ഇന്ത്യയിലെയും പാകിസ്ഥാനിലെയും പൗരത്വ നിയമങ്ങൾ, പൗരാവകാശങ്ങൾ എങ്ങനെ ?

By Web TeamFirst Published Dec 19, 2019, 5:24 PM IST
Highlights

എന്താണ് പാകിസ്ഥാനിലെ പൗരത്വനിയമത്തിന്റെ പരിഗണനകൾ? അവിടങ്ങളിലെ മത ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ഭരണഘടനാ പരിരക്ഷകൾ എന്തൊക്കെയാണ്...? 


ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പൗരത്വ നിയമത്തിന് കഴിഞ്ഞ ദിവസം നടപ്പിലാക്കിയ ഭേദഗതിയുടെ പേരിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ ഇപ്പോഴും പുകഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ അടക്കമുള്ള നമ്മുടെ അയൽരാജ്യങ്ങളിൽ പലതും മതാടിസ്ഥാനത്തിൽ ഭരണയന്ത്രം പ്രവർത്തിപ്പിക്കുന്നവയാണ്. എന്താണ് പാകിസ്ഥാനിലെ പൗരത്വനിയമത്തിന്റെ പരിഗണനകൾ? അവിടങ്ങളിലെ മത ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ഭരണഘടനാ പരിരക്ഷകൾ എന്തൊക്കെയാണ്...? 

ഇന്ത്യൻ പാക് ഭരണഘടനകളുടെ ആമുഖങ്ങൾ തമ്മിൽ ഒരു താരതമ്യം 

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത് ഇന്ത്യ ഒരു 'പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ' റിപ്പബ്ലിക് ആണെന്നാണ്. സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ പദങ്ങൾ 1976 -ലെ ഭേദഗതി വഴി പിന്നീട് എഴുതിച്ചേർത്തതാണ്. എന്നാൽ, ലോകത്തിലെ ജർമനി, ബ്രസീൽ അടക്കമുള്ള ഏകദേശം അറുപതോളം രാജ്യങ്ങളുടെ ഭരണഘടനയിൽ ദൈവം എന്ന വാക്ക് കടന്നുവരുന്നുണ്ട്. പാകിസ്ഥാന്റെ ഭരണഘടന തുടങ്ങുന്നതുതന്നെ, ' പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ' എന്നാണ്. പരമശക്തനും പരമാധികാരമുള്ളവനുമായ പ്രപഞ്ചസ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി അതിൽ പരാമർശങ്ങളുണ്ട്. മുസ്ലിം, ഇസ്‌ലാം തുടങ്ങിയ വാക്കുകളും കടന്നുവരുന്നുണ്ട്. ഭരണഘടനയെ ദൈവവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള നീക്കത്തെ അന്നത്തെ അമുസ്ലിം പാർലമെന്റേറിയന്മാർ എതിർക്കാൻ ശ്രമിച്ചിരുന്നു. 

ഇരു രാജ്യങ്ങളിലും പൗരത്വം നൽകുന്നതിനുള്ള നിബന്ധനകൾ 

പാകിസ്ഥാൻ ഒരു ഇസ്ലാമിക രാജ്യമാണെന്നിരിക്കിലും പൗരത്വം നൽകുന്നതിന് മതപരീക്ഷയില്ല. പാകിസ്ഥാന്റെ 1951 -ലെ പൗരത്വ നിയമം ഇന്ത്യയിലെ പൗരത്വ നിയമത്തോട് ഏറെക്കുറെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. അതിന്റെ സെക്ഷൻ 6 പ്രകാരം 1952  ജനുവരി ഒന്നാം തീയതിക്ക് മുമ്പ് പാകിസ്ഥാനിലേക്ക് കുടിയേറിയവരെല്ലാം രാജ്യത്തെ പൗരന്മാരാണ്. അസമിനൊഴിച്ച് ഇന്ത്യയിലെ കട്ട് ഓഫ് തീയതി 1948  ജൂലൈ 19 ആണ്. അസമിന് മാത്രം അത് 1971 മാർച്ച് 26 ആണ്. 2019 -ൾ വന്ന ഭേദഗതി പ്രകാരം 2014 ഡിസംബർ 31 -ന് മുമ്പായി ഇന്ത്യയിലേക്ക് അഭയാർഥികളായി എത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മതന്യൂനപക്ഷങ്ങൾക്കും പൗരത്വം നൽകപ്പെടും. 

