അന്നത്തെ മഹാമാരി സമയത്ത് രോ​ഗികൾക്കായി ജീവൻ ത്യജിച്ച അമ്മയും മകനും, മറക്കരുതിവരെ

By Web TeamFirst Published Apr 3, 2020, 4:58 PM IST
Highlights

ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലമാണന്ന്. ഭര്‍ത്താവ് ജ്യോതി റാവു ഫൂലെ രൂപം നല്‍കിയ സത്യശോധക് സമാജിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു സാവിത്രി ഫൂലെ. 

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിയുംവിധം അതിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ സര്‍ക്കാരും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതുപോലെ നേരത്തെ ഇന്ത്യയെ പിടിച്ചുകുലുക്കിയ മറ്റൊരു മഹാമാരിയാണ് പ്ലേഗ്. ആ പ്ലേഗ് സമയത്ത് സ്വന്തം ജീവന്‍ നോക്കാതെ സഹായവുമായിറങ്ങി ഒടുവില്‍ അതേ രോഗം ബാധിച്ച് മരിച്ചയാളാണ് സാമൂഹ്യപ്രവര്‍ത്തക സാവിത്രി ഫൂലെ. 

ചരിത്രത്തിലെ തന്നെ അപകടകരമായ മഹാമാരിയായിരുന്നു പ്ലേഗ്. ലോകത്തെയാകെ അത് ഭയപ്പെടുത്തി. എന്തുകൊണ്ട് എന്ന് അറിയാതെ പ്ലേഗ് പടര്‍ന്നുപിടിച്ചു. 1896-97 -ല്‍ ഇന്ത്യയേയും ആ മഹാമാരി കീഴടക്കാനെത്തി. ഓരോ ആഴ്ചയും രണ്ടായിരത്തിനടുത്ത് ആളുകളാണ് രോഗത്തിന് കീഴ്പ്പെട്ടിരുന്നത്. അവിടെയാണ് സാവിത്രി ഫൂലെയെയും മകന്‍ ഡോ. യശ്വന്ത് റാവു ഫൂലെയെയും കുറിച്ചോര്‍ക്കേണ്ടത്. 

പൂനെയുടെ പ്രാന്തപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മകന്‍റെ ക്ലിനിക്കിലേക്ക് പത്തുവയസ്സുമായുള്ള ഒരു കുഞ്ഞിനെയും കയ്യിലേന്തി സാവിത്രി ഫൂലെയെത്തി. ആ കുഞ്ഞ് പ്ലേഗിനെ അതിജീവിച്ചു. പക്ഷേ, ആ കുഞ്ഞിനെപ്പോലെ അനേകം പ്ലേഗ് രോഗികളെ അതിജീവിക്കാന്‍ സഹായിച്ച സാവിത്രി ഫൂലെയെ ഒടുവില്‍ പ്ലേഗ് കീഴടക്കി. 

ജാതിവേര്‍തിരിവും പ്ലേഗും 

ചരിത്രത്തിലെത്തന്നെ ഏറ്റവും കരുത്തുറ്റ സ്ത്രീകളിലൊരാളാണ് സാവിത്രി ഫൂലെ. സാമൂഹ്യ പ്രവര്‍ത്തക, ഇന്ത്യന്‍ ഫെമിനിസത്തിന്‍റെ മാതാവ്, എഴുത്തുകാരി, വിദ്യാഭ്യാസമെത്തിക്കാനായി പ്രയത്നിച്ച സ്ത്രീ... വിശേഷണങ്ങളൊരുപാടുണ്ട് സാവിത്രി ഫൂലെയ്ക്ക്.

ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലമാണന്ന്. ഭര്‍ത്താവ് ജ്യോതി റാവു ഫൂലെ രൂപം നല്‍കിയ സത്യശോധക് സമാജിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു സാവിത്രി ഫൂലെ. അവരുടെ വളര്‍ത്തുപുത്രനായിരുന്നു ഡോ. യശ്വന്തറാവു. യശ്വന്തറാവുവിന് ജന്മം നല്‍കിയത് ബ്രാഹ്മണസ്ത്രീ ആയ കാശിബായി ആയിരുന്നു. എന്നാല്‍, വിധവയായിരുന്ന കാശിബായിയെ അവരുടെ കൂട്ടര്‍ കൊല്ലാന്‍ നോക്കുകയായിരുന്നു. അന്ന് ഫൂലെ ദമ്പതിമാരുടെ അടുത്ത് അവര്‍ അഭയം പ്രാപിച്ചു. പിന്നീട് 1874 -ല്‍ അവരുടെ മകൻ യശ്വന്തറാവുവിനെ ഫൂലെ ദമ്പതികൾ ദത്തെടുത്തു. 

