മല കയറാനായിപ്പോകുന്ന അയ്യപ്പ ഭക്തര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതല്ലേ?

By Adv Abhilash J SreedharFirst Published Nov 14, 2019, 4:04 PM IST
Highlights

മണ്ഡല-മകരവിളക്കുകാലത്ത് സർക്കാരും അനുബന്ധ വകുപ്പുകളും പ്രകൃതിസംരക്ഷണത്തെക്കുറിച്ചും മറ്റുമൊക്കെ ബോധവൽക്കരണ പരിപാടികളും മറ്റ് പ്രവർത്തനങ്ങളുമൊക്കെ നടത്തിക്കാണാറുണ്ട്. പക്ഷെ, അതൊക്കെയും പ്ലാസ്റ്റിക്ക് പ്രകൃതിയിൽ നിന്നും അകറ്റിനിർത്തപ്പെടേണ്ടതിലേക്ക് മാത്രമായി ഒതുങ്ങിപ്പോകേണ്ടതാണെന്നൊരു ധാരണയുണ്ടെന്ന് തോന്നുന്നു. 

ഇനി വരുന്നത് വൃശ്ചിക മാസമാണ്, മറ്റൊരു മണ്ഡലകാലം ആരംഭം... വ്രതാനുഷ്ഠാനവും ശബരിമല തീർത്ഥാടനവും അയ്യപ്പദർശനവും തുടങ്ങുന്ന മലയാളമാസം.

വ്രതം അനുഷ്ഠിക്കുന്നതിലെ ഒരു സുപ്രധാന നിഷ്ഠയാണ് ശരീരവും മനസും ശുചിയാക്കി വയ്ക്കുകയെന്നത്. അതുപോലെ തന്നെ പരമപ്രധാനമായി ചെയ്യാവുന്നതാണ് തന്‍റെ പരിസരവും ചുറ്റുപാടുകളും വൃത്തിയായും ശുദ്ധിയായും നിലനിർത്തുകയെന്നതും. ഇക്കാലയളവിൽ വ്രതമെടുക്കുന്ന തീർത്ഥാടകർ ശരീരശുദ്ധിയുടെ കാര്യത്തിലാകുമ്പോൾ പതിവിലധികം ശ്രദ്ധയും കരുതലും പുലർത്തുന്നതായി കണ്ടുവരുന്നു. ദിവസേന ഒന്നോ രണ്ടോ അതിലധികമോ തവണ കുളിക്കാറുള്ള ഇത്തരക്കാർ ആ കുളികളുടെ എണ്ണം പിന്നെയും വർദ്ധിപ്പിക്കാറാണ് പതിവ്. മല കയറി പതിനെട്ടുപടിയും ചവിട്ടി ശബരിമല ദർശനം ലക്ഷ്യമാക്കി ഇത്തരത്തിൽ അനുഷ്ഠാനകർമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഭക്തരും ഇതൊന്നുമില്ലാതെ തന്നെ മല ചവിട്ടി ദർശനത്തിനായി മുതിരുന്ന ഭക്തർക്കും തീർത്ഥാടകർക്കും സഞ്ചാരികൾക്കുമായി ഇത്തവണ ചിലത് കുറിക്കട്ടെ.

ഇങ്ങനെ കഠിനവ്രതമെടുത്തും അതല്ലെങ്കിൽ ലളിതവ്രതമെടുത്തും ശബരിമല തീർത്ഥാടനം നടത്തുന്ന നല്ലൊരുപക്ഷം സഞ്ചാരികളിൽ കണ്ടുവരുന്നൊരു പ്രതിഭാസമാണ് പമ്പാ നദിയിലെ വിസ്‍തരിച്ചുള്ള കുളിയും നനയും. അയ്യപ്പദർശനത്തിനായി പോകുന്ന ജനങ്ങൾ പമ്പയിൽ മുങ്ങാതെ മല ചവിട്ടാറില്ലെന്നതാണ്‌ അവിടുത്തെ രീതി. പമ്പയിലെ മുങ്ങൽ ഒരു ആചാരമാണ്; വിശ്വാസമാണ്. അല്ലാതെ വിസ്തരിച്ച് കുളിക്കലും തുണിയലക്കലുമല്ല. ശബരിമല പോകുമ്പോൾ അവിടെ കാണാൻ കഴിയുന്നൊരു വിചിത്രമായ കാഴ്ചയാണ് അയ്യപ്പന്മാർ ഇഞ്ചയും സോപ്പും ഷാംപൂവുമൊക്കെ ശരീരത്തിൽ തേയ്ച്ചുപിടിപ്പിച്ച് പരമാവധി പതപ്പിച്ച് അടിച്ചുനനച്ചു കുളിക്കുന്നതും അതുപോലെ തന്നെ വസ്ത്രങ്ങൾ ശുചിയാക്കുന്നതും.

