അമ്പമ്പോ എത്ര മനോഹരമായ കാഴ്ച; അറ്റക്കാമ മരുഭൂമിയിൽ പൂക്കളുടെ വസന്തകാലം

Published : Oct 13, 2025, 10:05 PM IST
atacama desert bloom

Synopsis

കാലാവസ്ഥ വ്യതിയാനം മൂലം വരൾച്ച രൂക്ഷമായ ഈ പ്രദേശത്ത് കുഞ്ഞുകുഞ്ഞു പൂക്കളുടെ പൂക്കാലം എത്തിയതിനെ കൗതുകത്തോടെയാണ് ​ഗവേഷകർ കാണുന്നത്.

ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമിയായ ചിലിയിലെ അറ്റക്കാമയിൽ പൂക്കളുടെ വസന്തകാലം. അപൂർവമായിട്ടാണ് അറ്റക്കാമയിൽ പൂവുകൾ വിരുന്നെത്താറുള്ളത്. വിനോദ സഞ്ചാരികളെയും ​ഗവേഷകരെയും ഒരേപോലെ ആകർഷിച്ചിരിക്കുകയാണ് വിവിധ നിറങ്ങളാൽ മരുഭൂമിയെ മനോഹരമാക്കിയ ഈ പൂവുകൾ.

പ്രതിവർഷം 2 മില്ലീമീറ്റർ മാത്രം മഴയാണ് അറ്റക്കാമയിൽ പെയ്യാറുള്ളത്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വരണ്ട സ്ഥലമായി ഇത് മാറിയതും. എന്നാൽ ഈ വർഷം അറ്റക്കാമയിൽ താരതമ്യേന കൂടുതൽ മഴ ലഭിച്ചിരുന്നു. ഇതാവാം മരുഭൂമിയിലെ ഈ പൂക്കാലത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന ഈ 'നാച്ചുറൽ ഫ്ലവർ ഷോ' കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ചിലർ ചിലിയുടെ തലസ്ഥാനമായ സാന്റിയാ​ഗോയിൽനിന്നും 800 കിലോമീറ്റർ ട്രക്ക് ചെയ്തും മരുഭൂമിയിലെ ഈ വസന്തം കാണാൻ വരുന്നുണ്ട്. പിങ്ക്, പർപ്പിൾ, വയലറ്റ്, വെള്ള, മഞ്ഞ, നീല, ചുവപ്പ് നിറങ്ങളിലുള്ള പൂക്കളാണ് വിരിഞ്ഞിരിക്കുന്നത്. വേനലിന്റെ വരവ് വരെയായിരിക്കും ഈ പൂക്കളുടെ ആയുസ്. നവംബറോടെ ഈ പൂക്കാലം അവസാനിക്കും. എന്നാൽപ്പോലും ഈ ചെടികളിൽ ചിലതിന് ഉയർന്ന താപനിലയെ അതിജീവിക്കാനായേക്കും.

'ഡെസൈർട്ടോ ഫ്ലോറിഡോ', 'ഡെസേർട്ട് ബ്ലൂം' എന്നൊക്കെയാണ് മരുഭൂമിയിലെ പൂക്കാല പ്രതിഭാസത്തെ വിശേഷിപ്പിക്കാറുള്ളത്. മരുഭൂമി മുഴുവൻ പൂക്കളുടെ പട്ടുമെത്ത വിരിഞ്ഞ പോലെ നിറങ്ങളാൽ സുന്ദരമാകുന്നതാണ് ഈ കാഴ്ച. 200 -ൽ അധികം സ്പീഷീസുകളിലുള്ള ചെടികളുടെ വിത്തുകൾ ഈ മരുഭൂമിയിൽ മഴകാത്ത് കിടക്കുന്നുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. കുറഞ്ഞത് 15 മില്ലീ മീറ്റർ എങ്കിലും മഴ ലഭിച്ചാലേ ഇവയ്ക്ക് വളരാനാകൂ. ഇക്കൊല്ലം അസാധാരണമായി പെയ്ത മഴ മരുഭൂമിയുടെ താഴ്‍വരകളെയും ഉയർന്ന പ്രദേശങ്ങളെയും നനച്ചു. ഇതോടൊപ്പം തന്നെ അന്തരീക്ഷ താപനിലയിലുണ്ടായ മാറ്റങ്ങളും സൂര്യപ്രകാശവും ഈർപ്പവും എല്ലാം ചേർന്നാണ് ഈ പൂക്കാലത്തെ മരുഭൂമിയിൽ അനുഭവവേദ്യമാക്കിയത്. സമീപ വർഷങ്ങളിൽ അറ്റാക്കാമയിൽ ഏറ്റവുമധികം മഴ ലഭിച്ച വർഷമായിട്ടാണ് 2025 കണക്കാക്കപ്പെടുന്നത്.

കാലാവസ്ഥ വ്യതിയാനം മൂലം വരൾച്ച രൂക്ഷമായ ഈ പ്രദേശത്ത് കുഞ്ഞുകുഞ്ഞു പൂക്കളുടെ പൂക്കാലം എത്തിയതിനെ കൗതുകത്തോടെയാണ് ​ഗവേഷകർ കാണുന്നത്. ഈ പൂക്കളുടെ വരവ് വരൾച്ചയ്ക്ക് മറുമരുന്നാകുമോ എന്ന പഠനങ്ങളും നടക്കുന്നുണ്ട്. ഈ കുഞ്ഞൻ ചെടികൾക്ക് വരൾച്ചയെയും കഠിനമായ താപനിലയെയും അതിജീവിക്കാൻ കഴിയുമോ എന്ന പഠനങ്ങളും സജീവമാണ്.

ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററാണ് അറ്റക്കാമയുടെ വിസ്തീർണം. ഈ അറ്റക്കാമയെ ചുറ്റിപ്പറ്റി പല അന്ധവിശ്വാസങ്ങളും കഥകളും പ്രചരിക്കാറുണ്ട്. അറ്റക്കാമ മരുഭൂമിയിൽ ഏലിയൻസിന്റെ സാന്നിധ്യമുണ്ട് എന്നതാണ് അതിൽ ഏറെ പ്രചാരമുള്ള ഒരു കഥ.

PREV
NT
About the Author

Nimisha Tom

2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളി കാണാൻ സ്കൂളിൽ കള്ളം പറഞ്ഞു, ഒടുവിൽ 9 വയസ്സുകാരനെ ക്യാമറ 'കുടുക്കി', നടപടിയുമായി സ്കൂൾ
പിരിയഡ്‍സിന്റെ വയറുവേദന, ലീവെടുത്ത യുവതിയോടുള്ള ബോസിന്റെ ഞെട്ടിക്കുന്ന പ്രതികരണം ഇങ്ങനെ