പ്ലേഗ് ഇന്ത്യയിലാകെ പടര്‍ന്നുപിടിച്ചപ്പോള്‍ ഇവിടെ കടുത്ത ജാതിവ്യവസ്ഥ നിലനിന്നിരുന്നു. മാത്രവുമല്ല കോളനിഭരണത്തിലുമായിരുന്നു ഇന്ത്യ. ജാതി വിവേചനമില്ലാതെ ഏതൊരു രോഗിയേയും ചികിത്സിക്കണം എന്ന് ബ്രിട്ടീഷ് കര്‍ശനമായി പറഞ്ഞിരുന്നു. എന്നിട്ടും ബ്രാഹ്മണരായ പല ഡോക്ടർമാരും ദളിതരടക്കമുള്ളവരെ ചികിത്സിക്കാന്‍ കൂട്ടാക്കിയില്ല. 

 

ഈ സാമൂഹ്യാവസ്ഥയെ കുറിച്ച് ബോധ്യമുണ്ടായിരുന്ന സാവിത്രി ഫൂലെ പൂനെയില്‍ മകനും ഡോക്ടറുമായ യശ്വന്തറാവുവിനെയും കൂട്ടി ഒരു ക്ലിനിക്ക് തുടങ്ങി. ജാതിയോ മതമോ ഒന്നും നോക്കാതെ തന്നെ പ്ലേഗ് രോഗികള്‍ക്ക് അവിടെ ചികിത്സ ലഭ്യമായി. അതിന്‍റെ പ്രവര്‍ത്തനങ്ങളിലും രോഗികളെ പരിചരിക്കാനുമെല്ലാം സജീവമായി നിന്നു സാവിത്രി ഫൂലെ. അതിനിടയില്‍ത്തന്നെയാണ് പ്ലേ​ഗ് ബാധിച്ച് അവര്‍ക്ക് ജീവന്‍ നഷ്ടമാകുന്നതും. 1897  മാര്‍ച്ച് 10 -ന് അവര്‍ ഈ ലോകത്തോട് വിട പറഞ്ഞു. അവരുടെ ജീവിതം പോലെത്തന്നെ മരണവും സഹജീവികള്‍ക്ക് വേണ്ടിയായിരുന്നു. 

യശ്വന്തറാവു ആ പ്ലേഗിനെ അതിജീവിച്ചു പിറ്റേവര്‍ഷം സൈനികസേവനമനുഷ്ഠിക്കാനായി പോയ യശ്വന്തറാവു 1905 -ലാണ് പിന്നീട് തിരികെ വന്നത്. അതും വീണ്ടും ബാധിച്ച പകര്‍ച്ച വ്യാധിയെ തുടര്‍ന്നായിരുന്നു. ഇത്തവണയും യശ്വന്താറാവു രോഗികളെ ചികിത്സിച്ചു. പക്ഷേ, 1905 ഒക്ടോബര്‍ 13 -ന് അദ്ദേഹത്തിനും ജീവന്‍ നഷ്ടമായി. 

ഇന്ന് ഈ മഹാമാരിക്ക് പറ്റാവുന്നിടത്തോളം മികച്ച ചികിത്സ ലഭ്യമാക്കാന്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുണ്ട്. ലോകമാകെ ഈ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. എങ്കിലും ഇത്രയൊന്നും വളര്‍ന്നിരുന്നില്ലാത്ത ഒരു കാലത്ത് സാവിത്രി ഫൂലെയെന്ന സാമൂഹ്യ പ്രവര്‍ത്തകയും മകനും ചെയ്ത ത്യാഗം മറന്നുപോകരുത്. 

click me!