ഇന്ത്യൻ നിയമത്തിൽ 1986 ലെ ഭേദഗതി പ്രകാരം കുട്ടികൾക്ക് പൗരത്വം വേണമെന്നുണ്ടെങ്കിൽ,  മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരൻ ആയിരിക്കണം എന്ന് വന്നു. 2003 -ലെ ഭേദഗതി അത് രണ്ടു പേരും പൗരന്മാർ ആയിരിക്കണം അല്ലെങ്കിൽ ഒരാൾ ഇന്ത്യൻ പൗരനും രണ്ടാമത്തെയാൾ നിയമപ്രകാരം കുടിയേറിയ ആളും ആവണം എന്നായി. പാകിസ്ഥാനിൽ കുട്ടിജനിക്കുന്ന സമയത്ത് അച്ഛനമ്മമാരിൽ ഒരാൾ പാകിസ്ഥാനി പൗരൻ ആയാൽ മതി, കുട്ടികൾക്ക് പൗരത്വം കിട്ടും. 

ഇന്ത്യയിലെയും പാകിസ്ഥാനിലെയും മതസ്വാതന്ത്ര്യം 

പാകിസ്ഥാന്റെ ഭരണഘടനയിൽ " മത ന്യൂനപക്ഷങ്ങൾക്ക് സ്വന്തം മതത്തിൽ യഥേഷ്ടം വിശ്വസിക്കാനും, മതം ആചരിക്കാനുമുള്ള സൗകര്യം ചെയ്തു നൽകും" എന്ന് പറയുന്നുണ്ട്. " ന്യൂനപക്ഷങ്ങളുടെയും, പിന്നാക്കവിഭാഗങ്ങളുടെയും ന്യായമായ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടും" എന്നും. എന്നാൽ അതൊന്നും പലപ്പോഴും പ്രായോഗികതലത്തിൽ അത്രകണ്ട് പാലിക്കപ്പെടാറില്ല എന്നുമാത്രം. 

പാകിസ്ഥാനിൽ അവിടത്തെ പൗരന്മാർക്ക് മാത്രമേ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യമുള്ളു. ഇന്ത്യയിൽ അവനവന്റെ മതം ആചരിക്കാൻ ഇന്ത്യൻ പൗരൻ ആവണമെന്നില്ല. ഇന്ത്യൻ മണ്ണിൽ വിദേശ മിഷനറിമാർ അടക്കമുള്ള ആർക്കും അവരവരുടെ മതം പ്രചരിപ്പിക്കാനും, ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടാനുമുള്ള അവകാശമുണ്ട്. 

പാകിസ്ഥാനിലെ പത്ര സ്വാതന്ത്ര്യം 

പാകിസ്ഥാനിൽ   പത്ര സ്വാതന്ത്ര്യം എന്നൊക്കെ കാര്യമായി നിയമത്തിൽ പറയുന്നുണ്ട് എങ്കിലും, അതേ നിയമത്തിന്റെ തന്നെ ഭാഗമായ ഹുദൂദ് ചട്ടങ്ങൾ മതനിന്ദ വധശിക്ഷയർഹിക്കുന കുറ്റമാക്കി മാറ്റിയിട്ടുണ്ട്. അതിന്റെ വ്യാപകമായ ദുരുപയോഗം പലപ്പോഴും വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ളതാണ്. സർക്കാരിനെയോ മത നേതൃത്വത്തെയോ വിമർശിക്കുന്ന വാർത്തകൾ ഒന്നടങ്കം സെൻസർ ചെയ്യപ്പെടും. ഇന്ത്യയിലെ പത്രങ്ങൾക്ക്  പാകിസ്ഥാനെക്കാൾ എത്രയോ അധികം അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ലഭ്യമാണ്. 

പാകിസ്ഥാനിലെ രാഷ്ട്രീയപ്രവർത്തനസ്വാതന്ത്ര്യം 

ജനാധിപത്യത്തെ പരിരക്ഷിക്കാനുള്ള പലതും ഭരണഘടനയിൽ എഴുതി വെച്ചിട്ടുണ്ടെങ്കിലും, അതിനെയൊക്കെ റദ്ദാക്കിക്കൊണ്ടുള്ള പല പട്ടാള അട്ടിമറികളും, അടിയന്തരാവസ്ഥകളും പാകിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. 1977 -ലെ രക്തരൂക്ഷിതമായ ഓപ്പറേഷൻ ഫെയർ പ്ളേ  അടക്കം നാല് പട്ടാള അട്ടിമറികൾക്ക് പാകിസ്ഥാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ടുകാലത്തെ ജനാധിപത്യത്തിൽ, പാതിയും പട്ടാള ഭരണത്തിന്റെ ഇരുളടഞ്ഞ കാലഘട്ടമായിരുന്നു. ഇന്ത്യയിലാണെങ്കിൽ, ആകെ ഒരു പ്രാവശ്യം 1975 - 1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്ത്തിയതൊഴിച്ചാൽ പൂർണ്ണമായും ജനാധിപത്യപരമായ ഭരണമായിരുന്നു നടന്നത്. 

click me!