ലോക്ക് ഡൗൺ: പ്രകൃതിക്ക് ആശ്വാസം? 200 കിലോമീറ്റർ ദൂരെയുള്ള മലനിരകൾ വീട്ടിലിരുന്ന് കണ്ട് ജനങ്ങൾ

Published : Apr 04, 2020, 11:26 AM ISTUpdated : Apr 04, 2020, 11:40 AM IST
ലോക്ക് ഡൗൺ: പ്രകൃതിക്ക് ആശ്വാസം?  200 കിലോമീറ്റർ ദൂരെയുള്ള മലനിരകൾ വീട്ടിലിരുന്ന് കണ്ട് ജനങ്ങൾ

Synopsis

പഞ്ചാബിലെ ജലന്ധറില്‍ നിന്നും ഹിമാചലിലെ ഈ ധൗലധര്‍ മലനിരകള്‍ കാണാന്‍ കഴിയുന്നത് 30 വര്‍ഷത്തിനുശേഷമാണ്. 30 കൊല്ലത്തിനിടയ്ക്ക് ആദ്യമായാണ് അന്തരീക്ഷ മലിനീകരണം ഇത്രകണ്ട് കുറയുന്നത്. 

ഇന്ത്യയില്‍ ലോക്ക് ഡൗണാണ്. ആളുകളെല്ലാം വീടിനകത്തും. ലോകത്ത് മിക്ക രാജ്യങ്ങളിലും ഇന്ന് ഇതേ അവസ്ഥയാണ് കൊവിഡ് 19 എന്ന മഹാമാരിയെ തടയാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും നിലവില്‍ കാണുന്നുമില്ല. ഏതായാലും ആളുകള്‍ പുറത്തിറങ്ങാതായതോടെ പ്രകൃതിയില്‍ മറ്റ് ജീവജാലങ്ങളും പ്രകൃതി തന്നെയും ഒന്ന് ശ്വാസം വലിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെയില്ലാത്ത തരത്തില്‍ വിവിധ ജീവജാലങ്ങളെ കാണുന്നതും അവയുടെ ശബ്ദം കേള്‍ക്കുന്നതുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായതാണ്. മാത്രവുമല്ല, വാഹനങ്ങളില്‍ നിന്നും വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നുമുള്ള മലിനീകരണവും കുറഞ്ഞു. അത് അന്തരീക്ഷത്തെയും ആകപ്പാടെ ഒന്ന് ജീവനുള്ളതാക്കിയിട്ടുണ്ട്. 

റിപ്പോര്‍ട്ടുകളനുസരിച്ച് വിവിധ നഗരങ്ങളില്‍ മലിനീകരണം വളരെ കുറഞ്ഞ തോതിലാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. അന്തരീക്ഷം പൊതുവെ തെളിഞ്ഞിരിക്കുകയാണ്. അതിനുദാഹരണമാണ് ഹിമാചലിലെ ധൗലധർ മലനിര, പഞ്ചാബിലെ ജലന്ധറിലുള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്നുവെന്നത്. ഓര്‍ക്കണം ജലന്ധറില്‍ നിന്നും 200 കിലോമീറ്ററിനു മുകളില്‍ ദൂരെയാണ് ഈ മലനിരകള്‍. 30 വര്‍ഷത്തിനുശേഷമാണത്രെ ഇങ്ങനെയൊരു കാഴ്ച ജലന്ധറിലെ ജനങ്ങള്‍ കാണുന്നത്. 

'പഞ്ചാബിലെ ജലന്ധറില്‍ നിന്നും ഹിമാചലിലെ ഈ ധൗലധര്‍ മലനിരകള്‍ കാണാന്‍ കഴിയുന്നത് 30 വര്‍ഷത്തിനുശേഷമാണ്. 30 കൊല്ലത്തിനിടയ്ക്ക് ആദ്യമായാണ് അന്തരീക്ഷ മലിനീകരണം ഇത്രകണ്ട് കുറയുന്നത്. ഈ മലനിരകള്‍ ഏകദേശം 200 കിലോമീറ്റര്‍ അകലെയാണ്' എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദയും ട്വിറ്ററില്‍ ആ ചിത്രം ഷെയര്‍ ചെയ്തു. 'എന്തായിരുന്നു പ്രകൃതി, നാമെന്താണ് അതിനോട് ചെയ്തത്' എന്നാണ് സുശാന്ത് നന്ദ ഒപ്പം കുറിച്ചത്. 

'ഹിമാചൽ പ്രദേശിലെ ധൗലധർ പർവതനിരയുടെ മനോഹരമായ കാഴ്ച പഞ്ചാബിലെ ജലന്ധറിലെ എന്റെ വീട്ടിൽ നിന്ന്... ലോക്ക് ഡൗണ്‍ കാരണം വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും മലിനീകരണ തോത് കുറയുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇത് സംഭവിച്ചതെ'ന്നാണ് മറ്റൊരാള്‍ ട്വിറ്ററില്‍ കുറച്ചത്. 

ഇന്ത്യൻ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നായ ലുധിയാന ഈ മാർച്ച് 23 -ന് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായിരുന്നു. ഇതും കാണിക്കുന്നത് അന്തരീക്ഷമലിനീകരണം എത്രത്തോളം കുറഞ്ഞിരിക്കുന്നു എന്നതാണ്. 

മനുഷ്യർ പുറത്തിറങ്ങാതെ വന്നപ്പോഴേക്കും പ്രകൃതിക്കാണ് ആശ്വാസമായത് അല്ലേ? എന്നാൽ, ഇക്കാലത്തെ മനുഷ്യജീവിതത്തിൽ ഇവയൊന്നും ഇല്ലാതെ എത്രത്തോളം നിലനിൽക്കാൻ സാധ്യമാവും എന്ന് പറയാനാവില്ല. പക്ഷെ, ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ വലുതാണ്. അതിൽ കരുണയുണ്ട്, സ്നേഹമുണ്ട്, അതിജീവനവുമുണ്ട്. ഒപ്പം തന്നെ ഈ ലോകം മനുഷ്യരുടേത് മാത്രമല്ല, പ്രകൃതിയും മറ്റെല്ലാ ജീവജാലങ്ങളും അതിന്‍റെ ഏറ്റവും വലിയ കണ്ണികളാണ് എന്ന പാഠം കൂടി നമ്മൾ മനുഷ്യർക്ക് ഉൾക്കൊള്ളാനാകട്ടെ. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?