
''വേണമെന്ന് വിചാരിച്ചാല്‍, ആര്‍ക്കും ഭാരം കുറയ്ക്കാനാവും, എന്റെ ജീവിതം അതിനുദാഹരണമാണ്.''-പറയുന്നത് ദില്ലി പൊലീസിലെ ഡെപ്യൂട്ടി കമീഷണര്‍ ജിതേന്ദ്ര മണി ത്രിപാഠി. വെറുതെ അങ്ങ് പറഞ്ഞുപോവുകയല്ല, എട്ടു മാസങ്ങള്‍ കൊണ്ട് 46 കിലോ ഭാരം കുറച്ചാണ് അദ്ദേഹം ഇങ്ങനെ ഉപദേശിക്കുന്നത്. കഠിനപ്രയത്‌നത്താല്‍, ശരീരഭാരം കുറച്ച് ഫിറ്റായി മാറിയ ഈ പൊലീസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം പൊലീസ് കമീഷണര്‍ സഞ്ജയ് അറോറ അഭിനന്ദിച്ചിരുന്നു.
എട്ടു മാസം മുമ്പ് 130 കിലോ ഭാരമുണ്ടായിരുന്നു ഈ പൊലീസ് ഉദ്യോഗസ്ഥന്. ഒപ്പം രക്ത സമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിങ്ങനെ നിരവധി ആരോഗ്യ പ്രശ്്‌നങ്ങളും. ആരു കണ്ടാലും ആദ്യം ശ്രദ്ധിക്കുക അദ്ദേഹത്തിന്റെ വണ്ണമായിരുന്നു. എല്ലാവരും അദ്ദേഹത്തോട് തടി കുറയ്ക്കാന്‍ പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെയാണ്, അദ്ദേഹം ശരീരഭാരം കുറയ്ക്കുന്നതിനായി ഒരുങ്ങിയിറങ്ങിയത്. എട്ടു മാസങ്ങള്‍ കൊണ്ട് അതിന്റെ ഫലവും കണ്ടു.
ഇതിനായി അദ്ദേഹം ആദ്യം ചെയ്തത്, തന്റെ ജീവിത ശൈലി തന്നെ മാറ്റുകയായിരുന്നു. എല്ലാ മാസവും നാലര ലക്ഷം സ്‌റ്റെപ്പ് നടക്കാനായിരുന്നു ആദ്യ ശ്രമം. അതു വിജയം കണ്ടു. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ അദ്ദേഹം നടന്നത് 32 ലക്ഷം സ്‌റ്റെപ്പുകളാണ്. അതോടൊപ്പം ഭക്ഷണ രീതിയും അദ്ദേഹം മാറ്റിമറിച്ചു. കാര്‍ബോ ഹൈഡ്രേറ്റ് കൂടിയ ഭക്ഷണം കുറച്ച്, ശരീരഭാരം കുറയ്ക്കാന്‍ സഹായകമായ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഉന്നത ഉദ്യാഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ്ണമായ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.
എന്തായിരുന്നു അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാനെന്ന് നോക്കാം.
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുകയായിരുന്നു ആദ്യപടി. ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റ്‌സ് വെട്ടിക്കുറച്ചു. സാലഡ് ഡയറ്റാണ് അദ്ദേഹം സ്വീകരിച്ചത്. ഉച്ച ഭക്ഷണത്തിനു മുമ്പ് സാലഡ് നിര്‍ബന്ധമാക്കി. ഉച്ച ഭക്ഷണത്തിനു ശേഷമുള്ള സോഫ്റ്റ് ഡ്രിംഗ്‌സ് മതിയാക്കി പകരം ഇളനീരും ബട്ടര്‍മില്‍ക്കും ശീലമാക്കി. ചപ്പാത്തിയും വേവിക്കാത്ത പച്ചക്കറികളുമായിരുന്നു ഉച്ച ഭക്ഷണം. രാത്രിയില്‍ വെജിറ്റബിള്‍ സൂപ്പ് മാത്രം കഴിച്ചു. പിന്നെ ദിവസേന 15000, സ്‌റ്റെപ്പുകള്‍ വീതം നടന്നു.
ഈ ഡയറ്റും നടത്തവും തുടര്‍ന്നതോടെ അദ്ദേഹത്തിന്റെ അരവണ്ണം 12 ഇഞ്ച് കുറഞ്ഞു. കൊളസ്‌ട്രോള്‍ നോര്‍മലായി. എട്ടു മാസങ്ങള്‍ കൊണ്ട് ശരീരഭാരം 130 കിലോയില്‍നിന്നും 84 കിലോയായി കുറച്ചുകൊണ്ടുവന്നു. ഇതോടെ, രക്തസമ്മര്‍ദ്ദം, പ്രമേഹ രോഗങ്ങളും കുറഞ്ഞു.