
സാധാരണയായി എന്തെങ്കിലും പ്രൊജക്ട് വരുമ്പോൾ നല്ല പണം കിട്ടിയാൽ ആളുകൾ തങ്ങളുടെ സ്ഥലം വിൽക്കാറുണ്ട്. ചിലർക്കാവട്ടെ സമ്മർദ്ദം കൊണ്ട് ഒഴിയേണ്ടിയും വരാറുണ്ട്. അതുപോലെ തന്നെയാണ് വലിയ വലിയ വ്യവസായ സ്ഥാപനങ്ങളും മറ്റും വരുമ്പോഴും. എന്നാൽ, ഓസ്ട്രേലിയയിലെ ഒരു കുടുംബം, ചുറ്റിലുമുള്ള എല്ലാവരും തന്നെ ഒരു പ്രൊജക്ടിന് വേണ്ടി തങ്ങളുടെ സ്ഥലം വിൽക്കാൻ തയ്യാറായപ്പോൾ അതിന് തയ്യാറായതേ ഇല്ല. സാമിറ്റ് കുടുംബമാണ് തങ്ങളുടെ മണ്ണിൽ നിന്നും ഇറങ്ങാൻ തയ്യാറാവാതെ ഇരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട വീടും സ്വത്തും ഉപേക്ഷിക്കാൻ അവർ ഒരുക്കമായിരുന്നില്ല.
ഈ വീടിനും പറമ്പിനും ചുറ്റും പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടായി. പ്രൊജക്ട് നിലവിൽ വന്നു. എന്നാൽ, ഇവരുടെ സ്ഥലം മാത്രം അതിൽ നിന്നും വ്യത്യസ്തമായി കിടക്കുകയാണ്. വലിയ ചെക്ക് നിരസിച്ചും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നതിന് ഒരു പ്രാദേശിക റിയൽ എസ്റ്റേറ്റ് ഏജന്റ് ഈ സാമിറ്റ് കുടുംബത്തെ പ്രശംസിച്ചു.
"വളരെ വർഷങ്ങൾക്കും മുമ്പ് തന്നെ മിക്ക ആളുകളും ഇവിടെയുള്ള സ്ഥലം വിറ്റിരുന്നു. എന്നാൽ, ഈ കുടുംബം അവരുടെ സ്വത്ത് അതിലൊന്നും പെടാതെ നിലനിർത്തി. അതിന്റെ എല്ലാ ക്രെഡിറ്റും അവർക്ക് തന്നെയാണ്" റേ വൈറ്റ് ക്വേക്കേഴ്‌സ് ഹിൽ ഏജന്റ്, ടെയ്‌ലർ ബ്രെഡിൻ 7 ന്യൂസിനോട് പറഞ്ഞു. ആ ഭൂമിയിൽ 50 വീടുകൾ വരെ നിർമിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടിക്കണക്കിന് രൂപ വരെ അവർക്ക് കിട്ടിയേനെ എന്നും അദ്ദേഹം പറയുന്നു.
ഈ പ്രോപ്പർട്ടിയിൽ പുൽത്തകിടിയും 200 മീറ്റർ വരുന്ന വലിയ ഡ്രൈവ്‌വേയും ഉണ്ട്. അത് നേരെ വീട്ടിലേക്ക് നയിക്കുന്നു. പ്രോപ്പർട്ടിക്ക് ഒരു വലിയ ഷെഡ്ഡും ഉണ്ട്. കൂടാതെ സിഡ്‌നിയിലെ സിബിഡിയിൽ നിന്ന് ഏകദേശം 40 മിനിറ്റ് ഡ്രൈവ് ചെയ്താൽ മനോഹരമായ ബ്ലൂ മൗണ്ടൻസിന്റെ കാഴ്ചകൾ കാണാം.