അയോധ്യയില്‍ രാമക്ഷേത്രം വേണം, ദേവദാസ് ബ്രഹ്മചാരി ചെരിപ്പിടാതെ നടന്നത് പതിനെട്ടുകൊല്ലം

By Web TeamFirst Published Nov 14, 2019, 5:02 PM IST
Highlights

ക്ഷേത്ര നിർമ്മാണത്തിന്റെ വഴി തെളിഞ്ഞ ശേഷം മാത്രമേ താനിനി ചെരിപ്പിടൂ എന്ന പ്രതിജ്ഞ ദേവദാസ് എടുത്തത് 18 കൊല്ലങ്ങൾക്ക് മുമ്പാണ്. 

കിഷൻഗഞ്ച്: അയോധ്യാ കേസിൽ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്ന ദിവസം നേരം വെളുത്തപ്പോൾ മുതൽ ബിഹാറിലെ കിഷൻഗഞ്ച് എന്ന ഗ്രാമത്തിൽ ടെലിവിഷൻ സെറ്റിലേക്ക് കണ്ണും നട്ടുകൊണ്ട് ഒരു യുവാവിരിപ്പുണ്ടായിരുന്നു. അയാളുടെ ജീവിതത്തിൽ വളരെ വലിയ ഒരു സ്വാധീനം ചെലുത്താൻ പോന്നൊരു വിധിയായിരുന്നു കോടതി പുറപ്പെടുവിച്ചത്. 

ജീവിതത്തിൽ നേരിട്ട അപമാനത്തെത്തുടർന്ന്, അതിനു പരിഹാരമുണ്ടായതിനു ശേഷം മാത്രമേ ചെരിപ്പിട്ടു നടക്കൂ എന്ന് വാശിപിടിക്കുന്ന മഹേഷ് നമുക്കൊക്കെ പരിചയമുള്ള സിനിമാകഥാപാത്രമാണ്. കിഷൻ ഗഞ്ചിലെ മഹേഷാണ് ദേവദാസ് ബ്രഹ്മചാരി. കടുത്ത രാമഭക്തനായിരുന്നു ദേവു ദാ എന്നറിയപ്പെട്ടിരുന്ന ദേവദാസ്. അയോധ്യയിലെ ശ്രീരാമ ക്ഷേത്രം നിർമിക്കുന്നതിന് തടസ്സമായി നില്കുന്നതെല്ലാം ഒഴിഞ്ഞ്, ക്ഷേത്ര നിർമ്മാണത്തിന്റെ വഴി തെളിഞ്ഞ ശേഷം മാത്രമേ താനിനി ചെരിപ്പിടൂ എന്ന പ്രതിജ്ഞ ദേവദാസ് എടുത്തത് 18 കൊല്ലങ്ങൾക്ക് മുമ്പാണ്.

അന്നുതൊട്ടിന്നുവരെ കല്ലിലും മുള്ളിലും വെയിലത്തും മഴയത്തും ദേവദാസ് ഇറങ്ങി നടന്നിട്ടുള്ളത് ചെരിപ്പിടാതെ തന്നെയാണ്. ഇപ്പോൾ, സുപ്രീം കോടതി വിധി വന്നത്, ദേവദാസിന്റെ ജീവിതത്തിൽ ചെറിയൊരു സുഖം പകരും. ഇനി വേണമെങ്കിൽ, തന്റെ പ്രതിജ്ഞ നിറവേറിയ സാഹചര്യത്തിൽ ദേവദാസിന്  തന്റെ കാലിന്റെ അളവിന് ചേരുന്ന വലിപ്പത്തിൽ എട്ടിന്റെയോ പത്തിന്റെയോ ഒരു ലൂണാർ വാങ്ങി ധരിച്ചുകൊണ്ട് പുറത്തിറങ്ങി നടക്കാം. 

2001-ൽ ഇന്റർ മീഡിയറ്റ് പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഈ കടുത്ത പ്രതിജ്ഞ ദേവദാസ് ബ്രഹ്മചാരി എടുക്കുന്നത്. തന്റെ ഗ്രാമത്തിൽ ഒരു സാമൂഹിക സേവകന്റെ വേഷമാണ് ദേവദാസിന്. രക്തദാനത്തെപ്പറ്റി ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു ഇയാൾ. ഏതായാലും, ദേവദാസ് ബ്രഹ്മചാരിയുടെ അസൗകര്യങ്ങൾ കൂടി പരിഹരിക്കുന്ന ഒന്നാണ് വൈകിയെങ്കിലും വന്ന ഈ  ഈ വിധി. 

click me!