മാത്രമല്ല, അത് കിട്ടാനുമില്ല. ആഫ്രിക്കന്‍ പന്നിപ്പനിയെ തുടര്‍ന്ന് ആയിരക്കണക്കിന് പന്നികളെ കൊന്നതിനെ തുടര്‍ന്നാണ് പന്നിറയിച്ചി കിട്ടാക്കനിയായത്. അതിന്റെ സ്ഥാനത്താണ് മുതലകള്‍ വന്നു ചേര്‍ന്നത്. 

പ്രതിമാസം 20,000 മുതലകളാണ് നേരത്തെ തായ്‌ലാന്റില്‍ കശാപ്പ് ചെയ്യപ്പെട്ടിരുന്നത് എന്നാണ് കണക്ക്.  ഇപ്പോഴിത് മൂന്നും നാലും ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ഒരു മുതലയില്‍നിന്നും ശരാശരി 12 കിലോഗ്രാം ഇറച്ചി കിട്ടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കോഴിയിറച്ചിയുടെ രുചിയാണത്രെ ഇതിന്. പെട്ടെന്ന് വേവും. ഇതിന്റെ ഓരോ ഭാഗവും ഓരോ രീതിയിലാണ് പാചകം ചെയ്യേണ്ടത്. മുതലയുടെ വാലിനു മുകളിലുള്ള ഭാഗമാണ് ഏറ്റവും രുചികരം. വിലയും കുറവാണ്. കുറഞ്ഞ കൊഴുപ്പും ഉയര്‍ന്ന പ്രോട്ടീനുമാണ് മുതലയിറച്ചിയെ തായ്‌ലാന്റുകാരുടെ പ്രിയവിഭവമാക്കുന്നത്. 

ഒരു കിലോ മുതലയിറച്ചിക്ക് ഇവിടെ 150 ബാത് (236 രൂപ) ആണ് വില. റീെട്ടയില്‍ വില കിലോയ്ക്ക് 70 ബാത്് (157 രൂപ). എന്നാല്‍, രാജ്യത്തെ ഏറ്റവും പ്രിയങ്കരമായ ഇറച്ചിയായി കരുതപ്പെടുന്ന പന്നിയിറച്ചിക്കാവട്ടെ കിലോയ്ക്ക് 200 ബാത് (450 രൂപ) ആണ് വില. ഇതു മാത്രമല്ല പന്നിയിറച്ചി കിട്ടാത്ത അവസ്ഥയുമുണ്ട്. ഒപ്പം, പന്നിപ്പനിയെക്കുറിച്ചുള്ള ആശങ്കയും ആളുകളെ മുതലയിറച്ചിയിലേക്ക് എത്തിക്കുന്നു. 

ഇക്കഴിഞ്ഞ ജനുവരി 11-നാണ് തായ്‌ലാന്റില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥീരീകരിച്ചത്. നേരത്തെ തന്നെ ഇവിടെ പന്നിപ്പനി കാരണം പന്നികള്‍ ചാവുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, രാജ്യത്തെ പ്രധാന കൃഷികളിലൊന്നായ പന്നിഫാമുകളെ തകര്‍ക്കുന്നതിനാല്‍ ഇക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. കാട്ടുപന്നികളെയും നാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ആഫ്രിക്കന്‍ പന്നിപ്പനി അതിവേഗമാണ് പടരുന്നത്. മറ്റ് മൃഗങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുന്നുണ്ടെങ്കിലും മനുഷ്യര്‍ക്കിടയില്‍ അപകടമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

നാലു വര്‍ഷത്തിനുള്ളില്‍ പന്നിപ്പനി കാരണം 67 ലക്ഷം പന്നികള്‍ ചത്തൊടുങ്ങിയതായാണ് കണക്കുകള്‍. ഏഷ്യായില്‍ ചൈനയെയും തായ്‌ലാന്റിനെയും കംബോഡിയ, വിയറ്റ്‌നാം, ലാവോസ് എന്നീ രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് പന്നിയിറച്ചിയുടെ വില ഇരട്ടിയായതും അവ കിട്ടാതായതും. മുതലയിറച്ചിയിലേക്ക് ഇവിടങ്ങളിലുള്ള ജനം തിരിയുന്നത് ഈ സാഹചര്യത്തിലാണ്. 

click me!