എന്തൊരു വിരോധാഭാസമാണതെന്ന്  ചിന്തിക്കുന്നവർക്ക് ബോധ്യപ്പെടാവുന്നതേയുള്ളൂ. ഇത്തരക്കാരുടെ പമ്പാനദിയിലെ രീതികളൊക്കെ കണ്ടാൽ ഇനി അടുത്ത മണ്ഡലകാലത്ത് മാത്രമേ കുളിയും നനയുമുള്ളൂവെന്നു തോന്നിപ്പോകും. അത്രയ്ക്ക് വിശാലമാണ് ആ കുളിയും അതിനായി കരുതിക്കൊണ്ടുവരുന്ന ഷാംപൂവും സോപ്പും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും പുണ്യനദിയിലേക്ക് ഒഴുക്കിവിടുന്നതും, അത് മലീമസമാക്കാൻ അറിഞ്ഞോ അറിയാതെയോ ഭാഗമായിത്തീരുന്നതും.

മണ്ഡല-മകരവിളക്കുകാലത്ത് സർക്കാരും അനുബന്ധ വകുപ്പുകളും പ്രകൃതിസംരക്ഷണത്തെക്കുറിച്ചും മറ്റുമൊക്കെ ബോധവൽക്കരണ പരിപാടികളും മറ്റ് പ്രവർത്തനങ്ങളുമൊക്കെ നടത്തിക്കാണാറുണ്ട്. പക്ഷെ, അതൊക്കെയും പ്ലാസ്റ്റിക്ക് പ്രകൃതിയിൽ നിന്നും അകറ്റിനിർത്തപ്പെടേണ്ടതിലേക്ക് മാത്രമായി ഒതുങ്ങിപ്പോകേണ്ടതാണെന്നൊരു ധാരണയുണ്ടെന്ന് തോന്നുന്നു. അധികാരികളുടെ ഭാഗത്തുനിന്നുള്ള അത്തരം ബോധവൽക്കരണ- പ്രചാരണങ്ങൾക്കുപരിയായി പരിസ്ഥിതി സംരക്ഷണ സംബന്ധമായ സാമാന്യ നിയമങ്ങൾ വിവിധ തലങ്ങളില്‍ നടപ്പിലാക്കാനായി പ്രാബല്യത്തിലുണ്ട്. നദീജലത്തിന്റെ പരിപാലനം, സംരക്ഷണം, വിനിയോഗം എന്നിവയെല്ലാം സംബന്ധിച്ച് ദേശീയ/സംസ്ഥാന തലത്തിലും അതിലുപരി അന്താരാഷ്ട്ര തലത്തിലും നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കുന്നുണ്ട്. മനുഷ്യവിനിയോഗത്തിനുള്ള സുരക്ഷിത പ്രകൃതിവിഭവ സ്രോതസായി നദികൾ സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുക മുഖ്യ ലക്ഷ്യമാക്കി ദേശീയ തലത്തിൽ ജലനയം തന്നെ രൂപീകരിച്ചിട്ടുമുണ്ട്.

പുഴയുൾപ്പെടെയുള്ള ഏതൊരു ജലസ്രോതസും മലിനീകരിക്കുന്നത് ശിക്ഷാർഹമായ ക്രിമിനൽ കുറ്റമായി കേരള സർക്കാർ 2018 -ൽ ഭേദഗതി ചെയ്ത നിയമവും സംസ്ഥാനത്തുണ്ട്. കൂടാതെ മലിനീകരണ നിയന്ത്രണ ബോർഡ്, ദേശീയ പരിസ്ഥിതി ട്രിബ്യൂണൽ, പരിസ്ഥിതി നഷ്ടോത്തരവാദിത്വ നിയമം, ദേശീയ പരിസ്ഥിതി അപ്പലേറ്റ് അതോറിറ്റി, ഹരിത ട്രിബ്യൂണൽ നിയമം എന്നിവയൊക്കെ പൊതുവായി നിലകൊള്ളുന്നു.

ഇവിടെ പ്രതിപാദിച്ചിരിക്കുന്ന വിഷയമായ ശബരിമല മണ്ഡലകാലവും അതിന്റെ അവിഭാജ്യഘടകമായ പമ്പാനദിയും സംബന്ധിച്ചുപറയുകയാണെങ്കിൽ പമ്പാനദീതട അതോറിറ്റി നിയമം തന്നെയുണ്ട്. പമ്പാനദീ പ്രദേശത്തെ ജലസ്രോതസുകളുടെ സംരക്ഷണം, ആസൂത്രണം, നടത്തിപ്പ്, നിരീക്ഷണം, വിപുലീകരണം, നിയന്ത്രണം മുതലായവ കർമപദ്ധതിയാക്കി നടപ്പിലാക്കാനായി ഒരു അധികൃതസ്ഥാനം രൂപീകരിക്കുന്നതിനും അനുപേക്ഷണീയ പ്രവർത്തനങ്ങൾക്കുമായി കേരള സർക്കാർ 2007 -ൽ രൂപം നൽകിയതാണ് പമ്പാ നദീതട അതോറിറ്റി നിയമം.

മുഖ്യമന്ത്രി ചെയർമാനും ജലവിഭവ മന്ത്രി വൈസ് ചെയർമാനും സെക്രട്ടറി അംഗ സെക്രട്ടറിയും പത്ത് ഉദ്യോഗസ്ഥർ അംഗങ്ങളും രണ്ട് വിദഗ്ദ്ധാംഗങ്ങളും പമ്പാനദീതട പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ലോക്സഭ, നിയമസഭാ അംഗങ്ങൾ, ജില്ലാ/ബ്ലോക്ക്/പഞ്ചായത്ത് പ്രസിഡന്റുമാരെ പ്രതിനിധീകരിക്കുന്നവരും ഉൾപ്പെട്ടതാണ് പമ്പാനദീതട അതോറിറ്റിയുടെ ഘടന. എന്നാൽ ഒട്ടുമേ തന്നെ ചർച്ച ചെയ്യപ്പെടുകയോ പ്രയോഗത്തിൽ വരാത്തതോ ആയ ഒന്നാണ് ഈ നിയമം.

പറഞ്ഞുവരുന്നത്, പമ്പയിലെ കുളിവിസ്താരമാണ്. മനസ്സിലെ അഴുക്ക് കഴുകിക്കളയുന്നു എന്നതാണ് പമ്പയിൽ മുങ്ങിനിവരുന്നതിന്റെ സങ്കൽപവും അതിനുപിന്നിലെ ഉദ്ദേശ്യശുദ്ധിയും. അല്ലാതെ ശരീരഭാഗങ്ങളും വസ്ത്രങ്ങളും അലക്കി വൃത്തിയാക്കലല്ല; അത് മനസ്സിലാക്കാത്തതാണ്, അതിനെക്കുറിച്ച് ചിന്തിക്കാത്തതാണ് ഈ വിസ്തരിച്ചുള്ള കുളിയെന്ന ഗുരുതരമായ അസംബന്ധം നമ്മൾ അവിടെ കാണിച്ചുകൂട്ടുന്നതിനു കാരണം.  മൂന്നുതവണ മുങ്ങിനിവരുക; അതാണ്‌ ഉത്തമം. നദിയും മലിനമാകില്ല; നമുക്കും നമ്മുടെ പുറകേ വരുന്ന തലമുറകൾക്കുമായി എന്നും അതവിടെയുണ്ടാകും. അത് അവിടെയെത്തുന്ന ഭക്തരും തീർത്ഥാടകരും വിശ്വാസികളും അയ്യപ്പൻമാരുമായ ജനക്കൂട്ടം കരുതലിലെടുത്ത് നിഷ്ഠയോടെ നടപ്പിൽ വരുത്തേണ്ടതുമാണ്.

അതുപോലെ, ഭക്തി സര്‍വചരാചരങ്ങളോടുമുള്ള സ്നേഹം കൂടിയാണ്, വിനയവും കരുണയും കൂടിയാണ്. അതിനാല്‍ത്തന്നെ പ്രകൃതിയെ നോവിക്കാത്ത തരത്തിലുള്ളൊരു യാത്ര കൂടിയാവട്ടെ പൊന്നമ്പലമേട്ടിലേക്ക്. 
 

click me!